ഇന്ത്യയുടെ ഇന്റർനെറ്റ് വിനിയോഗത്തിൽ Reliance Jio നിർണായക പങ്ക് വഹിച്ചിട്ടുണ്ട്. ഇനി ഹൈ- സ്പീഡ് ഇന്റർനെറ്റിനും ജിയോ തങ്ങളുടെ പുതിയ പോരാളിയെ എത്തിക്കുകയാണ്. കഴിഞ്ഞ വർഷം റിലയൻസ് ഇൻഡസ്ട്രീസിന്റെ വാർഷിക പൊതുയോഗത്തിൽ വച്ച് പ്രഖ്യാപിച്ച Jio AirFiber വലിയ ജനശ്രദ്ധ നേടിയിരുന്നു. എന്നാൽ എന്നാണ് ഈ ഉൽപ്പന്നം വിപണിയിലെത്തുക എന്നതായിരുന്നു എല്ലാവരുടെയും സംശയം.
ബ്രോഡ്‌ബാൻഡ് കണക്ഷൻ ഹൈ സ്പീഡ് ആക്കുക മാത്രമല്ല, കൊണ്ടുനടക്കാവുന്ന ഒരു 5G ഹോട്ട്സ്പോട്ടാണ് Jioയുടെ ഈ എയർഫൈബർ. വീടുകൾക്കും ഓഫീസുകൾക്കുമെല്ലാം ഒരുപോലെ സേവനം ലഭിക്കുന്ന ജിയോ എയർഫൈബർ 1.5 Gbps വരെ വേഗതയിൽ ഇന്റർനെറ്റ് സേവനം നൽകുന്നു. ഹൈ ഡെഫനിഷൻ വീഡിയോകൾ സ്ട്രീം ചെയ്യാനും തടസ്സമില്ലാത്ത വീഡിയോ കോൺഫറൻസിങ് അനുഭവങ്ങൾക്കും ഓൺലൈൻ ഗെയിമിങ്ങിനുമെല്ലാം ഇണങ്ങിയ Jio airfiberനോട് എന്താണ് ഇത്ര ആകാംക്ഷയെന്നാണോ?
എവിടെയും എടുത്തുകൊണ്ട് പോകാവുന്ന ഒരു വയർലെസ് ഇന്റർനെറ്റ് സേവനമാണിത്. Wi-Fi 6നെ ഇത് സപ്പോർട്ട് ചെയ്യുന്നു. കൂടാതെ, ജിയോ എയർഫൈബറിന് ഒരു സംയോജിത സുരക്ഷാ ഫയർവാളുമുണ്ട്.
സാധാരണ ഇന്റർനെറ്റ് സേവനങ്ങളിൽ നിന്ന് വ്യത്യസ്തമായി 5G സാങ്കേതികവിദ്യയാണ് റിലയൻസ് Jio airfiberൽ ഉൾപ്പെടുത്തിയിരിക്കുന്നത്. പരമ്പരാഗത ഫൈബർ-ഒപ്റ്റിക് കണക്ഷനുകളുടെ വേഗത ഈ വയർലെസ് കണക്ഷനിലും ലഭ്യമാണ്. മറ്റ് Wi-Fi കണക്ഷനുകളിൽ നിന്ന് വ്യത്യസ്തമായി, ജിയോ എയർഫൈബറിനെ പ്രവർത്തിപ്പിക്കേണ്ടതും സിമ്പിളാണ്. കാരണം, ഇത് പ്ലഗ് ഇൻ ചെയ്ത് ഓണാക്കിയാൽ മാത്രം മതി.
കാത്തിരിപ്പിന് ഒടുവിൽ നാളെ, സെപ്തംബർ 19നാണ് JioAirFiber സേവനം ആരംഭിക്കുന്നത്. ഇന്ത്യയുടെ കണക്റ്റിവിറ്റിയ്ക്ക് ആവേഗം നൽകുന്ന Reliance Jioയുടെ ഈ പുതുപുത്തൻ സേവനവും എന്തായാലും ഇന്റർനെറ്റ് ലോകത്ത് ഒരു വിപ്ലവം തന്നെയായിരിക്കും.