ആൻഡ്രോയിഡിനും ഐഫോണിനും വെല്ലുവിളിയാകുമോ ഇന്ത്യയുടെ സ്വന്തം BharOS!

Updated on 22-Jan-2023
HIGHLIGHTS

ഗൂഗിളിന്റെ ആന്‍ഡ്രോയ്ഡിനും ആപ്പിളിന്റെ ഐഒഎസിനും പുതിയ എതിരാളി

മദ്രാസ് ഐ.ഐ.ടി പുതിയ ഓപ്പറേറ്റിങ് സിസ്റ്റം അവതരിപ്പിക്കുന്നു

ജന്‍ഡ്കെ ഓപ്പറേഷന്‍സ് പ്രൈവറ്റ് ലിമിറ്റഡാണ് ഭരോസിന്റെ ശില്പികള്‍

ഇന്ന് ലോകത്ത് ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന മൊബൈല്‍ ഓപ്പറേറ്റിംഗ് സിസ്റ്റം(Mobile Operating System) ഗൂഗിളി(Google)ന്റെ ആന്‍ഡ്രോയിഡ്(Android) ആല്ലെങ്കില്‍ ആപ്പിളി(Apple)ന്റെ ഐഒഎസ്(iOS) . ഇന്ത്യയിലും ഇത് തന്നെയാണ് വ്യാപകമായി ഉപയോഗിക്കുന്നത്. വിപണിയില്‍ ലഭ്യമായ മൊബൈല്‍ ഫോണുകള്‍ പ്രധാനമായും ഈ രണ്ട് ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളെ അടിസ്ഥാനമാക്കിയുള്ളവയാണ്.  വിന്‍ഡോസ് സോഫ്‌റ്റ്വെയറില്‍ പ്രവര്‍ത്തിക്കുന്ന ഫോണുകള്‍ ഇറങ്ങിയെങ്കിലും വലിയ വിജയം നേടാന്‍ സാധിച്ചില്ല.

അമേരിക്കന്‍ കമ്പനികളുടെ മേല്‍ക്കോയ്മയാണ് ഈ മേഖലയില്‍ നിലനില്‍ക്കുന്നത്. ഇന്ത്യയില്‍ ഉപയോഗത്തിലുള്ള 97 ശതമാനം ഫോണുകളിലും ആന്‍ഡ്രോയ്ഡ് ഒ.എസ്. ആണ് ഉപയോഗിക്കുന്നത്. ഇവിടെയാണ് ആന്‍ഡ്രോയ്ഡിനും ഐ.ഒ.എസിനും ബദലായി ഒരു ഓപ്പറേറ്റിങ് സിസ്റ്റം ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്തിരിക്കുന്നത്. ഭാരത് ഒഎസ് എന്നതിന്റെ ചുരുക്കപ്പേരാണ് ഭരോസ്.(BharOS) ആത്മനിര്‍ഭര്‍ഭാരത് പദ്ധതിയുടെ ഭാഗമായി നിര്‍മ്മിച്ച ഈ ഓപ്പറേറ്റിംഗ് സിസ്റ്റത്തിന് പിന്നില്‍ വേണ്ട സഹായം ഒരുക്കിയത് മദ്രാസ് ഐഐടി(IIT Madras) യാണ്. കേന്ദ്ര ശാസ്ത്രസാങ്കേതികവകുപ്പിന്റെയും സഹകരണത്തോടെ പ്രവര്‍ത്തിക്കുന്ന സംരംഭമായ ജന്‍ഡ്കെ ഓപ്പറേഷന്‍സ് പ്രൈവറ്റ് ലിമിറ്റഡാണ് ഭരോസി(BharOS)ന്റെ നിര്‍മ്മാതാക്കള്‍.

നിലവിലുള്ള ഒഎസിനെക്കാള്‍ കൂടുതല്‍ സുരക്ഷിതമാണ് ഭരോസ്((BharOS) എന്നാണ് ഐഐടി മദ്രാസ് പറയുന്നത്. ഭരോസി(BharOS)ന് കൂടുതല്‍ സുരക്ഷിതത്വം അവകാശപ്പെടാന്‍ സാധിക്കുമെന്നും നിര്‍മ്മാണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ അവകാശപ്പെടുന്നു.

ഉപഭോക്താവിന് ഫോണിനും ഓപ്പറേറ്റിംഗ് സിസ്റ്റത്തിനും മുകളില്‍ കൂടുതല്‍ സ്വാതന്ത്ര്യവും നിയന്ത്രണവും ഭരോസ്(BharOS) മുന്നോട്ടുവെക്കുന്നു. ആപ്പുകള്‍ക്ക് ഫോണില്‍ നിന്നും ശേഖരിക്കാനാകുന്ന വിവരങ്ങളിലും ഉപഭോക്താവിന് പരിമിതി നിശ്ചയിക്കാം. ആന്‍ഡ്രോയിഡ് ആപ്പുകള്‍ക്കായുള്ള പ്ലേ സ്റ്റോര്‍ എന്ന പൊലെ ഭരോസില്‍ സ്‌പെസിഫിക് പ്രൈവറ്റ് ആപ് സ്‌റ്റോര്‍ സര്‍വീസ് അഥവാ പാസിലാണ് പ്രവര്‍ത്തിക്കുക. സുരക്ഷാ പരിശോധനകള്‍ക്ക് ശേഷമായിരിക്കും ആപുകളെ പാസില്‍ ലിസ്റ്റു ചെയ്യുക. ഇത് കൂടുതല്‍ സ്വകാര്യത ഉറപ്പാക്കുമെന്നാണ് നിര്‍മ്മാതാക്കള്‍ പറയുന്നത്.

ആശയവിനിമയത്തില്‍ അതീവ സുരക്ഷാപ്രശ്‌നങ്ങള്‍ നേരിടുന്ന സ്വന്തമായി വാര്‍ത്താവിനിമയ ശൃംഖല ഉപയോഗിക്കുന്ന സ്ഥാപനങ്ങളാണ് ആദ്യം ഭരോസ് (BharOS)ഉപയോഗിക്കുക. പിന്നീടായിരിക്കും വാണിജ്യാടിസ്ഥാനത്തില്‍ വിപണിയില്‍ എത്തുക. ഭരോസിന്‍റെ പ്രയോജനം ലഭിക്കാന്‍ സാധാരണക്കാര്‍ കുറച്ചു നാള്‍കൂടി കാത്തിരിക്കണം.

Connect On :