ഇന്ന് OTT പ്ലാറ്റ്ഫോമുകളും ആപ്പുകളും വലിയ വിപണി സാധ്യത തുറക്കുന്ന സാഹചര്യത്തിൽ വെറുതെ ഗാലറിയിലിരുന്ന് കളി കാണാൻ തയ്യാറല്ല അംബാനി. Subscription ഉണ്ടെങ്കിൽ IPL കാണാം എന്ന സ്ഥിതിയിൽ നിന്ന് ഇന്ത്യക്കാർക്ക് ഫ്രീയായി ഡിജിറ്റൽ സ്ട്രീമിങ് അനുവദിച്ച് IPL 2023 കൊഴുപ്പിക്കുകയായിരുന്നു JioCinema. ജിയോസിനിമയിൽ ഇന്ത്യൻ പ്രീമിയർ ലീഗ് കാണണമെങ്കിൽ ജിയോക്കാരാകണമെന്നില്ല എന്നൊരുറപ്പും റിലയൻസ് നൽകി.
ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറി (Disney+ Hotstar)ന് നഷ്ടമായ IPLന് പിന്നാലെ, രണ്ട് മാസം മുമ്പ് കമ്പനി നിർത്തലാക്കിയ HBO പരിപാടികളെയും ഏറ്റെടുത്തിരിക്കുകയാണ് സാക്ഷാൽ അംബാനി. റിലയൻസിന്റെ ബ്രോഡ്കാസ്റ്റിങ് വിഭാഗമായ വയാകോം 18, വാർണർ ബ്രദേഴ്സുമായി അതിപ്രധാനമായ കരാറിലേർപ്പെട്ടു എന്നതാണ് ഏറ്റവും പുതിയ വാർത്ത. ഇതിലൂടെ HBO, Max Original, Warner Bros എന്നിവയിലെ പരിപാടികൾ ഇനി മുതൽ ഡിസ്നിയിലല്ല, പകരം JioCinemaയിൽ സ്ട്രീം ചെയ്യും. ഇന്ത്യയിൽ അടുത്ത മാസം മുതലായിരിക്കും ഇത് ലഭ്യമാകുക എന്നും പ്രമുഖ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
HBO പരിപാടികൾ സ്ട്രീം ചെയ്യുന്നത് നിർത്തലാക്കുന്നുവെന്ന് ഡിസ്നി + ഹോട്ട്‌സ്റ്റാർ പ്രഖ്യാപിച്ച് ഏകദേശം രണ്ട് മാസത്തിന് ശേഷമാണ് JioCinemaയുടെ ഏറ്റെടുക്കൽ പ്രഖ്യാപനം. അതിനാൽ തന്നെ ഗെയിം ഓഫ് ത്രോൺസ്, ഹൗസ് ഓഫ് ദി ഡ്രാഗൺ, സക്‌സെഷൻ, ദി വൈറ്റ് ലോട്ടസ് തുടങ്ങിയ ജനപ്രിയ ഷോകൾ ഇനി ജിയോസിനിമയിൽ ആസ്വദിക്കാം.
ഇതുകൂടാതെ, Warner Bros ചിത്രങ്ങളും, ഹാരി പോട്ടർ, ലോർഡ് ഓഫ് ദ റിംഗ്സ് പോലുള്ള പ്രമുഖ പരിപാടികളും JioCinemaയിൽ സമീപഭാവിയിൽ തന്നെ ലഭ്യമാകുമെന്നും റിപ്പോർട്ടുകൾ പറയുന്നു. അങ്ങനെയെങ്കിൽ ISLലൂടെയും IPLലൂടെയും കൂടുതൽ ജനപ്രിയമായ ജിയോസിനിമ ഇന്ത്യയിലെ മുൻനിര OTT പ്ലാറ്റ്ഫോമാകുമെന്നതിൽ സംശയമില്ല.