ഇന്ത്യ 5G സ്പീഡിൽ കുതിക്കുകയാണ്. പ്രധാനപ്പെട്ട മിക്ക നഗരങ്ങളിലും ജിയോ, എയർടെൽ ഉൾപ്പെടെയുള്ള ടെലികോം സേവന ദാതാക്കൾ 5ജി (5G) സേവനം ആരംഭിച്ചു കഴിഞ്ഞു. രാജ്യത്തിന്റെ വികസനത്തിനും ഡിജിറ്റൽ ഇന്ത്യ(Digital India)യുടെ കുതിപ്പിനും 5ജി ഉത്തേജനമാകുന്നു. എന്നാൽ ഇതുവരെയും കേരളത്തിൽ 5ജി (5G in Kerala) സേവനം ആരംഭിച്ചിരുന്നില്ല. എങ്കിൽ ഇപ്പോഴിതാ, റിലയൻസ് ജിയോ(Reliance Jio)യുടെ 5ജി സേവനങ്ങൾ (5G services) ഇന്ന് മുതൽ കേരളത്തിൽ ലഭ്യമാകും. കൊച്ചിയിലാണ് ആദ്യം സേവനം ലഭ്യമാകുക. ജിയോ 5Gയുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് ഓൺലൈനായി നിർവഹിക്കും.
ആദ്യഘട്ടത്തിൽ കൊച്ചി കോർപ്പറേഷന്റെ തെരഞ്ഞെടുത്ത പ്രദേശങ്ങളിലാണ് 5ജി ലഭ്യമാക്കുക. പിന്നീട് ബാക്കിയുള്ള പ്രദേശങ്ങളിലേക്കും സേവനം വ്യാപിപ്പിക്കും.
കൊച്ചിയിൽ റിലയൻസ് ജിയോ 130ലേറെ ടവറുകളുടെ നവീകരണം പൂർത്തിയാക്കിയെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. 5ജി സേവനം ലഭ്യമാകുന്ന രാജ്യത്തെ 50 നഗരങ്ങളുടെ പട്ടിക കേന്ദ്ര സര്‍ക്കാര്‍ പുറത്തുവിട്ടിരുന്നു. ഈ പട്ടികയിൽ കേരളത്തില്‍ നിന്ന് ഉൾപ്പെട്ടിരുന്ന ഒരേയൊരു നഗരം കൊച്ചിയാണ്.
ഇക്കഴിഞ്ഞ ഒക്‌ടോബർ മുതൽ രാജ്യത്ത് റിലയൻസ് ജിയോയുടെ 5G സേവനങ്ങൾ പരീക്ഷണാടിസ്ഥാനത്തിൽ നടപ്പിലാക്കിയിരുന്നു. മുംബൈ, ഡൽഹി, കൊൽക്കത്ത നഗരങ്ങളിലായിരുന്നു ജിയോയുടെ 5ജി സേവനങ്ങൾ ലഭ്യമായിട്ടുള്ളത്. പിന്നീട് ഇത് മറ്റ് നഗരങ്ങളിലേക്കും ക്രമേണ വ്യാപിപ്പിച്ചു. കഴിഞ്ഞ ഡിസംബർ മുതൽ രാജ്യത്തെ എല്ലാ മുനിസിപ്പാലിറ്റികളിലും 5ജി സേവനങ്ങൾ ലഭ്യമാക്കുമെന്ന് റിലയൻസ് അറിയിക്കുകയും ചെയ്തു. പാര്‍ലമെന്റ് ചോദ്യോത്തര വേളയ്ക്കിടെ കേന്ദ്ര ടെലികോം മന്ത്രി അശ്വിനി വൈഷ്ണവാണ് ഇന്ത്യയിലെ 5ജി സേവനങ്ങളുടെ വിപുലീകരണത്തെ കുറിച്ച് വിശദീകരിച്ചത്.
അതേ സമയം, ജിയോ തങ്ങളുടെ 5G സേവനം ആരംഭിച്ചത് ഡല്‍ഹി എന്‍സിആര്‍, മുംബൈ, വാരണാസി, കൊല്‍ക്കത്ത, ബെംഗളൂരു, ഹൈദരാബാദ്, ചെന്നൈ, നാഥദ്വാര, പൂനെ, ഗുരുഗ്രാം, നോയിഡ, ഗാസിയാബാദ്, ഫരീദാബാദ് എന്നീ നഗരങ്ങളിലാണ്. എന്നാൽ, ഇന്ത്യയിലെ മറ്റ് പ്രമുഖ ടെലികോം ഓപ്പറേറ്റര്‍മാരായ വോഡഫോണ്‍ ഐഡിയ (വിഐ), ബിഎസ്എന്‍എല്‍ എന്നിവർ ഇതുവരെയും 5ജി സേവനങ്ങള്‍ ആരംഭിച്ചിട്ടില്ല. 2023-ന്റെ തുടക്കത്തില്‍ 4ജി സേവനങ്ങള്‍ ആരംഭിക്കാനാണ് ബിഎസ്എന്‍എൽ പദ്ധതിയിടുന്നത്. 5ജി സേവനങ്ങള്‍ അടുത്ത വർഷം മധ്യത്തോടെയോ അവസാനത്തോടെയോ കമ്പനി അവതരിപ്പിക്കുമെന്നും റിപ്പോർട്ടുകൾ പറയുന്നു.