ഫോണിനെ വൈറസുകളിൽനിന്ന് രക്ഷിക്കാൻ സൗജന്യ ടൂൾ
സൈബർ സ്വച്ഛത കേന്ദ്ര പോർട്ടലിലൂടെയാണ് സൗജന്യ മാൽവെയർ ആക്സസ് ചെയ്യാൻ കഴിയും
വിൻഡോസ് ഉപയോക്താക്കൾക്കായിട്ടാണ് ആപ്പ് സംവിധ് തയാറാക്കിയിരിക്കുന്നത്
മാൽവെയറും ബോട്ട്‌നെറ്റും എങ്ങനെ നീക്കം ചെയ്യാം എന്ന് നോക്കാം
രാജ്യത്ത് മാൽവെയർ ആക്രമണങ്ങളും സൈബർ തട്ടിപ്പുകളും വർധിക്കുന്നതിനാൽ സ്മാർട്ട്ഫോണുകളുടെ സുരക്ഷ ഒരു ചോദ്യചിഹ്‌നമായി മാറിയിരിക്കുകയാണ്. ഈ പ്രശ്നം പരിഹരിക്കുന്നതിനും സ്മാർട്ട്ഫോണുകൾ സംരക്ഷിക്കാൻ ആളുകളെ സഹായിക്കാനും ടെലികമ്മ്യൂണിക്കേഷൻസ് വകുപ്പ്(DoT) നിരവധി സൗജന്യ 'ബോട്ട് റിമൂവൽ' ടൂളുകൾ അവതരിപ്പിച്ചിരിക്കുകയാണ്. എസ്എംഎസ് വഴിയാണ് ഈ സൗകര്യത്തെപ്പറ്റി കേന്ദ്രം അറിയിക്കുന്നത്. മാൽവെയർ ആക്രമണങ്ങളിൽനിന്ന് രക്ഷപ്പെടാനുള്ള മികച്ച സൗകര്യമാണ് പുതിയ ടൂളിലൂടെ കേന്ദ്രം ഒരുക്കിയിരിക്കുന്നത്. സൈബർ സുരക്ഷിതമായിരിക്കുക ബോട്ട്‌നെറ്റ് വൈറസുകളിൽ നിന്നും മാൽവെയറിൽ നിന്നും ഡിവൈസുകളെ സംരക്ഷിക്കുക. CERT-In വഴി csk.gov.in ൽനിന്ന് 'സൗജന്യ ബോട്ട് റിമൂവൽ ടൂൾ' ഡൗൺലോഡ് ചെയ്യാൻ ഇന്ത്യാ ഗവൺമെന്റ് ശുപാർശ ചെയ്യുന്നു. എന്ന സന്ദേശം എസ്എംഎസ് ആയി എല്ലാവർക്കും കേന്ദ്രം അയയ്ക്കുന്നുണ്ട്. പുതിയ സംവിധാനത്തെ ആളുകൾക്ക് പരിചയപ്പെടുത്തുക എന്നതാണ് ലക്ഷ്യം.
ഓൺലൈനിൽ സുരക്ഷിതരായിരിക്കാനും മാൽവെയർ ആക്രമണങ്ങൾക്കും അതുവഴി ഹാക്കിങ്ങിനും ഇരയാകാതിരിക്കാനും ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കാൻ ആളുകൾക്കുള്ള ഒരു ഓർപ്പപ്പെടുത്തൽ കൂടിയാണ് ഈ എസ്എംഎസ്. സൈബർ സ്വച്ഛത കേന്ദ്ര പോർട്ടലിലൂടെ വ്യക്തികൾക്ക് സൗജന്യ മാൽവെയർ റിമൂവൽ ടൂളുകൾ ആക്സസ് ചെയ്യാൻ കഴിയും. സൈബർ സ്വച്ഛത കേന്ദ്ര പോർട്ടൽ എന്നതിന് പുറമേ, ബോട്ട്‌നെറ്റ് ക്ലീനിംഗ് ആൻഡ് മാൽവെയർ അനാലിസിസ് സെന്റർ എന്നും ഈ പോർട്ടൽ അറിയപ്പെടുന്നു. ഇന്ത്യൻ കമ്പ്യൂട്ടർ എമർജൻസി റെസ്‌പോൺസ് ടീമിന്റെ (CERT-In) മാനേജ്‌മെന്റിന് കീഴിൽ ഇന്റർനെറ്റ് സേവന ദാതാക്കളുമായും (ISP) ആന്റിവൈറസ് കമ്പനികളുമായും സഹകരിച്ചാണ് ഈ പോർട്ടൽ പ്രവർത്തിക്കുന്നത്. ഇന്ത്യയ്‌ക്കുള്ളിലെ ബോട്ട്‌നെറ്റ് വൈറസ് ബാധകൾ കണ്ടെത്തി സുരക്ഷിതമായ സൈബറിടം സ്ഥാപിക്കുക എന്നതാണ് പോർട്ടലിന്റെ ലക്ഷ്യം.
ഫോണിലെ മാൽവെയറുകളെ ഇല്ലാതാക്കാൻ ആവശ്യമായ സഹായം നൽകാൻ സൈബർ സ്വച്ഛത കേന്ദ്ര പോർട്ടലിന് സാധിക്കും. ബോട്ട് നീക്കംചെയ്യൽ ടൂളുകൾക്ക് പുറമെ, 'USB പ്രതിരോധ്', 'AppSamvid' തുടങ്ങിയ മറ്റ് സുരക്ഷാ ആപ്ലിക്കേഷനുകളും സിഎസ്കെ പോർട്ടൽ വാഗ്ദാനം ചെയ്യുന്നു. സുരക്ഷ വർദ്ധിപ്പിക്കുന്നതിന് ഈ ആപ്പുകൾ ഡൗൺലോഡ് ചെയ്യാനുള്ള ഓപ്ഷൻ പോർട്ടലിലുണ്ട്. യുഎസ്ബി പ്രതിരോധ്: ഡസ്ക്ടോപ്പുകൾക്കായുള്ള ടൂൾ ആണ് യുഎസ്ബി പ്രതിരോധ്. ഫോണുകളും പെൻഡ്രൈവുകളും ഉൾപ്പെടെയുള്ള റിമൂവബിൾ സ്റ്റോറേജ് മീഡിയകളെ നിരീക്ഷിക്കാനാണ് ഇത് രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഈ ടൂൾ ഉപയോഗിക്കുമ്പോൾ യുഎസ്ബി സ്റ്റോറേജ് ഡിവൈസുകൾ കണക്ട് ചെയ്യുംമുമ്പ് പാസ്വേഡ് നൽകേണ്ടിവരും.
കൂടാതെ ഈ ടൂൾ മാൽവെയർ സ്കാനിങ് നടത്തുകയും ചെയ്യും. ആപ്പ്സംവിധ്: വിൻഡോസ് ഉപയോക്താക്കൾക്കായിട്ടാണ് ആപ്പ് സംവിധ്( AppSamvid) തയാറാക്കിയിരിക്കുന്നത്. ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ അംഗീകൃത ഫയലുകൾ മാത്രം പ്രവർത്തിപ്പിക്കുന്ന ഒരു ആപ്ലിക്കേഷനാണ് 'AppSamvid'. വിശ്വസനീയമായ എക്സിക്യൂട്ടബിളുകളുടെയും ജാവ ഫയലുകളുടെയും ലിസ്റ്റുകൾ സൃഷ്ടിക്കാൻ ഇത് ഉപയോക്താക്കളെ അനുവദിക്കുന്നു. ഉപയോക്താക്കൾക്ക് ഒരു പാസ്‌വേഡ് ഉപയോഗിച്ച് ആപ്പ് സുരക്ഷിതമാക്കാനും കഴിയും. മാൽവെയറുകളിൽനിന്നും ട്രോജനുകളിൽനിന്നും ആപ്പ്സംവിധ് സിസ്റ്റത്തെ സംരക്ഷിക്കുന്നു.
മാൽവെയറും ബോട്ട്‌നെറ്റും എങ്ങനെ നീക്കം ചെയ്യാം
ഡിവൈസിൽ ബോട്ട്‌നെറ്റ് ബാധിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കുന്നതിന് CSK വെബ്‌സൈറ്റിലേക്ക്( www.csk.gov.in/) പോകുക.
തുടർന്ന് Security Tools എന്നതിൽ ക്ലിക്ക് ചെയ്യുക.
തുടർന്ന് ബോട്ട് റിമൂവൽ ടൂൾ ഉപയോഗിക്കാൻ നമുക്ക് ഇഷ്ടമുള്ള ആന്റിവൈറസ് കമ്പനി തിരഞ്ഞെടുക്കുക.
തുടർന്ന് ഡൗൺലോഡ് ബട്ടൻ ക്ലിക്ക് ചെയ്യുക.
വിൻഡോസ് ഉപയോക്താക്കൾക്ക് eScan ആന്റിവൈറസ്, K7 സെക്യൂരിറ്റി അല്ലെങ്കിൽ ക്വിക്ക് ഹീൽ പോലുള്ള സൗജന്യ ബോട്ട് നീക്കംചെയ്യൽ ടൂളുകളിലൊന്ന് ഡൗൺലോഡ് ചെയ്യാം.
ആൻഡ്രോയിഡ് ഉപയോക്താക്കൾ പ്ലേ സ്റ്റോറിൽ പോയി 'eScan CERT-IN Bot Removal' ടൂൾ അല്ലെങ്കിൽ C-DAC ഹൈദരാബാദ് വികസിപ്പിച്ച
M-Kavach 2 ഡൗൺലോഡ് ചെയ്യുക.
ആപ്പ് ഡൗൺലോഡ് ചെയ്തുകഴിഞ്ഞാൽ, അത് ഡിവൈസിൽ 'റൺ' ചെയ്യുക. തുടർന്ന് ആപ്പ് നമ്മുടെ ഡിവൈസിലെ മാൽവെയറുകളെയും മറ്റും സ്കാൻ ചെയ്ത് നീക്കം ചെയ്യും.