2029-ൽ ഇന്ത്യ 6G നെറ്റ്‌വർക്ക് അവതരിപ്പിക്കുമെന്ന് കേന്ദ്ര ടെലിക്കോം മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു. പിഎച്ച്‌ഡി ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി സംഘടിപ്പിച്ച ഒരു പരിപാടിയിൽ പങ്കെടുക്കവേ ആണ് ഇന്ത്യയുടെ 6G ചുവടുവയ്പ്പിനെക്കുറിച്ച് മന്ത്രി പ്രതികരിച്ചത്.
റിലയൻസ് ജിയോ, ഭാരതി എയർടെൽ, വിഐ കമ്പനികൾക്കാണ് 5G വിതരണ അവകാശമുള്ളത്. ഇതിൽ റിലയൻസ് ജിയോയും ഭാരതി എയർടെലും അതിവേഗം മുന്നോട്ട് പോകുകയാണ്. അടുത്ത 1 -1.5 വർഷത്തിനുള്ളിൽ രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലും 5G ലഭ്യമാക്കാൻ ഇരു കമ്പനികളും ലക്ഷ്യമിടുന്നു. 2023 അവസാനത്തോടെ തങ്ങളുടെ 5G രാജ്യത്തിന്റെ എല്ലാ കോണുകളിലും എത്തുമെന്ന് ജിയോ വ്യക്തമാക്കുന്നു.
കേരളത്തിലെ 16 നഗരങ്ങളിൽ ഉൾപ്പെടെ രാജ്യത്തെ 365 ലേറെ നഗരങ്ങളിൽ ജിയോ തങ്ങളുടെ ട്രൂ 5G സേവനങ്ങൾ ലഭ്യമാക്കിയിട്ടുണ്ട്. എയർടെൽ ആകട്ടെ കേരളത്തിലെ 17 നഗരങ്ങളിൽ ഉൾപ്പെടെ രാജ്യത്തെ 265 നഗരങ്ങളിൽ 5G സേവനങ്ങൾ എത്തിച്ചിട്ടുണ്ട്. ഇരു കമ്പനികളും ചേർന്ന് രാജ്യത്തെ 400 ലേറെ നഗരങ്ങളിൽ 5G എത്തിച്ചിട്ടുണ്ട്.
ലോകത്ത് മറ്റൊരിടത്തും ഇത്രയും വേഗത്തിൽ 5G വ്യാപനം നടന്നിട്ടില്ലെന്ന് മന്ത്രി വ്യക്തമാക്കി. 2024 അവസാനത്തോടെ ഇന്ത്യയുടെ ഭൂരിഭാഗം പ്രദേശങ്ങളും 5G കവറേജിനു കീഴിൽ ആകും എന്നാണ് വിലയിരുത്തൽ. രാജ്യത്തിന്റെ കൂടുതൽ പ്രദേശങ്ങളിൽ ആദ്യം 5G അവതരിപ്പിക്കാൻ ജിയോയും എയർടെല്ലും മത്സരിക്കുന്നതിനാൽ 5G നഗരങ്ങളുടെ പട്ടിക ദിവസവും വലുതായിക്കൊണ്ടിരിക്കുന്നുണ്ട്.
6G യിൽ ഇന്ത്യ മുന്നിലെത്തണമെന്ന വ്യക്തമായ ലക്ഷ്യം പ്രധാനമന്ത്രി നൽകിയിട്ടുണ്ടെന്ന് ടെലിക്കോം മന്ത്രി തന്റെ പ്രസംഗത്തിൽ വ്യക്തമാക്കി. 2028-ൽ ഇന്ത്യയിൽ 5G സബ്‌സ്‌ക്രിപ്‌ഷനുകൾ 4G സബ്‌സ്‌ക്രിപ്‌ഷനുകളേക്കാൾ കൂടുതലായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. പുതിയ സ്‌മാർട്ട്‌ഫോണുകളും ടാബ്‌ലെറ്റുകളും ഉപയോഗിച്ച് 5G വ്യാപനം കൂടുതൽ ശക്തമാക്കാൻ ശ്രമം നടക്കുന്നുണ്ട്. 5G വ്യാപനം ഒരു കാരണവശാലും വൈകാതിരിക്കാനായി ടെലികോം കമ്പനികൾക്ക് വേഗത്തിലും കാര്യക്ഷമമായ ചെലവിലും പുതിയ അടിസ്ഥാന സൗകര്യങ്ങൾ വിന്യസിക്കാൻ കഴിയുമെന്ന് ഉറപ്പാക്കാൻ സർക്കാർ നയങ്ങൾ ലളിതമാക്കി നൽകിയിട്ടുമുണ്ട്.
5G വിതരണ അവകാശമുള്ള വിഐക്കുമേൽ 5G സേവനങ്ങൾ ആരംഭിക്കാനുള്ള സമ്മർദ്ദവും സർക്കാർ ശക്തമായി നടത്തുന്നുണ്ട്. സാമ്പത്തിക പ്രശ്നങ്ങൾ നിലനിൽക്കുന്നതിനാൽ വിഐക്ക് ഇതുവരെ 5G സേവനങ്ങൾ ആരംഭിക്കാൻ ആവശ്യമായ ഉപകരണങ്ങൾ വാങ്ങാൻ ഫണ്ട് കണ്ടെത്താനായിട്ടില്ല. ഫണ്ടിനായുള്ള ശ്രമങ്ങൾ തുടരുന്നതായും ഉടൻ 5G ആരംഭിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത് എന്നുമാണ് വിഐ വ്യക്തമാക്കുന്നത്. ബിഎസ്എൻഎൽ 4G ഈ വർഷം രണ്ടാം പകുതിയോടെ എത്തും എന്നാണ് പറയപ്പെടുന്നത്. ബിഎസ്എൻഎൽ 4G യിലേക്ക് മാറാനുള്ള നടപടികൾ അവസാന ഘട്ടങ്ങളിലൂടെ ആണ് കടന്നുപോകുന്നത് എന്ന് അശ്വിനി വൈഷ്ണവ് കഴിഞ്ഞ ദിവസം പാർലമെന്റിൽ പ്രസ്താവന നടത്തിയിരുന്നു. അതിനു പിന്നാലെ അടുത്ത വർഷത്തോടെ ബിഎസ്എൻഎൽ 5G യും എത്തും എന്നാണ് ടെലിക്കോം മന്ത്രാലയം വ്യക്തമാക്കുന്നത്.