Jio മസ്കുമായി ബന്ധം സ്ഥാപിക്കാൻ ഒരുങ്ങുന്നു: എന്തിന്?

Updated on 25-May-2023
HIGHLIGHTS

ജിയോ തങ്ങളുടെ ശൃംഖല വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി അന്താരാഷ്ട്ര കമ്പനികളുമായും ബന്ധം സ്ഥാപിക്കാൻ ഒരുങ്ങുന്നു

Jio ടെസ്‌ലയുടെ തലവൻ ഇലോൺ മസ്കുമായി ചർച്ചയിലാണെന്ന് റിപ്പോർട്ടുകൾ

ഇന്ത്യയുടെ ടെലികോം മേഖല അടക്കിവാഴാനുള്ള ഒരുക്കത്തിലാണ് Reliance Jio. 5G സേവനങ്ങളിലൂടെ ജിയോ ഒരുപാട് മുന്നോട്ട് കുതിച്ചിരിക്കുകയാണ്. വിഐയും BSNLഉം 4Gയിൽ ഇഴയുന്നതിനാൽ പലരും തങ്ങളുടെ സിം പോർട്ട് ചെയ്ത് ജിയോയെ തെരഞ്ഞെടുത്തു. കൂടുതൽ വാലിഡിറ്റി ഉള്ള പ്ലാനുകളും റീചാർജ് ഓപ്ഷനുകളും നൽകുന്നു എന്നതും ജിയോയിലേക്ക് വരിക്കാരെ ആകർഷിക്കുന്നുണ്ട്.

എന്നാൽ പുതിയ വാർത്ത എന്തെന്നാൽ ജിയോ തങ്ങളുടെ ശൃംഖല വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി അന്താരാഷ്ട്ര കമ്പനികളുമായും ബന്ധം സ്ഥാപിക്കാൻ ഒരുങ്ങുന്നു എന്നാണ്. ടെലികോം മേഖലയും കടന്ന് ജിയോ ഇലക്‌ട്രിക് വെഹിക്കിൾ (EV) കമ്പനിയുമായി പങ്കുചേരാൻ ശ്രമിക്കുകയാണെന്നും, ഇതിനെ തുടർന്ന് Jio ടെസ്‌ലയുടെ തലവൻ ഇലോൺ മസ്കുമായി ചർച്ചയിലാണെന്നുമാണ് കിംവദന്തികൾ.

ക്യാപ്റ്റീവ് പ്രൈവറ്റ് നെറ്റ്‌വർക്ക് നിർമിക്കുന്നതിനാണ് ജിയോയുടെ നീക്കം. ഇതിലൂടെ, സ്വകാര്യ 5G നെറ്റ്‌വർക്കുകൾക്ക് ടെലികോം സേവന ദാതാവിൽ നിന്ന് സേവനങ്ങൾ സ്വീകരിക്കുന്നതിന് പകരം സ്വന്തം വൈ-ഫൈ, ഡാറ്റ നെറ്റ്‌വർക്ക് എന്നിവ ക്രമീകരിക്കാൻ സാധിക്കുന്നതാണ്. എന്തായാലുംഇതുവരെ ഇരു കമ്പനികളുടെ ഭാഗത്ത് നിന്നും സ്ഥിരീകരണം ഒന്നും വന്നിട്ടില്ല.

വൈദ്യുത വാഹന മേഖലയിലേക്കുള്ള പ്രവർത്തനങ്ങൾക്കായി Jioയും ടെസ്‌ലയും തമ്മിലുള്ള ചർച്ചകൾ നിലവിൽ പുരോഗമിക്കുകയാണെന്ന് ഫിനാൻഷ്യൽ എക്‌സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു. എന്നിരുന്നാലും, ഇന്ത്യയിൽ ഒരു നിർമാണ യൂണിറ്റ് സ്ഥാപിക്കുന്നതിനുള്ള പദ്ധതികളുമായി ടെസ്‌ല മുന്നോട്ട് വന്നാൽ മാത്രമേ ഇത് സാധ്യമാകൂ എന്നും പറയുന്നുണ്ട്.ഇങ്ങനെയൊരു സൌഹൃദം സാധ്യമാക്കിയാൽ ക്യാപ്റ്റീവ് പ്രൈവറ്റ് നെറ്റ്‌വർക്ക് വഴി പല പ്രവർത്തനങ്ങളും അതിവേഗമാക്കാൻ സാധിക്കുന്നു.

5Gയും EVയും ബന്ധമെന്ത്?

ഓട്ടോമൊബൈൽ, ഹെൽത്ത് കെയർ, മാനുഫാക്ചറിങ് തുടങ്ങി നിരവധി മേഖലകളിൽ 5G Technology ഉപയോഗിക്കുന്നുണ്ട്. ഇന്ത്യയിൽ ആദ്യമായല്ല ക്യാപ്റ്റീവ് പ്രൈവറ്റ് 5G നെറ്റ്‌വർക്ക് സ്ഥാപിക്കുന്നത്. 2022 ഡിസംബറിൽ എയർടെൽ ഇതിന് തുടക്കം കുറിച്ചിരുന്നു. ഐടി സേവന സ്ഥാപനമായ ടെക് മഹീന്ദ്രയുമായി സഹകരിച്ച് മഹീന്ദ്ര ആൻഡ് മഹീന്ദ്രയുടെ സംവിധാനത്തിലാണ് അന്ന് എയർടെൽ പ്രൈവറ്റ് 5G നെറ്റ്‌വർക്ക് വിന്യസിച്ചത്. ഇങ്ങനെ Airtelന്റെ 5G രാജ്യത്തെ ആദ്യത്തെ 5G പ്രവർത്തനക്ഷമമാക്കിയ വാഹന നിർമാണ യൂണിറ്റെന്ന പേരെടുത്തു. എന്നാൽ Tesla ഇതാദ്യമായാണ് ഇന്ത്യയിലേക്ക് ഒരു നിർമാണ യൂണിറ്റുമായി കടന്നുവരുന്നതെന്ന് ശ്രദ്ധിക്കേണ്ടതാണ്. 

5G സ്റ്റാൻഡ്‌എലോൺ (SA) നെറ്റ്‌വർക്കാണ് ജിയോയുടെ പദ്ധതിയിലുള്ളത്. എയർടെലാകട്ടെ 5G നോൺ-സ്റ്റാൻഡലോൺ (NSA) നെറ്റ്‌വർക്കാണ് കൊണ്ടുവരുന്നത്. എങ്കിലും ഇവയെല്ലാം പ്രാബല്യത്തിൽ വരാൻ ഇനിയും മാസങ്ങളെടുക്കുമെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. 

Anju M U

She love to connect you to the latest Technology News and updates. Specialised in topics like Technology, Film and Travel.

Connect On :