സാധാരണക്കാരുടെ പ്രതീക്ഷകൾക്ക് പുത്തൻ ഉണർവേകി കെ ഫോൺ

സാധാരണക്കാരുടെ പ്രതീക്ഷകൾക്ക് പുത്തൻ ഉണർവേകി കെ ഫോൺ
HIGHLIGHTS

കെ-ഫോൺ പദ്ധതി ഒടുവിൽ യാഥാർഥ്യമായി

പാവങ്ങൾക്ക് സൗജന്യ ഇന്റർനെറ്റും മറ്റുള്ളവർക്ക് കുറഞ്ഞ നിരക്കിലും ഇന്റർനെറ്റ് നൽകുക

സാങ്കേതിക സാമൂഹിക മേഖലകളിൽ പുത്തൻ ഉണർവ് സൃഷ്ടിക്കാൻ കെ-ഫോണിന് സാധിക്കും

എല്ലാവർക്കും ഇന്റർനെറ്റ് എന്ന സ്വപ്നവുമായി, പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സർക്കാർ 2017 ൽ പ്രഖ്യാപിച്ച കെ-ഫോൺ പദ്ധതി ഒടുവിൽ യാഥാർഥ്യമായിരിക്കുന്നു. പതിവ് സർക്കാർപദ്ധതികൾ പോലെ കെ-ഫോണും (K-FON) അ‌കാലത്തിൽ പൊലിഞ്ഞു എന്നുള്ള വാദങ്ങൾ ഉയർന്ന ഘട്ടത്തിൽ, പിണറായി വിജയന്റെ നേതൃത്വത്തിലുള്ള കേരള സർക്കാർ പ്രഖ്യാപിച്ച ഏറ്റവും മികച്ച പദ്ധതികളിൽ ഒന്നാണ് കെ-ഫോണെന്നും അ‌ത് യാഥാർഥ്യമാകേണ്ടത് നാടിന്റെ വളർച്ചയ്ക്ക് അ‌നിവാര്യമാണെന്നും ഇന്നല്ലെങ്കിൽ നാളെ അ‌ത് നടപ്പാകുമെന്നും നാം പ്രതീക്ഷ പ്രകടിപ്പിച്ചിരുന്നു.

സാധാരണക്കാരുടെ പ്രതീക്ഷകൾക്ക് ചിറകേറി കെ-ഫോൺ

ഒരുപാട് സാധാരണക്കാരുടെ പ്രതീക്ഷകൾക്ക് ഡാറ്റ വേഗം പകർന്നുകൊണ്ട് ഒടുവിൽ സർക്കാർ കെ-ഫോൺ (K-FON)  യാഥാർഥ്യമാക്കിയപ്പോൾ പാവപ്പെട്ട കുടുംബങ്ങളിലെ യുവതലമുറയ്ക്ക് പുത്തൻ സാധ്യതകൾ കൂടിയാണ് തെളിഞ്ഞിരിക്കുന്നത്. ഇന്റർനെറ്റ് എന്നത് ഓരോ ദിവസം കഴിയുന്തോറും മനുഷ്യന്റെ ഏറ്റവും അ‌ടിസ്ഥാന ആവശ്യങ്ങളിൽ ​ഒന്നായി മാറിക്കൊണ്ടിരിക്കുകയാണ്. ഇന്റർനെറ്റിന്റെ പ്രാധാന്യം തിരിച്ചറിഞ്ഞ് സംസ്ഥാനത്തെ അ‌ർഹരായ എല്ലാവർക്കും ഇന്റർനെറ്റ് എത്തിക്കുക എന്നത് സർക്കാരിന്റെ കടമയാണ് എന്ന് വളരെ നേരത്തെ തിരിച്ചറിയാൻ കഴിഞ്ഞു എന്നിടത്താണ് പിണറായി വിജയൻ സർക്കാരിന്റെ ​ആദ്യ വിജയം

കേരളത്തിലെ എല്ലാ വീടുകളിലേക്കും ബ്രോഡ്ബാൻഡ് ഇന്റർനെറ്റ് എത്തിക്കാൻ ലക്ഷ്യമിട്ടുള്ള കേരള ഫൈബർ ഒപ്റ്റിക് നെറ്റ്​വർക്ക് എന്ന കെ-ഫോൺ എല്ലാ പ്രതിസന്ധികളെയും അ‌തിജീവിച്ച് പരിസ്ഥിതി ദിനമായ ജൂൺ 5ന് യാഥാർഥ്യമായിരിക്കുകയാണ്. കേരളത്തിന്റെ സാങ്കേതിക മേഖലയിലും സാമൂഹിക പരിതസ്ഥിതിയിലും ഉണർവ് സൃഷ്ടിക്കാൻ കെ-ഫോണിന് സാധിക്കും.

കെഫോൺ (K-FON) എന്ന കേരള മോഡലിന്റെ പ്രത്യേകതകൾ 

കെഫോൺ (K-FON) എന്ന കേരള മോഡലുമായി പിണറായി സർക്കാർ കടന്നുവരുമ്പോൾ അ‌തിന് ഒരുപാട് പ്രത്യേകതകളുണ്ട്. രാജ്യത്ത് ആദ്യമായിട്ടാകും ഒരു സംസ്ഥാനസർക്കാർ ജനക്ഷേമം മുൻനിർത്തി നേരിട്ട് ഇൻർനെറ്റ് ​സേവന വിതരണത്തിലേക്ക് കടക്കുന്നത്. ആദ്യഘട്ടത്തിൽ മുപ്പതിനായിരം സർക്കാർ സ്ഥാപനങ്ങളിലും 14000 വീടുകളിലും ഇന്റർനെറ്റ് ലഭ്യമാക്കാൻ കെഫോൺ (K-FON) ലക്ഷ്യമിടുന്നു. പാവങ്ങൾക്ക് സൗജന്യ ഇന്റർനെറ്റും മറ്റുള്ളവർക്ക് കോർപ്പറേറ്റുകളുടെ നിരക്കിനെക്കാൾ കുറഞ്ഞ നിരക്കിലും ഇന്റർനെറ്റ് നൽകുക എന്നതാണ് കെ-ഫോണി (K-FON) ന്റെ പ്രഖ്യാപിത ഉദ്ദേശങ്ങളിലൊന്ന്. 

സ്വകാര്യ സേവന ദാതാക്കൾ എത്തിപ്പെടാത്ത ഇടങ്ങളിലെല്ലാം സാന്നിധ്യം അ‌റിയിക്കുന്ന ബൃഹത്തായ നെറ്റ്​വർക്കാണ് കെഫോൺ (K-FON) സ്ഥാപിക്കുക. അ‌തിലൂടെ വേർതിരിവില്ലാതെ എല്ലാവരിലേക്കും ഇന്റർനെറ്റ് എത്തിക്കാമെന്ന് സർക്കാർ കണക്കുകൂട്ടുന്നു.കെഎസ്ഇബിയും (കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ്) കെഎസ്‌ഐടിഐഎലും ചേർന്ന് നടപ്പാക്കുന്ന കെ-ഫോൺ K-FON പദ്ധതിക്ക് 2022 ജൂ​ലൈയിലാണ് അടിസ്ഥാന സൗകര്യ സേവനങ്ങൾ നൽകുന്നതിനാവശ്യമായ ഇൻഫ്രാസ്ട്രക്ചർ പ്രൊവൈഡർ കാറ്റഗറി 1 ലൈസൻസ് ലഭിച്ചത്. പിന്നീട് ഇന്റർനെറ്റ് സർവീസ് പ്രൊവൈഡർ ലൈസൻസും ലഭിച്ചു.

2000 സൗജന്യ വൈഫൈ സ്പോട്ടുകളും കെഫോണ്‍ സജ്ജമാക്കുന്നുണ്ട്

പാവങ്ങൾക്ക് സൗജന്യ ഇന്റർനെറ്റ് എത്തിക്കുന്നതിന് പുറമേ പൊതുജനങ്ങൾക്കായി 2000 സൗജന്യ വൈഫൈ സ്പോട്ടുകളും സര്‍ക്കാര്‍ ഓഫീസുകളില്‍ സേവനങ്ങള്‍ക്കായി എത്തുന്നവര്‍ക്ക് സൗജന്യമായും മിതമായ നിരക്കിലും ഉപയോഗിക്കാവുന്ന വൈഫൈ നെറ്റ്​വർക്കും കെഫോണ്‍ സജ്ജമാക്കുന്നുണ്ട്. വിവിധ സേവന ദാതാക്കള്‍ക്ക് ടെലികോം സേവനങ്ങള്‍ നല്‍കുന്നതിനായി കെ ഫോണ്‍ ഫൈബര്‍ നെറ്റ്​വർക്ക് പ്രയോജനപ്പെടുത്താനാവും.

Nisana Nazeer
Digit.in
Logo
Digit.in
Logo