പുത്തൻ പ്രതീക്ഷകളുമായാണ് പുതിയ ബജറ്റ് വരുന്നത്. ഈ ബജറ്റിൽ (Budget) പുതിയ ഹൈഡ്രജൻ ട്രെയിനു(Hydrogen Train)കൾ അനുവദിക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചേക്കും. 2023-24 സാമ്പത്തിക വർഷത്തിൽ 300 പുതിയ മെമു സർവീസുകൾ അനുവദിക്കുമെന്നും കരുതുന്നു.
ഇന്ത്യൻ റെയിൽവെ(Indian Railway)തങ്ങളുടെ സോണൽ യൂണിറ്റുകൾക്ക് ഇത് സംബന്ധിച്ച് നിർദേശം നൽകിക്കഴിഞ്ഞതായാണ് വിവരം. 20 ഹൈഡ്രജൻ ട്രെയിനു(Hydrogen Train)കൾ ഒരുക്കാനാണ് നിർദേശിച്ചിരിക്കുന്നത്. ഹൈഡ്രജൻ ഇന്ധനമായി ഉപയോഗിക്കുന്ന ഇത്തരത്തിലുള്ള ആദ്യ ട്രെയിൻ 2023 ഡിസംബറോടെ ഓടിത്തുടങ്ങുമെന്നാണ് കരുതുന്നത്. ഹരിയാനയിലെ സോനിപത്തിൽ നിന്നും ജിൻഡിലേക്കായിരിക്കും ആദ്യ സർവീസ് നടക്കുക. ഏകദേശം 89 കിലോമീറ്റർ ദൂരമാണിത്.
2023 സ്വാതന്ത്ര്യ ദിനത്തിൽ ഹൈഡ്രജൻ ട്രെയിൻ(Hydrogen Train)അവതരിപ്പിക്കാനായിരുന്നു സർക്കാർ ആദ്യം ലക്ഷ്യമിട്ടിരുന്നത്. എന്നാൽ 2024 ൽ വരുന്ന പൊതു തെരഞ്ഞെടുപ്പ് കൂടി പരിഗണിച്ച് ഇത്തവണത്തെ ബജറ്റ് അവതരണത്തിൽ ഹൈഡ്രജൻ ട്രെയിനുകളെ ഉൾപ്പെടുത്തുമെന്നു കരുതുന്നു. ഭാവിയിൽ ഇന്ത്യയിൽ മേക് ഇൻ ഇന്ത്യ പദ്ധതിയുടെ ഭാഗമായി ഇത്തരം ട്രെയിനുകൾ നിർമീക്കാനാണ് ഇന്ത്യൻ റെയിൽവെയുടെ പദ്ധതി. പരിസ്ഥിതി സൗഹാർദപരമായ ഹൈഡ്രജൻ ട്രെയിനുകൾ അന്തരീക്ഷ മലിനീകരണം ഉണ്ടാക്കുന്നില്ല.
ഇതേ സമയം കേന്ദ്രസർക്കാരിന്റെ വന്ദേഭാരത് പദ്ധതി സമയബന്ധിതമായി പൂർത്തിയാക്കാനാകുമോ എന്ന കാര്യത്തിൽ ആശങ്കയുണ്ട്. അടുത്ത ആഗസ്റ്റ് 15 നു മുമ്പ് 75 വന്ദേഭാരത് ട്രെയിനുകൾ ഓടിത്തുടങ്ങുമെന്നായിരുന്നു സർക്കാർ പ്രഖ്യാപിച്ചിരുന്നത് എന്നാൽ ഇതുവരെ 7 ട്രെയിനുകൾ മാത്രമാണ് ഓടിത്തുടങ്ങിയത്. എന്നിരുന്നാലും പുതിയ ബജറ്റിൽ ഏകദേശം 300 വന്ദേഭാരത് ട്രെയിനുകൾ പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. തമിഴ്നാട്ടിലെ പെരമ്പൂരിലെ ഇന്റഗ്രൽ കോച്ച് ഫാക്ടറി മുഴുവൻ സമയവും പ്രവർത്തിച്ചിട്ടും ആവശ്യത്തിനു കോച്ചുകൾ നിർമിക്കാൻ കഴിയുന്നില്ല.
ഫ്യുവൽ സെല്ലുകൾ ഉപയോഗിച്ചാണ് ആവശ്യമായ ഇന്ധനം ഹൈഡ്രജൻ ട്രെയിനുകൾക്ക് ലഭ്യമാക്കുന്നത്. ഇതിനുള്ളിൽ ഹൈഡ്രജനും, ഓക്സിനും രാസ സംയോജനം നടത്തി ഉല്പാദിപ്പിക്കുന്ന വൈദ്യുതിയിലാണ് ട്രെയിൻ ഓടുന്നത്. ആവശ്യത്തിലധികം ഉല്പാദിപ്പിക്കപ്പെടുന്ന ഊർജ്ജം പ്രത്യേക തരം ലിഥിയം ബാറ്ററിയിൽ ശേഖരിക്കപ്പെടുന്നു. ഗ്രീൻ ഹൈഡ്രജനാണ് ഇത്തരം ട്രെയിനുകളിൽ ഇന്ധനമായി ഉപയോഗിക്കുക. സീറോ കാർബൺ ബഹിർഗമനം എന്ന ലക്ഷ്യം നിറവേറ്റാനും ഇവ സഹായകമാകുമെന്നാണ് വിലയിരുത്തൽ. കഴിഞ്ഞ വർഷം ജർമ്മനിയിൽ, ലോകത്ത് ആദ്യമായി ഹൈഡ്രജൻ പാസഞ്ചർ ട്രെയിനുകൾ ഓടിത്തുടങ്ങിയിരുന്നു .