HIGHLIGHTS
ബ്ലോക്ക് ചെയ്‌ത മൊബൈൽ ഫോൺ ഉപയോഗിച്ചാൽ ട്രേസ് ചെയ്യാൻ പൊലീസിന് കഴിയും
മൊബൈൽ ഫോൺ കണ്ടെത്തിയാൽ അത് പോർട്ടലിൽ തന്നെ അൺബ്ലോക്ക് ചെയ്യാനും കഴിയും
സിഇഐആർ പോർട്ടൽ വഴി ഫോൺ ബ്ലോക്ക് ചെയ്യുന്നതെങ്ങനെയെന്ന് നോക്കാം
നഷ്ടപ്പെട്ട അല്ലെങ്കിൽ മോഷ്ടിക്കപ്പെട്ട ഫോണുകൾ കണ്ടെത്താൻ, നിങ്ങളുടെ പേരിലുള്ള സിം കാർഡുകളെക്കുറിച്ചറിയാൻ, വിവിധ സർക്കാർ പദ്ധതികളെക്കുറിച്ചറിയാൻ തുടങ്ങിയ സേവനങ്ങൾ ഒരു കുടക്കീഴിൽ ലഭ്യമാക്കുകയാണ് സഞ്ചാർ സാഥി വെബ്‌സൈറ്റിന്റെ ലക്‌ഷ്യം.
സഞ്ചാർ സാഥി സേവനങ്ങൾ
നഷ്ടപ്പെട്ട ഫോണുകൾ ബ്ലോക്ക് ചെയ്യാനും ട്രാക്ക് ചെയ്യാനുമൊക്കെയുള്ള സിഇഐആർ (CEIR) പോർട്ടൽ ഒരു യൂസറിന്റെ പേരിലുള്ള മൊബൈൽ കണക്ഷനുകളുടെ എണ്ണം പരിശോധിക്കാനും ആവശ്യമില്ലാത്ത കണക്ഷനുകൾ റിപ്പോർട്ട് ചെയ്യാനും സഹായിക്കുന്ന ടാഫ്കോപ് (TAFCOP) എന്നിവയാണ് സഞ്ചാർ സാഥിയിൽ (Sanchar Saathi) ലഭിക്കുന്ന പ്രധാന സേവനങ്ങൾ. ഡിവൈസുകളുടെ ഐഎംഇഐ (IMEI)വെരിഫിക്കേഷന് സഹായിക്കുന്ന കെവൈഎം ആപ്പ്, പിഎം വാണി തുടങ്ങിയ സേവനങ്ങളിലേക്കുള്ള ഇൻട്രൊഡക്ഷനും ആക്സസും സഞ്ചാർ സാഥിയിലുണ്ട്.
നഷ്‌ടപ്പെട്ട / മോഷ്‌ടിക്കപ്പെട്ട മൊബൈൽ ഫോണുകൾ ബ്ലോക്ക് ചെയ്യാനും കണ്ടെത്താനും സഹായിക്കുന്ന സിഇഐആർ(CEIR) മൊഡ്യൂളാണ് സഞ്ചാർ സാഥി പോർട്ടലിന്റെ പ്രധാന ആകർഷണം. Central Equipment Identity Register എന്നതാണ് സിഇഐആറിന്റെ പൂർണരൂപം. മോഷ്ടിക്കപ്പെട്ട ഡിവൈസിന്റെ ഐഎംഇഐ(IMEI) നമ്പർ രാജ്യത്തെ ഒരു ടെലിക്കോം നെറ്റ്വർക്കിലും ഉപയോഗിക്കാൻ കഴിയാത്ത വിധം ബ്ലോക്ക് ചെയ്യാമെന്നതാണ് പ്രധാന സവിശേഷത. ബ്ലോക്ക് ചെയ്‌ത മൊബൈൽ ഫോൺ ആരെങ്കിലും ഉപയോഗിക്കാൻ ശ്രമിച്ചാൽ അത് ട്രേസ് ചെയ്യാൻ പൊലീസിന് കഴിയും. മൊബൈൽ ഫോൺ കണ്ടെത്തിയാൽ അത് പോർട്ടലിൽ തന്നെ അൺബ്ലോക്ക് ചെയ്യാനും കഴിയും.
സിഇഐആർ(CEIR) പോർട്ടലിൽ ലഭ്യമായ വിവരങ്ങൾ അനുസരിച്ച് ആകെ 4,81,888 മൊബൈൽ ഫോണുകൾ ഈ രീതിയിൽ ബ്ലോക്ക് ചെയ്തിട്ടുണ്ട്. അവയിൽ 2,43,944 ഡിവൈസുകൾ ട്രേസ് ചെയ്യാനും കഴിഞ്ഞെന്നാണ് സിഇഐആർ(CEIR) പോർട്ടലിലെ ഡാറ്റ കാണിക്കുന്നത്. സിഇഐആർ(CEIR) വെബ്സൈറ്റ് വഴിയും സംസ്ഥാന പൊലീസ് വഴിയും യൂസറിന് ഫോണിന്റെ ഐഎംഇഐ(IMEI) ബ്ലോക്ക് ചെയ്യാവുന്നതാണ്.
സിഇഐആർ പോർട്ടൽ വഴി ഫോൺ ബ്ലോക്ക് ചെയ്യുന്നതെങ്ങനെയെന്ന് അറിയാം.
- ആദ്യം പൊലീസിൽ പരാതി നൽകി എഫ്ഐആർ രജിസ്റ്റർ ചെയ്യുക.
- ഇതിന്റെ കോപ്പി കൈവശം ഉണ്ടായിരിക്കണം.
- നഷ്ടമായ സിം കാർഡിന്റെ ഡ്യൂപ്ലിക്കേറ്റ് എടുക്കണം.
- റിക്വസ്റ്റ് സമർപ്പിക്കുമ്പോൾ പ്രൈമറി നമ്പറായി ഇത് നൽകുകയും വേണം.
- ഒടിപി വെരിഫിക്കേഷനുള്ളതിനാൽ ഇത് നിർണായകമാണ്.
- സിം ആക്ടിവേഷൻ കഴിഞ്ഞ് 24 മണിക്കൂറിന് ശേഷമാണ് എസ്എംഎസ് ഫെസിലിറ്റി ആക്റ്റീവാകുക.
- പൊലീസ് റിപ്പോർട്ടിന്റെ ഒരു കോപ്പിയും ഒരു ഐഡന്റിറ്റി പ്രൂഫും കൈവശം വയ്ക്കുക.
- മൊബൈൽ വാങ്ങിയതിന്റെ ബില്ലോ രേഖകളോ ഉണ്ടെങ്കിൽ അതും നൽകാവുന്നതാണ്.
- ഫോണിന്റെ ഐഇഎംഐ ബ്ലോക്ക് ചെയ്യുന്നതാണ് അടുത്ത ഘട്ടം.
- ഇതിനായി റിക്വസ്റ്റ് രജിസ്‌ട്രേഷൻ ഫോം ഫിൽ ചെയ്ത് ആവശ്യമായ ഡോക്യുമെന്റുകൾ അറ്റാച്ച് ചെയ്യണം.
- നേരിട്ട് റിക്വസ്റ്റ് പേജ് ആക്സസ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.
- ഫോം സബ്മിറ്റ് ചെയ്ത് കഴിഞ്ഞാൽ റിക്വസ്റ്റ് ഐഡി ലഭ്യമാകും.
- ഫോൺ ബ്ലോക്ക് ചെയ്യുന്നതിലും ട്രാക്ക് ചെയ്യുന്നതിലുമുള്ള പുരോഗതി പരിശോധിക്കാൻ ഈ ഐഡി ഉപയോഗിക്കാം.
- അത് പോലെ തന്നെ ഡിവൈസ് തിരിച്ചുകിട്ടിയാൽ ഐഎംഇഐ അൺബ്ലോക്ക് ചെയ്യാനും ഈ റിക്വസ്റ്റ് ഐഡി ഉപയോഗപ്പെടുത്താം.
- പൊലീസ് റിക്വസ്റ്റ് നിലവിലുണ്ടെന്ന സന്ദേശം വന്നാൽ അതിന് അർഥം പൊലീസ് നേരിട്ട് ഡിവൈസ് ബ്ലോക്ക് ചെയ്യാനുള്ള അപേക്ഷ നൽകിയെന്നാണ്.
- റിക്വസ്റ്റ് സമർപ്പിച്ച് കഴിഞ്ഞാൽ 24 മണിക്കൂറിനുള്ളിൽ ഡിവൈസ് ബ്ലോക്ക് ചെയ്യപ്പെടും.
- ബ്ലോക്ക് ചെയ്‌ത മൊബൈൽ ഫോൺ ആരെങ്കിലും ഉപയോഗിക്കാൻ ശ്രമിച്ചാൽ അത് ട്രേസ് ചെയ്യാൻ പൊലീസിന് സാധിക്കുകയും ചെയ്യും.
- ഡിവൈസ് ബ്ലോക്ക് ചെയ്യപ്പെട്ടാലും അത് ട്രാക്ക് ചെയ്യാൻ പൊലീസിന് ബുദ്ധിമുട്ടുണ്ടാകുന്നില്ലെന്ന് സാരം.
ഇനി നഷ്ടമായ ഫോൺ തിരിച്ച് കിട്ടിയാൽ അത് എങ്ങനെ അൺബ്ലോക്ക് ചെയ്യാമെന്ന് നോക്കാം.
- തിരിച്ചുകിട്ടിയ ഫോണിന്റെ ഐഎംഇഐ അൺബ്ലോക്ക് ചെയ്യുന്നതിന് വിവരം ആദ്യം പൊലീസിൽ അറിയിക്കണം.
- ഇതിന് ശേഷം സിഇഐആർ പോർട്ടലിൽ ഐഇഎംഐ അൺബ്ലോക്ക് ചെയ്യുന്നതിനുള്ള ഫോം ഫിൽ ചെയ്യണം.
- നേരിട്ട് അൺബ്ലോക്കിങ് റിക്വസ്റ്റ് ഫോം ആക്സസ് ചെയ്യാൻ ഇവിടെ ക്ലിക്ക്ചെയ്യുക.
- ഫോം സബ്മിറ്റ് ചെയ്ത് കഴിഞ്ഞാൽ നിശ്ചിത സമയത്തിനുള്ളിൽ ഡിവൈസ് അൺബ്ലോക്ക് ചെയ്യപ്പെടും.
- ഡിവൈസ് ബ്ലോക്ക് ചെയ്യാനുള്ള റിക്വസ്റ്റ് പൊലീസ് വഴി നൽകിയവർ അൺബ്ലോക്കിങ് റിക്വസ്റ്റ് രജിസ്റ്റർ ചെയ്യാനും പൊലീസിനെ തന്നെ സമീപിക്കണം.