Instagram down: പ്രമുഖ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ഇൻസ്റ്റാഗ്രാം പ്രശ്നത്തിൽ. ഇന്ത്യയുൾപ്പെടെ വിവിധ രാഷ്ട്രങ്ങളിൽ ഇൻസ്റ്റഗ്രാം പ്രവർത്തിക്കുന്നില്ല. മെറ്റയുടെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിൽ പ്രശ്നമുള്ളതായി ഉപയോക്താക്കളുടെ പരാതി ഉയരുന്നു.
Instagram Login, വീഡിയോ അപ്ലോഡിങ്ങിലും പ്രശ്നം നേരിടുന്നതായാണ് പരാതി. ഡൗൺഡെറ്റക്‌ടറിൽ 1,500-ലധികം ഉപയോക്താക്കളാണ് ഇൻസ്റ്റഗ്രാം പ്രശ്‌നങ്ങൾ റിപ്പോർട്ട് ചെയ്‌തത്. ഇവയിൽ 70 ശതമാനം പേർ ആപ്പിലെ പ്രശ്‌നങ്ങളെ കുറിച്ചാണ് പരാതി ഉന്നയിച്ചത്. 16 ശതമാനം പേർ സെർവർ കണക്ഷനുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ റിപ്പോർട്ട് ചെയ്‌തു. ബാക്കി14 ശതമാനം ആളുകൾക്ക് ഇൻസ്റ്റഗ്രാം അക്കൗണ്ടിലേക്ക് ലോഗിൻ ചെയ്യാൻ കഴിയുന്നില്ലെന്ന് പറയുന്നു.
എക്സിൽ ഉൾപ്പെടെയുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ ഇൻസ്റ്റഗ്രാം പ്രശ്നം ചർച്ച ചെയ്യുന്നുണ്ട്. ആഗോളതലത്തിൽ പരാതി ഉയർന്നിട്ടും ഇൻസ്റ്റാഗ്രാം ഇതുവരെയും ഔദ്യോഗിക പ്രസ്താവന പുറത്തിറക്കിയില്ല. സംഭവത്തിൽ ഉടൻ മെറ്റ പ്രതികരിക്കുമെന്നാണ് പ്രതീക്ഷ.
ലോകത്തിലെ ഏറ്റവും ജനപ്രിയമായ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൊന്നാണ് ഇൻസ്റ്റാഗ്രാം. ഇന്ന് പലരുടെയും ഉപജീവന മാർഗം കൂടിയാണിത്. മില്യണിലധികം ആളുകളാണ് ഇൻസ്റ്റഗ്രാം റീൽസുകളിലും പോസ്റ്റുകളിലും പങ്കാളിയാകുന്നത്.
സെലിബ്രിറ്റികൾ, ഇൻഫ്ലുവൻസേഴ്സ്, ബ്രാൻഡുകൾ എന്നിവരെല്ലാം സംവദിക്കുന്ന ഇടംകൂടിയാണിത്. അതിനാൽ തന്നെ മുന്നറിയിപ്പൊന്നും ഇല്ലാതെ ഇൻസ്റ്റഗ്രാം പണിമുടക്കിയത് യൂസേഴ്സിനെ വലിയ ബുദ്ധിമുട്ടിലാക്കുന്നു. അപ്രതീക്ഷിതമായി സംഭവിച്ച പ്രശ്നം ഇൻഫ്ലുവൻസേഴ്സിനെയും മറ്റും സാമ്പത്തികപരമായും ബുദ്ധിമുട്ടിക്കുന്നു.
Also Read: New Scam: വിവാഹ സീസണിൽ പുതിയ ഓൺലൈൻ കെണികൾ, സൂക്ഷിക്കുക!
എന്താണ് ഇൻസ്റ്റഗ്രാം പ്രശ്നമാവാൻ കാരണമെന്ന് നിരവധി പേർ എക്സിലൂടെയും മറ്റും ചോദിക്കുന്നു. ആപ്പ് തുറന്ന് പെട്ടെന്ന് തന്നെ ക്ലോസ് ആകുന്നു. ബഗ്ഗ് പ്രശ്നമാണെന്നാണ് കാണിക്കുന്നതെന്നും ചില ഉപയോക്താക്കൾ ചൂണ്ടിക്കാട്ടി. ഇത് വൈറസൊന്നുമല്ലല്ലോ, തനിക്ക് മാത്രമാണോ ഈ ബഗ്ഗ് പ്രശ്നമെന്നും പലരും ചോദിക്കുന്നു.
ഇന്ന് ഇൻസ്റ്റഗ്രാം വെറുമൊരു സോഷ്യൽ മീഡിയ മാത്രമല്ല, പണം സമ്പാദിക്കാനുള്ള മാർഗം കൂടിയാണ്. അതും വീട്ടിലിരുന്ന് പണം സമ്പാദിക്കാം. ഇതിനായി റീൽസിൽ ബ്രാൻഡുകളും ഉപകരണങ്ങളും പ്രൊമോട്ട് ചെയ്താൽ മതി. ഇൻസ്റ്റാഗ്രാം റീലുകളിൽ ഇൻ-വീഡിയോ പരസ്യങ്ങൾ നൽകിയിട്ടില്ല. ഇക്കാരണത്താൽ റീൽസിന് വ്യൂസ് കൂടിയാൽ ഇൻസ്റ്റ പണം തരുമെന്ന് പ്രതീക്ഷിക്കേണ്ട.