ആപ്പിൾ കഴിഞ്ഞ ദിവസം നടന്ന WWDC 2023ൽ വച്ച് കമ്പനിയുടെ ഏറ്റവും പുതിയ ഒഎസ് അപ്ഡേറ്റ് പുറത്തിറക്കി. ഐഒഎസ് 17 (iOS 17) ആണ് കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. പുത്തൻ സവിശേഷതകളോടെയാണ് iOS 17 എത്തിയിരിക്കുന്നത്. പുതിയ ജേണൽ ആപ്പ്, വോയ്‌സ്‌മെയിലിന്റെ ലൈവ് ട്രാൻസലേഷൻ, ഓഫ്‌ലൈൻ മാപ്പ്സ് തുടങ്ങിയ ഫീച്ചറുകളാണ് ഐഫോൺ ഒഎസ് അപ്ഡേറ്റിൽ കൊണ്ടുവരുന്നത്.
2023ൽ തന്നെ ഐഫോണുകളിലേക്കുള്ള അപ്‌ഡേറ്റ് ആപ്പിൾ പുറത്തിറക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഐഫോൺ 15 സീരീസ് ഏറ്റവും പുതിയ സോഫ്‌റ്റ്‌വെയറുമായിട്ടായിരിക്കും പുറത്തിറങ്ങുന്നത്. ഈ ഡിവൈസുകൾ വന്നതിന് ശേഷം മുൻതലമുറ ഫോണുകൾക്ക് iOS 17 അപ്ഡേറ്റ് ലഭിക്കും.
ഏറ്റവും പുതിയ iOS പതിപ്പിൽ ലൈവ് ട്രാൻസ്‌ക്രിപ്‌ഷനോടുകൂടിയ ഒരു പുതിയ ലൈവ് വോയ്‌സ്‌മെയിൽ ഫീച്ചർ ആപ്പിൾ കൊണ്ടുവന്നിട്ടുണ്ട്. ഇതിലൂടെ റെക്കോർഡിങ്ങുകളുടെ ലൈവ് ട്രാൻസ്ക്രിപ്ഷൻ ലഭിക്കും. ഫേസ്‌ടൈമിൽ ഉപയോഗപ്രദമായ ഒരു ഫീച്ചറും iOS 17ൽ ഉണ്ട്. ആരെങ്കിലും മിസ് കോൾ ചെയ്താൽ വീഡിയോ മെസേജുകൾ അയക്കാനുള്ള ഫീച്ചറാണ് ഇത്. സെർച്ച് ഫിൽട്ടറുകൾ നൽകികൊണ്ട് ഐമെസേജസ് അപ്ഡേറ്റ് ചെയ്തിട്ടുമുണ്ട്.
ഓഡിയോ മെസേജുകളും ഓട്ടോമാറ്റിക്കായി ട്രാൻസ്‌ക്രൈബ് ചെയ്യപ്പെടും എന്നതാണ് iOS 17ന്റെ മറ്റൊരു സവിശേഷത. ഐമെസേജ് ആപ്പിലേക്ക് പുതിയ ലൊക്കേഷൻ ഷെയറിങ് ഫീച്ചറും കമ്പനി നൽകിയിട്ടുണ്ട്. റീ ഡിസൈൻ ചെയ്ത ഐമെസേജ് ആപ്പിലൂടെ ഹൈഡിങ് ആപ്പുകൾ, + ബട്ടണിനു പിന്നിലായി ക്യാമറ എന്നിവയും നൽകിയിട്ടുണ്ട്. iOS 17ൽ വന്നിരിക്കുന്ന മറ്റൊരു പ്രധാന സവിശേഷത ഇനി മുതൽ ഓഫ്‌ലൈൻ മോഡിലും മാപ്പുകൾ ഉപയോഗിക്കാൻ കഴിയും എന്നതാണ്.
ഐഫോൺ ഉപയോക്താക്കൾക്ക് ഇനി മുതൽ ഏതൊരു ഫോട്ടോയിൽ നിന്നും സ്റ്റിക്കറുകൾ ക്രിയേറ്റ് ചെയ്യാനും സാധിക്കും. മോഷൻ ഫോട്ടോകൾ ഉപയോഗിച്ച് ലൈവ് സ്റ്റിക്കറുകൾ നിർമ്മിക്കാനുള്ള ഫീച്ചറും iOS 17ൽ നൽകിയിട്ടുണ്ട്. എയർഡ്രോപ്പിലും മാറ്റങ്ങൾ വരുത്തിയാണ് iOS 17 വരുന്നത്. എയർഡ്രോപ്പ് ഉപയോഗിച്ച് ഇനി മുതൽ ഫോൺ നമ്പർ കൈമാറാം. നമ്പറും ഇമെയിൽ അഡ്രസും ഷെയർ ചെയ്യാൻ ഇതിലൂടെ സാധിക്കും.
ഐഫോൺ എക്സ്എസ്, ഐഫോൺ എക്സ്എസ് മാക്സ്, ഐഫോൺ എക്സ്ആർ, ഐഫോൺ 11, ഐഫോൺ 11 പ്രോ സീരീസ്, ഐഫോൺ 12 സീരീസ്, ഐഫോൺ 12 പ്രോ സീരീസ്, ഐഫോൺ 13 സീരീസ്, ഐഫോൺ 13 പ്രോ സീരീസ്, ഐഫോൺ 14 സീരീസ്, ഐഫോൺ 14 പ്രോ സീരീസ് എന്നിവയിലെല്ലാം പുതിയ iOS 17 സോഫ്‌റ്റ്‌വെയർ അപ്‌ഡേറ്റ് ലഭിക്കും. ഐഫോൺ 6എ, ഐഫോൺ 6എസ് പ്ലസ്, ഐഫോൺ 7, ഐഫോൺ 7 പ്ലസ്, ഒറിജിനൽ ഐഫോൺ എസ്ഇ മോഡൽ, ഫൈനൽ ഐപോഡ് ടച്ച്, 2th ജെൻ ഐപാഡ് എയർ, 4th ജെൻതലമുറ ഐപാഡ് മിനി തുടങ്ങിയ ഡിവൈസുകൾക്കുള്ള അപ്ഡേറ്റുകൾ ഇനി ലഭ്യമാക്കില്ലെന്ന് ആപ്പിൾ അറിയിച്ചിരുന്നു.