കേരളത്തിന്റെ പ്രിയപ്പെട്ട കെഎസ്ആർടിസി യാത്രക്കാർക്ക് 1GB Free ഡാറ്റ. അത്യാധുനിക സംവിധാനങ്ങൾ സംസ്ഥാനത്തെ ബസ്സുകളിൽ അവതരിപ്പിച്ചു. ഇക്കൂട്ടത്തിൽ ഒരു ജിബി സൗജന്യ വൈഫൈയുമുണ്ട്. യാത്രയിൽ ഈ വൈഫൈ തീർന്നാൽ, വീണ്ടും ചെറിയ തുക നൽകി ഡാറ്റ ഉപയോഗിക്കാം.
കെഎസ്ആർടിസിയുടെ പുതിയ സൂപ്പർ ഫാസ്റ്റ് പ്രീമിയം എസി ബസ്സുകളിലാണ് ഈ സൗകര്യങ്ങൾ. ഇന്ന് മുതലാണ് ഈ പ്രീമിയം ബസ്സുകൾ നിരത്തിലിറക്കുന്നത്. വൈ-ഫൈ സംവിധാനങ്ങളും എഐ സാങ്കേതിക വിദ്യയും ഉൾപ്പെടെ നിരവധി സൌകര്യങ്ങളുണ്ട്. യാത്രക്കാർക്ക് സുഖകരമായ യാത്ര നൽകുന്നതിലൂടെ, കെഎസ്ആർടിസിയെ നഷ്ടത്തിൽ നിന്ന് കരകയറ്റാമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഒരു ജിബി ഫ്രീ ഡാറ്റയ്ക്ക് ശേഷം ചെറിയ നിരക്കിൽ വീണ്ടും നെറ്റ്. അതുപോലെ ഈ എസി ബസ്സുകളിൽ മൊബൈൽ ചാർജിങ് സംവിധാനവുമുണ്ട്. എല്ലാ സീറ്റിലും മൊബൈൽ ചാർജിങ്ങും ഹോൾഡറും ഘടിപ്പിച്ചിരിക്കുന്നു. യാത്രയ്ക്കിടെ ഇനി എത്രനേരം ഫോൺ ഉപയോഗിച്ചാലും ചാർജ് തീരുമെന്നുള്ള ആശങ്കയും വേണ്ട. ദീർഘദൂര യാത്രികർക്ക് ഇത് വളരെ സൗകര്യകരമാണ്.
ടിക്കറ്റ് മൊബൈൽ ആപ് വഴി മുൻകൂട്ടി റിസർവ് ചെയ്യാമെന്ന് മനോരമ റിപ്പോർട്ട് ചെയ്യുന്നു. ദീർഘദൂര യാത്രക്കാർക്ക് എവിടെ നിന്നും കൺവീനിയൻസ് ചാർജ് നൽകി ബസിൽ യാത്ര ചെയ്യാം.
40 യാത്രക്കാർക്കുള്ള കപ്പാസിറ്റിയിലാണ് KSRTC സൂപ്പർ ഫാസ്റ്റ് പ്രീമിയം എസി ബസ്സുകൾ നിരത്തിലിറക്കുന്നത്. ഇവയിൽ റിക്ലൈനിങ് സൗകര്യമുള്ള സീറ്റുകളുമുണ്ട്. ഒരു ട്രെയിൻ യാത്രയിൽ കിട്ടുന്ന സുഖമമായ സംവിധാനങ്ങളും കേരള സ്റ്റേറ്റ് ബസ്സിലുണ്ട്.
സീറ്റുകൾക്ക് സമീപം ബോട്ടിൽ ഹോൾഡറുകളും, മാഗസിൻ പൗച്ചുമുണ്ട്. കൂടാതെ റീഡിങ് ലാംപ്, സ്ലൈഡിങ് വിൻഡോ, കർട്ടണുകളും ഇതിലുണ്ട്. ടിവി, സിസിടിവി ക്യാമറകളും കൂടാതെ എഐ സാങ്കേതിക വിദ്യയും ബസ്സിൽ സജ്ജീകരിച്ചിരിക്കുന്നു.
ഈ പുതിയ ബസ്സുകൾക്ക് മറ്റ് എസി ബസുകളേക്കാൽ കുറഞ്ഞ നിരക്കായിരിക്കുമുള്ളത്. എന്നാൽ സൂപ്പർ ഫാസ്റ്റ് ബസുകളുടേതിനാക്കാൾ നിരക്ക് കൂടുതലായിരിക്കും. ടാറ്റ മോട്ടോഴ്സ് ആണ് പ്രീമിയം ബസ്സുകൾ നിർമിച്ചിരിക്കുന്നത്. ഈ ബിഎസ്6 ബസ്സുകൾക്ക് 39.6 ലക്ഷം രൂപയാണ് വിലയെന്നാണ് റിപ്പോർട്ട്. ലോ ഫ്ലോർ എസി ബസുകളേക്കാൾ ഇവയുടെ മൈലേജും കൂടുതലാണ്. ചെലവ് കുറഞ്ഞ നാല് സിലിണ്ടർ എഞ്ചിനുകളാണ് ഇവയിൽ ഉപയോഗിച്ചിരിക്കുന്നത്.
എഐ ക്യാമറ അസിസ്റ്റന്റ് ഫീച്ചറുകൾ സൂപ്പർ ഫാസ്റ്റ് ബസ്സിലുണ്ട്. ഇത് യാത്രക്കാരുടെ സുരക്ഷിതത്വം ഉറപ്പാക്കും. ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ ഫീച്ചറും ലഭിക്കുന്നതാണ്. കൂടാതെ ബസ്സിലെ ഡ്രൈവർ മോണിറ്ററിങ് സിസ്റ്റം ഇതിനകം പ്രചാരം നേടിക്കഴിഞ്ഞു.
Read More: BSNL 5G Latest: എപ്പോൾ 5G വരും? Fast നെറ്റ് വൈകില്ല, കേന്ദ്ര ടെലികോം മന്ത്രിയുടെ ഉറപ്പ്