എത്രയൊക്കെ ടെക്നിക്കുകൾ വന്നിട്ടും മാൻഹോളുകളിലിറങ്ങി മനുഷ്യന്റെ മാലിന്യം നീക്കം ചെയ്യുന്നതിന് ഒരു പകരക്കാരനെ കണ്ടെത്താൻ Technologyക്ക് സാധിച്ചിട്ടില്ല. എന്നാൽ, മാൻഹോളുകൾ വൃത്തിയാക്കാൻ റോബോട്ടുകളെ ഉപയോഗിക്കാനാകുമോ എന്ന ചർച്ച പല തവണ ഉയർന്നുവന്നിട്ടുണ്ട്. എന്തിലും മനുഷ്യനേക്കാൾ കേമനായ Robotകൾക്ക് മാൻഹോൾ ക്ലീനിങ് സാധിക്കുമെന്നതാണ് ഉത്തരം. ഇങ്ങനെ, ഏത് മാൻഹോളുകളും വൃത്തിയാക്കുന്നതിന് റോബോട്ടുകളെ ഉപയോഗിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ സംസ്ഥാനമെന്ന നേട്ടമിനി കേരളത്തിന് സ്വന്തം. തോട്ടിപ്പണിക്ക് ഉപയോഗിക്കാവുന്ന ലോകത്തിലെ ആദ്യ റോബോട്ടിക് സ്കാവഞ്ചർ കൂടിയാണെന്നതും മറ്റൊരു സവിശേഷത.
മാൻഹോളുകളിൽ മനുഷ്യനിറങ്ങി പണിയെടുക്കേണ്ട അവസ്ഥ ഇന്ത്യയുടെ ഭീകരമായ ഒരു യാഥാർഥ്യമാണ്. ഇതിലൂടെ തൊഴിലാളികൾക്ക് പല ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകുന്നു. എന്നാൽ, മാൻഹോളുകൾ വൃത്തിയാക്കാനും മലിനജലം ശുദ്ധീകരിക്കാനും ബാൻഡികൂട്ട് എന്ന റോബോട്ടിക് സ്കാവെഞ്ചറിന് സാധിക്കും. ടെക്നോ പാർക്ക് സ്റ്റാർട്ട് അപ്പ് സംരംഭമായ ജെൻറോബോട്ടിക്സാണ് Bandicoot എന്ന റോബോട്ടിക് മെഷീൻ വികസിപ്പിച്ചെടുത്തത്. എവിടേക്കും കൊണ്ടുപോകാവുന്ന പോർട്ടബിലിറ്റി ഫീച്ചറുള്ള റോബാട്ടാണിത്. മനുഷ്യൻ വൃത്തിയാക്കുന്നതിനേക്കാൾ കൂടുതൽ നന്നായി Bandicoot ശുചിയാക്കും.
ഗുരുവായൂരിലാണ് Bandicootന്റെ ഉദ്ഘാടനം നടന്നത്. മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം നിർവഹിച്ചു. നിലവിലുള്ള എല്ലാ അഴുക്കുചാലുകളും വൃത്തിയാക്കാൻ റോബോട്ടിക് മെഷീൻ ഉപയോഗിക്കാനാണ് കേരള സർക്കാർ തീരുമാനിച്ചിരിക്കുന്നത്.
ബാൻഡികൂട്ടിന് രണ്ട് വിഭാഗങ്ങളുണ്ട്-ഒരു സ്റ്റാൻഡും ഒരു റോബോട്ടിക് ഡ്രോൺ യൂണിറ്റുമാണ് ഒന്നാമത്തേത്. രണ്ടാമത്തേത് വാട്ടർപ്രൂഫ് ആണ്. ഈ ഭാഗങ്ങൾ ഉപയോഗിച്ച് മലിനജലം നീക്കം ചെയ്യാൻ മാൻഹോളിൽ പ്രവേശിക്കുന്നു. ഹാനികരമായ വാതകങ്ങൾ കണ്ടെത്തുന്നതിനുള്ള സെൻസറുകളും പാറകൾ, മണൽ, ചെളി, ചെളി തുടങ്ങിയ നീക്കം ചെയ്യുന്നതിനുള്ള സംവിധാനവുമുണ്ട്. കൂടാതെ എച്ച്ഡി ക്യാമറകളും ഈ റോബോട്ടിൽ സജ്ജീകരിച്ചിരിക്കുന്നു. ഒരു സമയം 10 മീറ്റർ വരെ മുങ്ങാനും 125 കിലോ വരെ ഉയരാനും Bandicootന് സാധിക്കും.
ഗുരുവായൂരിൽ പദ്ധതി ആരംഭിച്ചതോടെ മനുഷ്യൻ മാൻഹോൾ ശുചീകരിക്കുന്നത് പൂർണമായും അവസാനിച്ചുവെന്ന് മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടന ചടങ്ങിൽ പറഞ്ഞു. മാൻഹോളുകൾ വൃത്തിയാക്കാൻ റോബോട്ടിക് സ്‌കാവഞ്ചറുകൾ ഉപയോഗിക്കുന്ന രാജ്യത്തെ ആദ്യ സംസ്ഥാനമായി കേരളം മാറിയെന്നും അദ്ദേഹം എടുത്തുപറഞ്ഞു. ഇത് പകർച്ചവ്യാധികളുടെ വ്യാപനവും അവ മൂലമുണ്ടാകുന്ന ഗുരുതരമായ ആരോഗ്യ വെല്ലുവിളികളും തടയാൻ സഹായിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.