അലക്സാ… മടി കൂടിയാൽ രക്ഷിക്കാൻ അലക്സയുണ്ടല്ലോ. എന്തിനും ഏതിനും അലക്സയോട് ഒന്ന് ആജ്ഞാപിച്ചാൽ മതി, സംഭവം അനുനിമിഷം നിങ്ങൾക്കായി സെറ്റാക്കിയിരിക്കും അലക്സ എന്ന വോയിസ് VI.
5 വർഷം മുമ്പാണ് ആമസോൺ തങ്ങളുടെ ഉപഭോക്താക്കളെ ആകർഷിക്കാൻ അലക്‌സ അവതരിപ്പിച്ചത്. ഫാൻ ഓണാക്കാനും പാട്ട് വയ്ക്കാനുമെല്ലാം അലക്സയുണ്ട്. കൂടാതെ, എന്ത് ചോദിച്ചാലും ഉത്തരം നൽകാനും സഹായിക്കുന്ന ഒരു ബുദ്ധിമാനായ സ്പീക്കറാണ് അലക്‌സ (Alexa).
ശരിക്കും എന്തെങ്കിലും സംശയം വന്നാൽ മാത്രമല്ലല്ലോ പലരും അലക്സയോട് ചോദ്യം ചോദിക്കുന്നത്. വെറുതെ സമയം കളയാൻ അലക്സയോട് കുശലം ചോദിക്കാലോ. ഇത്തരത്തിൽ തമാശയോടെ ചോദ്യങ്ങൾ ചോദിക്കാൻ ഇന്ത്യക്കാർ വളരെ മുന്നിലാണ്.
ഈ കടന്നുപോയ വർഷം ഇന്ത്യയിലെ അലക്സ യൂസേഴ്സ് അലക്‌സയോട് ചോദിച്ച വിചിത്രവും തമാശയും നിറഞ്ഞ ചോദ്യങ്ങളാണ് ഇപ്പോൾ വൈറലാവുന്നത്.
ഒരു ഉപയോക്താവ് അലക്‌സയോട് കുളിക്കണോ വേണ്ടയോ എന്നാണ് ചോദിച്ചത്. മറ്റൊരാൾ അലക്‌സയുടെ ഭർത്താവിനെ കുറിച്ച് ചോദിച്ചു. ചില ഉപയോക്താക്കളാകട്ടെ അലക്‌സയോട് പ്രേതങ്ങളെ കുറിച്ചും അലക്‌സ അമാനുഷിക ശക്തിയിൽ വിശ്വസിക്കുന്നുണ്ടോയെന്നും സംശയമുന്നയിച്ചു.
ഇനിയും രസമുള്ളത് മറ്റ് ചില ചോദ്യങ്ങളാണ്. പാപ്പരാസികളെ പോലെ പല Alexa usersഉം സൽമാൻ ഖാൻ എപ്പോൾ വിവാഹിതനാകുമെന്നും, സൽമാൻ ഖാന് ഗേൾ ഫ്രെണ്ട് ഉണ്ടോയെന്നും ചോദിക്കുന്നു. എന്തിനേറെ ആലിയ ഭട്ടിന് ഇപ്പോൾ എത്രയാണ് വയസ്സെന്ന് തുടങ്ങി നീളുന്നു ചിലരുടെ സംശയങ്ങൾ. ഇതിലെല്ലാം മികച്ചുനിൽക്കുന്ന രസകരമായ ചോദ്യമാണ് ഇന്റർനെറ്റിൽ വൈറലാവുന്നത്. അവ എന്തെന്നാൽ,
'അലക്സാ നിങ്ങളുടെ ടൂത്ത് പേസ്റ്റിൽ ഉപ്പുണ്ടോ?'
'അലക്സാ, എന്തിനാണ് കട്ടപ്പ ബാഹുബലിയെ കൊന്നത്?'
'അലക്സാ, പശു പച്ച പുല്ല് തിന്നുന്നു, പിന്നെ എന്തിനാണ് വെളുത്ത പാൽ നൽകുന്നത്?'
ഇതിന് പുറമെ, പൊതുവിജ്ഞാന ചോദ്യങ്ങളും അലക്സയോട് ചോദിക്കുന്നുണ്ട്. ഉദാഹരണത്തിന്, ബുർജ് ഖലീഫയുടെ ഉയരം, എലോൺ മസ്‌കിന്റെ ആസ്തി, സ്വർണ വില പോലുള്ളവ. ഇതിനെല്ലാം പുറമെ, പാചക റെസിപ്പികൾക്ക് യൂട്യൂബിനെ ആശ്രയിക്കുന്ന ഇന്നത്തെ ഇന്ത്യക്കാർ ചായ ഉണ്ടാക്കുന്നത് മുതൽ ചിക്കൻ ബിരിയാണി തയ്യാറാക്കുന്നത് എങ്ങനെയാണെന്നതിൽ വരെ Alexaയോട് സഹായം അഭ്യർഥിച്ചിട്ടുണ്ട്.