ദേശ വിരുദ്ധ ഉള്ളടക്കമുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്ന് പാകിസ്താൻ ആസ്ഥാനമായുള്ള (Pakistan based) ഒടിടി വൈബ് സൈറ്റുകളും ആപ്പുകളും നിരോധിക്കാൻ നിർദേശം നൽകി കേന്ദ്ര സർക്കാർ. 26/11 മുംബൈ ഭീകരാക്രമണത്തിന്റെ വാർഷികത്തോട് അനുബന്ധിച്ച് പുറത്തിറക്കിയ 'സേവക്: ദി കൺഫെഷൻസ്' (Sevak: The Confessions) എന്ന വെബ് സീരീസിന്റെ ഉള്ളടക്കം ചൂണ്ടിക്കാണിച്ചാണ് നടപടി. വിഡ്‌ലി ടിവി(Vidly TV)യുടെ ഒരു വെബ്‌സൈറ്റ്, രണ്ട് മൊബൈൽ ആപ്ലിക്കേഷനുകൾ, നാല് സോഷ്യൽ മീഡിയ അക്കൗണ്ടുകൾ, ഒരു സ്മാർട്ട് ടിവി ആപ്പ് എന്നിവ നിരോധിക്കാനാണ് ഇന്ത്യൻ സർക്കാർ തീരുമാനിച്ചത്. ഐടി റൂൾസ് 2021ന്റെ അടിയന്തര അധികാരങ്ങൾക്ക് കീഴിൽ ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിങ് മന്ത്രാലയം നിർദേശം പുറപ്പെടുവിക്കുകയായിരുന്നു.
'സേവക്: ദി കൺഫെഷൻസ്' എന്ന വെബ് സീരീസിൽ ഇന്ത്യയുമായി ബന്ധപ്പെട്ട തന്ത്രപ്രധാനമായ ചരിത്ര സംഭവങ്ങളുടെ വികലമായ പതിപ്പാണ് അവതരിപ്പിച്ചതെന്ന് കേന്ദ്ര മന്ത്രാലയം പറഞ്ഞു. അതായത്, ഓപ്പറേഷൻ ബ്ലൂ സ്റ്റാർ, അതിന്റെ അനന്തരഫലങ്ങൾ, അയോധ്യയിലെ ബാബറി മസ്ജിദ് തകർക്കൽ, ക്രിസ്ത്യൻ മിഷനറിയുടെ കൊലപാതകം തുടങ്ങിയ തന്ത്രപ്രധാനമായ സംഭവങ്ങളെയും ദേശീയ പ്രാധാന്യമുള്ള വിഷയങ്ങളെയും കുറിച്ച് ഇന്ത്യാ വിരുദ്ധ ഉള്ളടക്കം വെബ് സീരീസിൽ ചിത്രീകരിച്ചു. ഇതേ തുടർന്ന്, ദേശീയ സുരക്ഷ, പ്രതിരോധം, പരമാധികാരം, അഖണ്ഡത, വിദേശരാജ്യങ്ങളുമായുള്ള ഇന്ത്യയുടെ സൗഹൃദബന്ധം എന്നിവയ്ക്ക് സീരീസ് ഹാനികരമാണെന്ന് മന്ത്രാലയം പുറത്തുവിട്ട പ്രസ്താവനയിൽ വിശദീകരിക്കുന്നുണ്ട്.
ഇതുവരെ സീരീസിൽ നിന്നും മൂന്ന് എപ്പിസോഡുകളാണ് പുറത്തിറങ്ങിയിട്ടുള്ളതെന്ന് മന്ത്രാലയം പറയുന്നു. സേവക് എന്ന വെബ് സീരീസ് പ്രകോപനപരവും സത്യവിരുദ്ധവുമാണെന്നും ഇത് സ്‌പോൺസർ ചെയ്തത് പാകിസ്താന്റെ ഇൻഫോ ഓപ്സ് ഉപകരണമാണെന്നും റിപ്പോർട്ടുകൾ പറയുന്നു. ഇത് വ്യക്തമായതിനെ തുടർന്നാണ് പാകിസ്ഥാൻ ആസ്ഥാനമായുള്ള വിഡ്‌ലി ടിവി ബ്ലോക്ക് ചെയ്യാൻ നിർദേശം നൽകിയതെന്ന് കേന്ദ്ര മന്ത്രാലയത്തിലെ മുതിർന്ന ഉപദേഷ്ടാവ് കാഞ്ചൻ ഗുപ്ത ട്വിറ്ററിലൂടെ അറിയിച്ചു.
അന്തർദേശീയ തലത്തിൽ സിനിമകളും ടിവി സീരീസുകളും നൽകുന്ന ഒരു OTT പ്ലെയറാണ് വിഡ്‌ലി ടിവി (Vidly TV). ആൻഡ്രോയിഡ് ഫോണുകളിൽ പ്ലേസ്റ്റോറിൽ നിന്നും ഐഫോണുകളിൽ ആപ്പിൾ സ്റ്റോറിൽ നിന്നും ഈ ഒടിടി പ്ലെയറിന്റെ സേവനം ലഭ്യമാക്കാം.