ഇന്ത്യയിൽ ആദ്യമായി ഓഫ്‌ലൈൻ ആപ്പിൾ സ്റ്റോറുകൾ തുറക്കുന്നത് ദേശീയ തലസ്ഥാനത്തും പിന്നെ വ്യവസായതലസ്ഥാനത്തുമാണ്. ന്യൂഡൽഹിയിലും മുംബൈയിലുമാണ് Appleന്റെ ആദ്യ റീട്ടെയിൽ ഷോറും വരുന്നത്. ഇതിൽ തന്നെ മുംബൈയിൽ തുടങ്ങാനിരിക്കുന്ന Apple storeന്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.
Appleന്റെ ആദ്യത്തെ റീട്ടെയിൽ സ്റ്റോർ ഏപ്രിൽ 18ന് തുറക്കുമെന്ന് ആപ്പിൾ വെളിപ്പെടുത്തി. മഹാരാഷ്ട്രയിലെ ബാന്ദ്ര കുർള കോംപ്ലക്‌സിലെ ജിയോ വേൾഡ് ഡ്രൈവ് മാളിലാണ് ആദ്യത്തെ ആപ്പിൾ ബികെസി സ്റ്റോർ സ്ഥിതി ചെയ്യുന്നത്. ഇന്ത്യയിലെ രണ്ടാമത്തെ സ്റ്റോർ തലസ്ഥാന നഗരിയിലെ സാകേതിലുള്ള സെലക്ട് സിറ്റിവാക്ക് മാളിലായിരിക്കും. ഈ ഷോറൂമിന്റെ ഉദ്ഘാടനം ഏപ്രിൽ 20ന് നടക്കുമെന്നാണ് പറയുന്നത്.
ഓൺലൈനിൽ അല്ലാതെ ആപ്പിൾ ഉൽപ്പന്നങ്ങളുടെ മികച്ച സേവനങ്ങൾ ലഭിക്കുന്നതിന് ഇന്ത്യയിൽ ആപ്പിൾ ഷോറൂമുകൾ തുറക്കുന്നതിലൂടെ വഴിയൊരുക്കും. അതുപോലെ അനേകം എക്സ്ക്ലൂസീവ് ഓഫറുകളും ഈ സ്റ്റോറുകളിലൂടെ ഉപഭോക്താക്കളിലേക്ക് എത്തിക്കുന്നു.
മുംബൈ ഷോറൂം ഉദ്ഘാടനം രാവിലെ 11 മണിക്കാണ്. ഏപ്രിൽ 20ന് ഡൽഹിയിൽ രാവിലെ 10 മണിക്കാണ് രണ്ടാമത്തെ ആപ്പിൾ സ്റ്റോറിന്റെ ഉദ്ഘാടനം. മുംബൈയിലെ സ്റ്റോർ 22,000 ചതുരശ്ര അടിയും, ഡൽഹിയിലെ സ്റ്റോർ 10,000 ചതുരശ്ര അടിയും വലിപ്പമുള്ളതാണ്.
എന്നാൽ ഉദ്ഘാടന ചടങ്ങിൽ ആപ്പിൾ സിഇഒ ടിം കുക്ക് പങ്കെടുക്കുമോ എന്ന് കമ്പനി വ്യക്തമാക്കിയിട്ടില്ല. മുംബൈയിലെ സ്റ്റോറിന്റെ പരിസര പ്രദേശങ്ങളിലൊന്നും മറ്റ് കമ്പനി പരസ്യങ്ങൾ ഉണ്ടാകാൻ പാടില്ലെന്നുള്ള കരാർ ജിയോ മാളുമായി ആപ്പിൾ ഒപ്പുവച്ചിട്ടുണ്ട്.
മുംബൈയിലും ഡൽഹിയിലും റീട്ടെയിൽ ഔട്ട്‌ലെറ്റുകൾ ആരംഭിക്കുന്നുണ്ടെങ്കിലും, iMagine സ്റ്റോറുകൾ പോലുള്ള പങ്കാളി റീട്ടെയിലർമാരിൽ നിന്ന് ആപ്പിൾ ഉൽപ്പന്നങ്ങൾ വാങ്ങാനുള്ള ഓപ്ഷൻ ഉപഭോക്താക്കൾക്ക് ഇനിയും ലഭ്യമായിരിക്കും. അതുപോലെ രാജ്യത്ത് കൂടുതൽ സ്‌റ്റോറുകൾ തുറക്കാൻ പദ്ധതിയുണ്ടോ എന്ന് കമ്പനി ഇതുവരെ വ്യക്തമാക്കിയിട്ടില്ല. നിലവിൽ, കമ്പനിക്ക് 25 രാജ്യങ്ങളിലായി 500-ലധികം റീട്ടെയിൽ സ്റ്റോറുകളുണ്ട്.