ആപ്പ് സ്റ്റോറിന് പുറത്തുള്ള ആപ്പുകൾക്ക് ഐഒഎസി(iOS)ലേക്ക് വഴിതുറക്കാൻ ആപ്പിൾ ജീവനക്കാർ പ്രവർത്തിച്ചുവരുന്നതായി റിപ്പോർട്ട്. സുരക്ഷ മുൻനിർത്തിയാണ് മറ്റ് ആപ്പ് സ്റ്റോറുകളെ ഐഒഎസിൽ നിന്ന് ആപ്പിൾ അകറ്റി നിർത്തിയത്. ഐഒഎസ് 17(iOS 17)അപ്ഡേറ്റിലൂടെ ആപ്പ് സൈഡ്‌ലോഡിങ് അനുവദിച്ചേക്കാമെന്നാണ് റിപ്പോർട്ട്.
ഈ വർഷം ജൂണിൽ ആപ്പിൾ ഡിവൈസുകൾക്കുള്ള ഒഎസിന്റെ പുതിയ അപ്ഡേഷനായ ഐഒഎസ് 17(iOS 17) പുറത്തിറക്കുന്നുണ്ട്. ഈ അപ്ഡേഷന്റെ ഫീച്ചറുകളുടെ കൂട്ടത്തിൽ ആപ്പ് സൈഡ്ലോഡിങ്ങുമുണ്ട് എന്നാണ് റിപ്പോർട്ട്. നിലവിൽ ഐഒഎസ്(iOS) ഡിവൈസുകളിൽ ആപ്പിളിന്റെ സ്വന്തം ആപ്പ് സ്റ്റോറിന് പുറത്തുനിന്നുള്ള ആപ്പുകൾ ഔദ്യോഗികമായ രീതികളിൽ ഇൻസ്റ്റാൾ ചെയ്യാൻ സാധിക്കില്ല.
എന്നാൽ ഈ രീതി തുടരാനാവില്ലെന്നും തേർഡ് പാർട്ടി ആപ്പ് സ്റ്റോറുകളിൽനിന്നുള്ള ആപ്പുകളും ഐഒഎസി(iOS)ൽ ഇൻസ്റ്റാൾ ചെയ്യാൻ അനുവദിക്കണമെന്നും യൂറോപ്യൻ യൂണിയന്റെ പുതിയ നിയമമായ ഡിജിറ്റൽ മാർക്കറ്റ് ആക്ട് (DMA) നിർദേശിക്കുന്നു. ഡിജിറ്റൽ ഗേറ്റ് കീപ്പർമാർ എന്ന് വിളിക്കപ്പെടുന്ന ആപ്പിളിനെപ്പോലുള്ള ടെക് കമ്പനികൾ തുറന്നവിപണി ഉറപ്പാക്കണമെന്നാണ് യൂറോപ്യൻ യൂണിയന്റെ വാദം.
ആപ്പ് സ്റ്റോറുകൾ തെരഞ്ഞെടുക്കാനുള്ള അവകാശം ഉപയോക്താക്കൾക്ക് വിട്ടു നൽകണം എന്നാണ് നിയമത്തിലൂടെ യൂറോപ്യൻ യൂണിയൻ വ്യക്തമാക്കിയിരിക്കുന്നത്. അതേസമയം ഈ വിഷയത്തിൽ നടപടി സ്വീകരിക്കാൻ 2024 വരെ ആപ്പിളിന് സമയം നൽകിയിട്ടുണ്ട്. എങ്കിലും ഐഒഎസ് 17 (iOS 17) ന്റെ റിലീസിനൊപ്പം തന്നെ മാറ്റങ്ങൾ കൊണ്ടുവരാൻ ആപ്പിൾ തയാറെടുത്തിരിക്കുകയാണ്.
ഐഒഎസി(iOS)ൽ പ്രവർത്തിക്കുന്ന ആപ്പുകൾ ആപ്പ് സ്റ്റോറിൽനിന്ന് മാത്രമേ ഡൗൺലോഡ് ചെയ്യാൻ സാധിക്കൂ എന്നത് ഉപയോക്താക്കളെ പോലെ ആപ്പ് ഡെവലപ്പർമാരെയും ഏറെ വലച്ചിരുന്നു. ആപ്പ് സ്റ്റോറിൽ ആപ്പുകൾ എടുക്കണമെങ്കിൽ ആപ്പിളിന് 30 ശതമാനം കമ്മീഷനും ലാഭവിഹിതവും നൽകണം എന്നതാണ് ആപ്പ് ഡെവലപ്പർമാരെ വലച്ചിരുന്നത്. തങ്ങളുടെ ആപ്പുകൾ ഉപയോക്താക്കളിലേക്ക് എത്തിക്കാൻ മറ്റ് മാർഗങ്ങൾ ഇല്ലാതിരുന്നതിനാൽ ഡെവലപ്പർ കമ്പനികളും കമ്മീഷൻ നൽകിയാണ് മുന്നോട്ട് പോയിരുന്നത്. എന്നാൽ ചിലർ പരാതിപ്പെടാൻ തയാറായി. അതിന്റെ ഫലമായിക്കൂടിയാണ് യൂറോപ്യൻ യൂണിയൻ ഈ തീരുമാനം എത്തിയിരിക്കുന്നത്. ഇത് ഇന്ത്യയിലെ ടെക്ക് ലോകത്ത് പ്രവർത്തിക്കുന്ന കമ്പനികൾക്കും ഏറെ ഗുണം ചെയ്യും.
ഐഒഎസി(iOS)ൽ ആപ്പ് സൈഡ്ലോഡിങ് അനുവദിക്കുന്നത് യൂറോപ്പിന്റെ പരിധിയിൽ വരുന്ന രാജ്യങ്ങളിൽ മാത്രം നടപ്പാക്കാനും മറ്റെല്ലാ പ്രദേശങ്ങളിലും നിലവിലെ നയം നിലനിർത്താനും ആപ്പിൾ ശ്രമിച്ചേക്കുമെന്ന് റിപ്പോർട്ടുണ്ട്. അങ്ങനെ സംഭവിച്ചാൽ ഇന്ത്യ അടക്കം യൂറോപ്യൻ യൂണിയന് പുറത്തുള്ള മറ്റ് രാജ്യങ്ങളിൽ ആപ്പ് സൈഡ്ലോഡിങ് സാധ്യമാകില്ല. അത്തരമൊരു നീക്കവുമായി മുന്നോട്ടുപോയാൽ ആപ്പിളിനെതിരേ കോമ്പറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യ (CCI)യെ സമീപിക്കാനാണ് ഇന്ത്യയിലെ ആപ്പ് ഡെവലപ്പിങ് കമ്പനികൾ തീരുമാനിച്ചിരിക്കുന്നത്. ഇതിനോടകം തന്നെ അന്യായമായി കമ്മീഷൻ ഇടാക്കിയതിനും ആപ്പുകളുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളുടെ പേരിലും ആപ്പിൾ ഇന്ത്യയിൽ അന്വേഷണം നേരിടുന്നുണ്ട് എന്നാണ് വിവരം.
ആപ്പ് സൈഡ്ലോഡിങ് സംബന്ധിച്ച റിപ്പോർട്ടുകൾ പുറത്തുവന്നതോടെ ഇത്തവണത്തെ ഐഒഎസ് അപ്ഡേഷന്റെ അവതരണം കൂടുതൽ ശ്രദ്ധപിടിച്ചുപറ്റിയിരിക്കുകയാണ്. ആപ്പിൾ മാറ്റം കൊണ്ടുവരുമോ എന്നതും എല്ലാ രാജ്യങ്ങളിലേക്കും എത്തുമോ എന്നതുമാണ് ആകാംക്ഷ സൃഷ്ടിക്കുന്നത്. എല്ലാ വർഷവും ജൂണിൽ ആണ് പുതിയ ഐഒഎസ് പതിപ്പുകളുടെ ആദ്യ ഡെവലപ്പർ ബീറ്റ ആപ്പിൾ അവതരിപ്പിക്കുന്നത്.
പഴയ ഡിവൈസുകളിൽ ഐഒഎസ് 17 സപ്പോർട്ട് ചെയ്യില്ല. അതിനാൽ പുതിയ ഐഒഎസ് 17 അപ്ഡേഷൻ സാധ്യമാകുമെന്ന് പ്രതീക്ഷിക്കുന്ന ഡിവൈസുകൾ ഇവയാണ്: ഐഫോൺ എക്സ്എസ്, ഐഫോൺ എക്സ്എസ് മാക്സ്, ഐഫോൺ എക്സ്ആർ, ഐഫോൺ 11, ഐഫോൺ 11 പ്രോ, ഐഫോൺ 11 പ്രോ മാക്സ്. ഐഫോൺ 12 മിനി, ഐഫോൺ 12, ഐഫോൺ 12 പ്രോ, ഐഫോൺ 12 പ്രോ മാക്സ്, ഐഫോൺ 13 മിനി, ഐഫോൺ 13, ഐഫോൺ 13 പ്രോ, ഐഫോൺ 13 പ്രോ മാക്സ്, ഐഫോൺ 14, ഐഫോൺ 14 പ്ലസ്, ഐഫോൺ 14 പ്രോ, ഐഫോൺ 14 പ്രോ മാക്സ്.