Money fraud using AI: എഐ സാങ്കേതിക വിദ്യ ഉപയോഗിച്ച് കോഴിക്കോട് പണം തട്ടിയെടുക്കാൻ ശ്രമം

Updated on 18-Jul-2023
HIGHLIGHTS

ആദ്യമായിട്ടാണ് കേരളത്തിൽ ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് ഉപയോഗിച്ചുള്ള തട്ടിപ്പ് റിപ്പോർട്ട് ചെയ്യുന്നത്

കോഴിക്കോട് സ്വദേശി രാധാകൃഷ്‌ണനായിരുന്നു പണം നഷ്ടപ്പെട്ടത്

തട്ടിപ്പുകാരൻ ഡീപ് ഫെയ്ക് ടെക്നോളജി ഉപയോഗിച്ചാണ് സുഹൃത്തിന്റെ മുഖം നിർമ്മിച്ചെടുത്തത്

ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സിന്റെ സഹായത്താൽ വീഡിയോ കോൾ വഴി കോഴിക്കോട് പണം തട്ടിയ സംഭവത്തിൽ നഷ്ടപ്പെട്ട 40,000 രൂപ കേരളാ പൊലീസിന്റെ സൈബർ വിഭാഗം തിരിച്ചു പിടിച്ചു. ആദ്യമായിട്ടാണ് കേരളത്തിൽ ഇത്തരത്തിൽ ഒരു തട്ടിപ്പ് റിപ്പോർട്ട് ചെയ്യുന്നത്. കോഴിക്കോട് സ്വദേശി രാധാകൃഷ്‌ണനായിരുന്നു പണം നഷ്ടപ്പെട്ടത് എന്നാണ് മാതൃഭൂമി റിപ്പോർട്ട് ചെയ്യുന്നത്. എഐ സഹായത്തോടെയാണ് രാധാകൃഷ്‌ണന്റെ സുഹൃത്ത് എന്ന വ്യാജേന വാട്സ്ആപ്പില‍ൂടെ വീഡിയോ കോൾ ചെയ്തത്. രാധാകൃഷ്ണനോടൊപ്പം ആന്ധ്ര പ്രദേശിൽ ജോലി ചെയ്തിരുന്ന സുഹൃത്തിന്റെ മുഖം നിർമ്മിച്ചായിരുന്നു തട്ടിപ്പ് നടത്താനൊരുങ്ങിയത് എന്ന് മാതൃഭൂമി റിപ്പോർട്ടിൽ പറയുന്നു. താൻ ദുബായിൽ ആണെന്നും ബന്ധുവിന്റെ ചികിത്സക്കായി പണം വേണമെന്നും ആവശ്യപ്പെട്ടായിരുന്നു തട്ടിപ്പ്.

ആദ്യം 40,000 രൂപ നേടിയതിന് ശേഷം വീണ്ടും 35,000 രൂപ ആവശ്യപ്പെട്ടപ്പോഴാണ് രാധാകൃഷ്ണന് സംശയം തോന്നിയത്. അപ്പോൾ തന്നെ യഥാർത്ഥ സുഹൃത്തുമായി ബന്ധപ്പെട്ടപ്പോഴാണ് താൻ വ‍ഞ്ചിക്കപ്പെട്ട വിവരം രാധകൃഷ്ണൻ തിരിച്ചറിഞ്ഞത്. ഉടൻ തന്നെ ഇക്കാര്യം പൊലീസിനെ അറിയിക്കുകയും ചെയ്‌തു. രജിസ്റ്റർ ചെയ്ത പരാതിയുടെ അടിസ്ഥാനത്തിൽ രാധാകൃഷ്ണന് നഷ്ടപ്പെട്ട മുഴുവൻ തുകയും തിരിച്ചുപിടിച്ചതായി കേരളാ പൊലീസിന്റെ സൈബർ വിഭാഗം അറിയിച്ചു. സംഭവത്തെ തുടർന്ന് പരിചയമില്ലാത്ത വീഡിയോ, ഓഡിയോ കോളിലൂടെ സാമ്പത്തിക സഹായ അഭ്യർത്ഥന നടത്തിയാൽ ഇത്തരം കോളുകൾ ഒഴിവാക്കണം എന്ന് പൊലീസ് അറിയിച്ചു. ഇത്തരം തട്ടിപ്പുകളിൽ പെട്ടാൽ കേരളാ സൈബർ ഹെൽപ് ലൈൻ നമ്പരായ 1930ൽ ബന്ധപ്പെടണമെന്നും പൊലീസ് പറഞ്ഞു.

ഡീപ് ഫെയ്ക് ടെക്നോളജി ഉപയോഗിച്ചാണ് സുഹൃത്തിന്റെ മുഖം നിർമ്മിച്ചെടുത്തത്

ഈ മാസം 9ന് ആയിരുന്നു വാർത്തക്ക് ആസ്പദമായ സംഭവം നടന്നത് എന്ന് മാതൃഭൂമി റിപ്പോർട്ട് ചെയ്യുന്നു. കോള്‍ ഇന്ത്യാ ലിമിറ്റഡില്‍ നിന്നും വിരമിച്ച ജീവനക്കാരനായിരുന്നു രാധാകൃഷ്ണൻ. തട്ടിപ്പുകാരൻ ഡീപ് ഫെയ്ക് ടെക്നോളജി ഉപയോഗിച്ചാണ് സുഹൃത്തിന്റെ മുഖം നിർമ്മിച്ചെടുത്തത് എന്നാണ് പൊലീസിന്റെ നിഗമനം. ഹൈദരബാദിലെ അക്കൗണ്ടിലേക്കായിരുന്നു പണം എത്തിയത്. ഇതേ നമ്പറിൽ നിന്ന് രാത്രി പലവട്ടം രാധാകൃഷ്ണന് വാട്സ്ആപ്പ് കോൾ വന്നിരുന്നു. എന്നാൽ നെറ്റ് ഓഫ് ആയതിനാൽ സംഭവം അറിഞ്ഞിരുന്നില്ല. പിറ്റേ ദിവസം നേരം വെളുത്തതിന് ശേഷം നെറ്റ് ഓൺ ചെയ്തപ്പോഴാണ് തട്ടിപ്പുകാരന്റെ മിസ്കോളും ഇയാൾ അയച്ച മെസ്സേജുകളും രാധാകൃഷ്ണൻ കണ്ടത്. ഇതോടെ തിരിച്ചുവിളിച്ച് സംസാരിക്കുകയായിരുന്നു.

മുഖം വ്യാജമായി നിർ‌മിച്ചുള്ള തട്ടിപ്പ് ആദ്യമായാണ് റിപ്പോർട്ട് ചെയ്യുന്നത്

വിഡിയോയിൽ വന്ന മുഖവും സംസാരവും സുഹൃത്തിന്റേതു തന്നെയാണെന്നും, കണ്ണും പുരികവും ചുണ്ടും എല്ലാം വ്യക്തതയോടെ ചലിക്കുന്നുണ്ടായിരുന്നു എന്നും രാധാകൃഷ്ണൻ പൊലീസിനോട് പറഞ്ഞു. സുഹൃത്തിന്റെ അതേ ശബ്ദമായിരുന്നു വിളിച്ച തട്ടിപ്പുകാരനെന്നും പരാതിക്കാരൻ കൂട്ടിച്ചേർത്തു. പരിചയക്കാരുടെ ശബ്ദം അനുകരിച്ചു ഫോണിൽ വിളിച്ചു തട്ടിപ്പു നടത്തിയ സംഭവങ്ങൾ നിരവധി തവണ റിപ്പോർട്ട് ചെയ്തിട്ടുണ്ടെങ്കിലും മുഖം വ്യാജമായി നിർ‌മിച്ചുള്ള തട്ടിപ്പ് ആദ്യമായാണ് റിപ്പോർട്ട് ചെയ്യുന്നത്. എഐ വളരെ അപകടം പിടിച്ച സാങ്കേതിക വിദ്യയാണെന്ന് മുമ്പം പല വിദ​ഗ്ദരും അഭിപ്രായപ്പെട്ടിരുന്നു. വരും കാലങ്ങളിൽ പെൺകുട്ടികളും സെലിബ്രറ്റികളും ഏറ്റവും ഭയത്തേടെ കാണേണ്ട ഒരു സാങ്കിതിക വിദ്യയാണ് ഇതെന്നും നിരവധി പേര് അഭിപ്രായപ്പെട്ടിരുന്നു. പുതിയ സംഭവത്തോടെ എല്ലാവരും ജാ​ഗ്രത പാലിക്കണമെന്ന് പൊലീസ് അറിയിച്ചു.

Connect On :