സ്മാർട്ട്ഫോൺ ഫോട്ടോഗ്രാഫിക്ക് പ്രാധാന്യം നൽകുന്ന ‘നോവ’ മെയ് 26 നെത്തും
ഫോട്ടോഗ്രാഫിയെ സ്നേഹിക്കുന്ന മിക്കവരുടെയും പ്രധാന ലക്‌ഷ്യം നല്ല ക്യാമറയോട് കൂടിയ സ്മാർട്ട് ഫോണായിരിക്കും. ഈയിടെയായി വിവിധ കമ്പനികൾ ഫോൺ രൂപകൽപ്പന-നിർമ്മാണ പ്രക്രിയയിൽ ക്യാമറയ്ക്ക് നല്ല പ്രാധാന്യവും നൽകുന്നുണ്ട്. ഈ കാഴ്ചപ്പാടിന് അടിവരയിട്ടുകൊണ്ട് സ്മാർട്ട്ഫോൺ ഫോട്ടോഗ്രാഫിക്ക് പ്രാധാന്യം നൽകുന്ന ഒരു ഉത്പന്നവുമായി ഹുവാവെ എത്തുന്നു.
ഹുവാവെയിൽ നിന്നും വരുന്ന 'നോവ 2' എന്ന സ്മാർട്ട് ഫോണാണ് മൊബൈൽ ഫോട്ടോഗ്രാഫിയെ നെഞ്ചേറ്റിയവർ പ്രതീക്ഷയോടെ കാത്തിരിക്കുന്നത്. ഈ മാസം 26 നു നോവയുടെ ആദ്യ വേരിയന്റ് വിപണിയിലെത്തുമെന്നാണ് സൂചനകൾ. ചൈനീസ് ഭാഷയിലെ വിവരണവുമായി പുറത്തിറങ്ങിയ ഒരു ഓൺലൈൻ പോസ്റ്ററിലാണ് ഹുവാവെയുടെ പുതിയ ഫോണിനെപ്പറ്റിയുള്ള വിവരങ്ങൾ നൽകിയിരിക്കുന്നത്.
20 മെഗാപിക്സൽ സെൽഫി ഷൂട്ടർ പ്രതീക്ഷിക്കുന്ന ഫോണിന് പിന്നിലായി 12 മെഗാപിക്സൽ വ്യക്തത നൽകുന്ന ഇരട്ട സെൻസറുകൾ പിടിപ്പിച്ചെത്താനാണ് സാധ്യത. ഈയിടെ ക്വാൾകോമിൽ നിന്നും അവതരിപ്പിക്കപ്പെട്ട സ്നാപ്ഡ്രാഗൺ 660 പ്രോസസറാകും ഹുവാവെ യുടെ നോവ ഫോണുകൾക്ക് കരുത്ത് പകരുന്നത്.