Google Pay ഉൾപ്പെടെയുള്ള UPI പേയ്മെന്റുകളിലൂടെ ഇന്ന് നിരവധി തട്ടിപ്പുകൾ അരങ്ങേറുന്നുണ്ട്. തിരുവനന്തപുരം ക്ളിഫ്ഹൗസിന് സമീപത്ത് വസ്ത്ര വ്യാപാരം നടത്തുന്ന മൃണാളിനിയാണ് ഇപ്പോൾ ഗൂഗിൾ പേ വഴി Online scam-ന് ഇരയായത്. 10,000 രൂപയാണ് മൃണാളിനിയിൽ നിന്ന് ഇവർ തട്ടിയെടുത്തത്. എന്നാൽ ഓൺലൈൻ തട്ടിപ്പിനെ കുറിച്ച് മൃണാളിനിയ്ക്ക് ഏകദേശ അവബോധമുണ്ടായിരുന്നതിനാൽ കൂടുതൽ സാമ്പത്തിക നഷ്ടം സംഭവിച്ചില്ല.
മൃണാളിനി ഡിസൈൻസിന്റെ ഇൻസ്റ്റഗ്രാം പേജ് വഴി ഓർഡറിനായി ബന്ധപ്പെട്ടവരാണ് GPay തട്ടിപ്പ് നടത്തിയത്. മഹാരാഷ്ട്രയിൽ നിന്ന് വിളിക്കുകയാണെന്ന് പറഞ്ഞ്, ഇവർ 6000 രൂപയുടെ ഓർഡർ നൽകുകയും പണം അയക്കാനായും മൃണാളിനിയിൽ നിന്ന് ഗൂഗിൾ പേ നമ്പർ വാങ്ങുകയും ചെയ്തു. സാധാരണ ഇൻസ്റ്റഗ്രാം പോസ്റ്റ് കണ്ട് ഓർഡർ നൽകുന്നവരെ പോലെ തന്നെയാണ് ഇവർ ബന്ധപ്പെട്ടത്. ശേഷം, ഇവർ മൃണാളിനിയെ വിളിച്ച് അബദ്ധത്തിൽ 16,000 രൂപ അയച്ചുവെന്നും ആ പണം തിരികെ അയക്കാമോയെന്നും ചോദിച്ചു.
16,000 രൂപ അയച്ചതിന്റെ ഗൂഗിൾ പേ സ്ക്രീൻ ഷോട്ടും ഇവർ അയച്ചിരുന്നു. ഒറ്റനോട്ടത്തിൽ ഇത് ശരിക്കുള്ള സ്ക്രീൻ ഷോട്ടെന്ന് തോന്നിക്കുന്നതിനാൽ, മൃണാളിനി ഇവർക്ക് 10000 രൂപ അയച്ചു നൽകി. എന്നാൽ, ഒരു മണിക്കൂറിന് ശേഷം സുഹൃത്തിന്റെ അക്കൗണ്ടിലേക്ക് അയക്കേണ്ട 10,000 രൂപ അറിയാതെ നിങ്ങളുടെ അക്കൗണ്ടിലേക്ക് പേയ്മെന്റ് ചെയ്തുവെന്ന് പറഞ്ഞ് ഇവർ വീണ്ടും വിളിച്ചു.
ഇതിൽ സംശയം തോന്നിയതിനാൽ തിരികെ പണം നൽകാൻ മൃണാളിനി തയ്യാറായില്ല. എന്നാൽ, ശേഷം ഇവർ മൃണാളിനിയെ ബ്ലോക്ക് ചെയ്തുവെന്നും മാത്യഭൂമി ന്യൂസിനോട് വിശദീകരിച്ചു. പിന്നീട് അക്കൗണ്ട് പരിശോധിച്ചപ്പോഴാണ് പണം നഷ്ടമായതെന്നും ബോധ്യമായത്. ഇതേ തുടർന്ന് മ്യൂസിയം പൊലീസ് സ്റ്റേഷനിൽ മൃണാളിനി ഓൺലൈൻ തട്ടിപ്പിന് എതിരെ പരാതി നൽകി.
ഇത്തരത്തിൽ ഗൂഗിൾ പേ സ്ക്രീൻഷോട്ടോ മറ്റോ ആരെങ്കിലും പങ്കുവച്ച് നിങ്ങളിൽ നിന്ന് പണം തട്ടിപ്പ് നടത്തുകയാണെങ്കിൽ വളരെയധികം ശ്രദ്ധിക്കണം. മുമ്പ് നിങ്ങൾ നടത്തിയ ട്രാൻസാക്ഷനുമായി താരതമ്യം ചെയ്ത് ഇത് സത്യമാണോ എന്ന് പരിശോധിക്കുക.
Read More: ഇനി ChatGPT ഔട്ട്! 57 വിഷയങ്ങളിൽ മിടുമിടുക്കനാകും Google Gemini AI
കൂടാതെ, ഇത്തരത്തിൽ ഓൺലൈൻ ഓർഡറുകൾക്കോ ഏതെങ്കിലും കസ്റ്റമർ കെയർ പ്രതിനിധി എന്ന രീതിയിലോ ആരെങ്കിലും ബന്ധപ്പെട്ട് നിങ്ങളുടെ ഫോണിൽ നിന്ന് ഒടിപി ചോദിച്ചാലും യാതൊരു കാരണവശാലും അത് പങ്കുവയ്ക്കരുത്.
ഇടയ്ക്കിടെയെങ്കിലും നിങ്ങളുടെ ഗൂഗിൾ പേ password മാറ്റുന്നതും നല്ലതാണ്.
അതുപോലെ ഏതെങ്കിലും തരത്തിൽ നിങ്ങൾ തട്ടിപ്പിന് ഇരയായെന്ന് ബോധ്യമായാൽ കൂടുതൽ പണം നഷ്ടമാകാതിരിക്കാൻ ആ നമ്പർ ബ്ലോക്ക് ചെയ്യുക. നിങ്ങളുടെ യുപിഐ അക്കൗണ്ടിന്റെ പാസ്കോഡും അടിയന്തരമായി മാറ്റുക. അതുപോലെ ഗൂഗിൾ പേ ഉപയോഗിക്കുന്ന സമയത്ത് ഫോണിൽ വീഡിയോ ഷെയറിങ് പോലുള്ള ഒരു ആപ്ലിക്കേഷനും ഓപ്പൺ ചെയ്തിട്ടില്ല എന്നതും ശ്രദ്ധിക്കേണ്ടതാണ്. കാരണം, ഇത് നിങ്ങളുടെ പേയ്മെന്റ് ആക്ടിവിറ്റി റെക്കോഡ് ചെയ്യുന്നുണ്ടാകും. ഹാക്കർമാരുടെ പക്കൽ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ എത്തിപ്പെടാൻ ഇത് വഴിയാകും.