കൊച്ചി, ഗുരുവായൂർ എന്നിവിടങ്ങളിലാണ് നിലവിൽ ജിയോ 5ജി ലഭിക്കുക.
ജിയോ ട്രൂ 5ജി മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി ഉദ്ഘാടനം ചെയ്തു.
ഈ മാസം അവസാനം തിരുവനന്തപുരത്തും 5ജി സേവനം ലഭ്യമാകും.
കേരളവും ഇനി 5G കുതിപ്പിൽ. സംസ്ഥാനത്തെ ആദ്യത്തെ 5G സേവനം (first 5G service in Kerala) കൊച്ചി (Kochi) നഗരത്തിലും ഗുരുവായൂർ (Guruvayur) ക്ഷേത്ര പരിസരത്തും ആരംഭിച്ചു. കേരളത്തിലെ റിലയൻസ് ജിയോ ട്രൂ 5ജി സേവനം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി ഉദ്ഘാടനം ചെയ്തു. കൊച്ചിയിൽ സംഘടിപ്പിച്ച പരിപാടിയിൽ മുഖ്യമന്ത്രി വെർച്വലായി പങ്കെടുത്തു.
കൊച്ചിയും ഗുരുവായൂരും ഇനി 5Gയിൽ
കൊച്ചിയിലെയും ഗുരുവായൂരിലെയും ജിയോ (Jio) ഉപയോക്താക്കൾക്ക് പരീക്ഷണാടിസ്ഥാനത്തിൽ 5ജി നെറ്റ്‌വർക്ക് ലഭ്യമാകും. അധിക തുക ഈടാക്കാതെ 1GBps+ വരെയുള്ള 5G വേഗത ലഭ്യമാക്കാൻ ജിയോ വെൽക്കം ഓഫറിൽ പങ്കുചേരാനുള്ള ഓപ്ഷനും ഉപയോക്താക്കൾക്ക് നൽകും. ഡൽഹി, ഗുരുഗ്രാം, ഫരീദാബാദ്, ഗാസിയാബാദ്, മുംബൈ, കൊൽക്കത്ത, വാരാണസി, ചെന്നൈ, ബെംഗളൂരു, ഹൈദരാബാദ്, പൂനെ, നാഥ്ദ്വാര എന്നിവയുൾപ്പെടെ 12 നഗരങ്ങളിൽ ജിയോ ട്രൂ 5ജി ഇതിനകം ലഭ്യമാണ്. കേരളത്തിൽ ജിയോയുടെ ട്രൂ 5ജി സേവനം ആരംഭിക്കുന്നതിൽ സന്തോഷമുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. 5G സേവനങ്ങൾ ദീർഘകാലാടിസ്ഥാനത്തിൽ കേരളത്തിലെ ജനജീവിതത്തിൽ കാര്യമായ മാറ്റങ്ങളും നേട്ടങ്ങളും കൊണ്ടുവരും.
കേരളത്തിൽ 5G നെറ്റ്‌വർക്ക് വിന്യസിക്കുന്നതിനായി ജിയോ 6000 കോടിയിലധികം രൂപ നിക്ഷേപിച്ചിട്ടുണ്ട്. കൂടാതെ, ഈ മാസം അവസാനത്തോടെ ജിയോയുടെ 5ജി സേവനം തിരുവനന്തപുരത്തും ആരംഭിക്കും. തുടർന്ന് 2023 ജനുവരിയോടെ തൃശൂർ, കോഴിക്കോട്, മലപ്പുറം എന്നിവിടങ്ങളിലും 5G കൊണ്ടുവരും. 2023 ഡിസംബറോടെ കേരളത്തിലെ എല്ലാ താലൂക്കുകളിലും ജിയോയുടെ 5G സേവനങ്ങൾ ലഭ്യമാകുമെന്നും അധികൃതർ അറിയിച്ചു. കൊച്ചിയിലും കേരളത്തിലെ ഗുരുവായൂർ ക്ഷേത്രത്തിലും ജിയോ ട്രൂ 5ജി ആരംഭിക്കുന്നതിൽ സന്തോഷമുള്ളതായി ജിയോ പ്രതിനിധി ചടങ്ങിൽ പറഞ്ഞു. താമസിയാതെ, ജിയോ ട്രൂ 5G നെറ്റ്‌വർക്ക് കേരളത്തിലുടനീളം വ്യാപിക്കും. ജിയോ മാത്രമാണ് സംസ്ഥാനത്ത് നിലവിലുള്ള 5G നെറ്റ്‌വർക്ക്.
ജിയോ 5Gയിലേക്ക് മാറാൻ…
ജിയോ ഉപയോക്താക്കൾ 5Gയ്ക്കായി സിം കാർഡ് മാറ്റേണ്ടതില്ല. 5G പിന്തുണയ്ക്കുന്ന ഫോൺ ഉണ്ടെങ്കിൽ അതിവേഗ ഇന്റർനെറ്റ് നിങ്ങൾക്കും ലഭ്യമാകും. ഇതിന് പോസ്റ്റ്പെയ്ഡ് കണക്ഷനോ അടിസ്ഥാന പ്രീപെയ്ഡ് പ്ലാൻ ആയ 239 രൂപയോ അതിനു മുകളിലുള്ള പ്ലാനോ റീചാർജ് ചെയ്തിരിക്കണം.
5G എങ്ങനെ കണക്ട് ചെയ്യാം?
ഘട്ടം 1- നിങ്ങളുടെ ഫോണിന്റെ സെറ്റിങ്സിലേക്ക് പോകുക
ഘട്ടം 2- ഇവിടെ മൊബൈൽ നെറ്റ്‌വർക്ക് ഓപ്ഷൻ തെരഞ്ഞെടുത്ത് അതിൽ ടാപ്പ് ചെയ്യുക
ഘട്ടം 3- നിങ്ങളുടെ ഫോണിൽ രണ്ട് സിമ്മുകളാണ് പ്രവർത്തിക്കുന്നതെങ്കിൽ, ജിയോ സിം തെരഞ്ഞെടുക്കുക. തുടർന്ന് 'Preferred network type' ഓപ്ഷനിൽ ടാപ്പ് ചെയ്യുക
ഘട്ടം 4- ഇവിടെ 5G തെരഞ്ഞെടുക്കുക. ഇങ്ങനെ നിങ്ങളുടെ ഫോണിൽ 5ജി സെറ്റ് ചെയ്യാം.
She loves to connect you to the latest Technology News and updates. Covering latest film releases in OTT and Malayalam movie news. Specialised in topics like Technology, Film and Travel.