ഇന്ത്യയിൽ എസ്‌യുവികൾ (SUV) വിപണിയിൽ പുതുപുത്തൻ മോഡലുകളുടെ വലിയ നിര തന്നെയാണ് അവതരിപ്പിക്കുന്നത്. ഇന്ത്യയിൽ പുതുതായി വരാൻ പോകുന്നത് ഹ്യുണ്ടായി(Hyundai)യുടെ എസ്‌യുവിയാണ്. അതും സാധാരണക്കാരന് വരെ താങ്ങാനാവുന്ന വിലയിൽ ലഭിക്കുന്ന ഒരു മൈക്രോ സ്പോർട് യൂട്ടിലിറ്റി വാഹനമാണ് ഹ്യുണ്ടായി എക്സ്റ്റർ. ടാറ്റ പഞ്ച് (Tata Punch) വിപ്ലവം തീർത്ത മൈക്രോ എസ്‌യുവി സെഗ്മെന്റ് കൂടുതൽ ചൂടുപിടിപ്പിക്കാനായാണ് ഹ്യുണ്ടായി എക്സ്റ്ററിന്റെ വരവ് (Hyundai Exter).
ദക്ഷിണ കൊറിയൻ ബ്രാൻഡ് പുതിയ എക്സ്റ്ററിനായുള്ള ബുക്കിംഗ് ആരംഭിച്ചിരിക്കുകയാണ്. പുതിയ മോഡൽ വാങ്ങാൻ താത്പര്യമുള്ള ഉപഭോക്താക്കൾക്ക് 11,000 രൂപ നൽകി എക്സ്റ്റർ പ്രീ-ബുക്ക് ചെയ്യാം. ഏതെങ്കിലും അംഗീകൃത ഡീലർഷിപ്പുകളിലോ ഓൺലൈനിലോ മൈക്രോ എസ്‌യുവി ബുക്ക് ചെയ്യാവുന്നതാണ്. ഹ്യുണ്ടായി എക്‌സ്‌റ്റർ ഹ്യുണ്ടായി നിരയിൽ വെന്യു കോംപാക്‌ട് എസ്‌യുവിക്ക് താഴെയായി ഇടംപിടിക്കും. ദക്ഷിണ കൊറിയയിൽ വിൽക്കുന്ന കാസ്‌പർ മോഡലിനെ അടിസ്ഥാനപ്പെടുത്തിയുള്ള ഹ്യൂണ്ടായിയുടെ എൻട്രി ലെവൽ എസ്‌യുവിയാണ് എക്സ്റ്റർ.
ഡിസൈനിൽ ശരിക്കും ഒരു പുതുമ കൊണ്ടുവരാൻ ഹ്യൂണ്ടായ് ശ്രമിച്ചിട്ടുണ്ട്. എസ്‌യുവിക്ക് കറുപ്പിൽ തീർത്ത ഗ്രിൽ സെക്ഷൻ, സ്പ്ലിറ്റ് ഹെഡ്‌ലാമ്പ് ക്ലസ്റ്റർ, H ആകൃതിയിലുള്ള എൽഇഡി സിഗ്നേച്ചർ ഡിആർഎൽ, ഡ്യുവൽ-ടോൺ വീലുകൾ, ഫോക്‌സ് സ്‌കിഡ് പ്ലേറ്റ് തുടങ്ങിയവയാണ് എസ്‌യുവിയുടെ മറ്റു സവിശേഷതകൾ. ആറ് സിംഗിൾ-ടോൺ കളർ ഓപ്ഷനുകളിലും മൂന്ന് ഡ്യുവൽ-ടോൺ നിറങ്ങളിലും ഹ്യുണ്ടായി എക്‌സ്‌റ്റർ ലഭ്യമാകും. പുതിയ റേഞ്ചർ കാക്കി ഷേഡാണ് ഇതിൽ കമ്പനി എടുത്ത് കാണിക്കുന്നത്. പുതുതായി കാർ വാങ്ങുന്ന യുവപഭോക്താക്കളെയാണ് എക്‌സ്‌റ്ററിലേക്ക് ഹ്യുണ്ടായി പ്രതീക്ഷിക്കുന്നത്. അതിനുള്ള ഡിസൈൻ മികവെല്ലാം വാഹനത്തിനുണ്ടെന്ന് ഏറ്റവും പുതിയ ചിത്രങ്ങൾ സൂചന നൽകുന്നുണ്ട്.
ഇന്ത്യന്‍ വിപണി പിടിച്ചടക്കുക എന്നതാണ് ഹ്യുണ്ടായി എക്സ്റ്റര്‍ മൈക്രോ എസ്‌യുവിയുടെ ലക്ഷ്യം. ഇതിനായി കിടിലൻ ഇന്റീരിയറും പ്രീമിയം ഫീച്ചറുകളുമാണ് ഹ്യുണ്ടായി എക്സ്റ്ററിന് സമ്മാനിച്ചിരിക്കുന്നത്. ഫീച്ചർ ലിസ്റ്റിൽ ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ കോംപാറ്റിബിലിറ്റിയുള്ള ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, മൗണ്ടഡ് കൺട്രോളുകളുള്ള മൾട്ടിഫങ്ഷണൽ സ്റ്റിയറിംഗ് വീൽ, സെമി ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, ടോപ്പ് എൻഡ് വേരിയന്റുകളിൽ ഒന്നിലധികം എയർബാഗുകൾ തുടങ്ങിയവ ഉൾപ്പെടും.
പെട്രോൾ എഞ്ചിൻ മാത്രമുള്ള വാഹനമായിരിക്കും വരാനിരിക്കുന്ന എക്സ്റ്റർ എന്നുറപ്പാണ്. ഗ്രാൻഡ് i10 നിയോസ് വഴിയെല്ലാം ഏറെ പരിചിതമായ 1.2 ലിറ്റർ NA പെട്രോൾ എഞ്ചിൻ ഓപ്ഷനാവും മൈക്രോ എസ്‌യുവിക്ക് തുടിപ്പേകാൻ എത്തുക. ഇത് പരമാവധി 84 bhp പവറിൽ 113 Nm torque വരെ നിർമിക്കാൻ വരെ ശേഷിയുള്ളതായിരിക്കും. ഗിയർബോക്‌സിന്റെ കാര്യത്തിൽ സ്റ്റാൻഡേർഡായി അഞ്ച് സ്പീഡ് മാനുവൽ ലഭിക്കുമ്പോൾ ഓപ്ഷണലായി അഞ്ച് സ്പീഡ് എഎംടി ഓട്ടോമാറ്റിക്കും ഉപഭോക്താക്കൾക്ക് തെരഞ്ഞെടുക്കാനാവും.
എക്സ്റ്ററിനൊപ്പം 1.0 ലിറ്റർ ത്രീ-പോട്ട് ടർബോ പെട്രോൾ എഞ്ചിൻ ഓപ്ഷനും ഉണ്ടാവുമെന്നാണ് സൂചന. അങ്ങനെയെങ്കിൽ പഞ്ചിന് മുന്നിൽ പിടിച്ചു നിൽക്കാൻ പുതിയ മൈക്രോ എസ്‌യുവിക്കാവും.