ഓൺലൈനിൽ ഷോപ്പിങ് (Online Shopping) ചെയ്യാൻ ഇഷ്ടപ്പെടുന്നവരാണ് നാമെല്ലാം. അതിനി സ്മാർട്ട്ഫോണുകൾ പോലെയുള്ള ഗാഡ്ജറ്റുകളിൽ തുടങ്ങി വീട്ടുപകരണങ്ങളും വസ്ത്രങ്ങളും മറ്റുള്ളവർക്കുള്ള സമ്മാനങ്ങളും അടുക്കളയിലേക്ക് വേണ്ട പച്ചക്കറി പോലും നാം ഓൺലൈനിൽ നിന്നാണ് ഓർഡർ ചെയ്യുന്നത്. ഫ്ലിപ്പ്കാർട്ടും ആമസോണും പോലെയുള്ള ഓൺലൈൻ റീട്ടെയിലർ പ്ലാറ്റ്ഫോമുകളിൽ നിന്നുമുള്ള പർച്ചേസുകൾക്ക് അതിന്റേതായ നേട്ടങ്ങളുമുണ്ട്. ഇ കൊമേഴ്സ് വെബ്സൈറ്റുകളും ഓൺലൈൻ സ്റ്റോറുകളുമൊക്കെ 24 മണിക്കൂറും ആക്‌സസ് ചെയ്യാമെന്നതും വീട്ടിലിരുന്ന് തന്നെ ആവശ്യമുള്ളവ ഓർഡർ ചെയ്ത് വരുത്തിക്കാമെന്നതുമാണ് പ്രധാന നേട്ടം. പ്രോഡക്റ്റുകൾക്ക് ധാരാളം ഓഫറുകളും ഡീലുകളുമൊക്കെ ലഭിക്കുകയും ചെയ്യും. ഒരേ തരത്തിലുള്ള ഉത്പന്നങ്ങൾക്ക് ഒരുപാട് ബ്രാൻഡ് ഓപ്ഷനുകളും യൂസേഴ്സിന് ലഭിക്കും. അൽപ്പം ശ്രദ്ധ കൂടി നൽകിയാൽ വളരെ ലാഭത്തിൽ ഓൺലൈനിൽ നിന്നും സാധനങ്ങൾ സ്വന്തമാക്കാൻ കഴിയും. ഓൺലൈൻ ഷോപ്പിങ് ലാഭത്തിലാക്കാനുള്ള ചില വഴികൾ പരിചയപ്പെടാം
സോഷ്യൽ മീഡിയകളിൽ ലഭ്യമായ പുതിയ ഡീലുകൾ കണ്ടെത്തുകയെന്നതാണ് ഓൺലൈൻ ഷോപ്പിങി(Online Shopping)ൽ പണം ലാഭിക്കാനുള്ള ഏറ്റവും എളുപ്പമുള്ള വഴികളിൽ ഒന്ന്. ഓൺലൈനിൽ ലഭ്യമായ സെയിൽ ഇവന്റുകളെക്കുറിച്ചും ഡീലുകളെക്കുറിച്ചും ഓഫറുകളെക്കുറിച്ചുമുള്ള അറിയിപ്പുകൾ ആദ്യമെത്തുന്നത് ട്വിറ്റർ, ഇൻസ്റ്റാഗ്രാം, ഫേസ്ബുക്ക് എന്നിങ്ങനെയുള്ള പ്ലാറ്റ്‌ഫോമുകളിലേക്കാണ്. ഡീലുകളും ഓഫറുകളും മാത്രം ഷെയർ ചെയ്യുന്ന ഐഡികളും ഹാൻഡിലുകളുമൊക്കെ നവമാധ്യമങ്ങളിലുണ്ട്.
ഒരു ഉത്പന്നം തന്നെ പല പ്ലാറ്റ്ഫോമുകളിലും വിറ്റഴിക്കുന്നുണ്ടാകും. ഇവയ്ക്കെല്ലാം വ്യത്യസ്തമായ പ്രൈസ് ടാഗും ഡീലുകളും നൽകിയിട്ടുമുണ്ടാകും. വില താരമ്യം ചെയ്യുന്ന ഓൺലൈൻ ടൂളുകൾ ഉപയോഗിച്ച് മികച്ച ഡീലുകൾ എളുപ്പത്തിൽ കണ്ടെത്താൻ കഴിയുന്നതാണ്. എല്ലാ പ്ലാറ്റ്ഫോമുകളിലെയും സെയ്ൽ ടാഗുകൾ പട്ടികപ്പെടുത്തിയാണ് ഇവ നല്ല ഓഫറുകൾ ലിസ്റ്റ് ചെയ്യുന്നത്. ഗൂഗിൾ ഷോപ്പിങ് മുതലായ ടൂളുകളാണ് ഇത്തരത്തിൽ ഉപയോഗപ്പെടുത്താവുന്നത്.
പല ഓൺലൈൻ സ്റ്റോറുകളും ഇ-കൊമേഴ്സ് വെബ്‌സൈറ്റുകളും ആപ്പുകളുമൊക്കെ നിങ്ങൾക്ക് റിവാർഡ് പോയിന്റുകൾ / റിവാർഡ്സ് നൽകാറുണ്ട്. ചില കമ്പനികൾ കോയിൻസ് എന്നൊക്കെ ഓമനപ്പേര് നൽകാറുണ്ടെന്ന് മാത്രം. മുമ്പ് സാധനങ്ങൾ വാങ്ങിയ സ്റ്റോറിൽ നിന്ന് വീണ്ടുമെന്തെങ്കിലും വാങ്ങുമ്പോൾ റിവാർഡ് പോയിന്റുകൾ ബാക്കിയുണ്ടോയെന്ന് പരിശോധിക്കണം. കാലാവധി, ഒരുതവണ റിഡീം ചെയ്യാനാകുന്നവയുടെ എണ്ണം എന്നിങ്ങനെയുള്ള പരിധികളും ഇവയ്ക്കുണ്ടാകും. അതിനാൽത്തന്നെ വലിയ ഡിസ്കൌണ്ടൊന്നും ഉണ്ടാകില്ല, പക്ഷെ കുറച്ച് പണം ലാഭിക്കാൻ കഴിയും.
മിക്കവാറും ഇ കൊമേഴ്സ് വെബ്സൈറ്റുകളും ഓൺലൈൻ സ്റ്റോറുകളും ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകൾ ഉപയോഗിച്ചുള്ള പർച്ചേസുകൾക്ക് നിരവധി ഡിസ്കൌണ്ടുകൾ ഓഫർ ചെയ്യുന്നു. ഓൺലൈനിൽ പണം ചിലവഴിക്കുന്നതിന് ബാങ്കുകളും നിങ്ങൾക്ക് ക്യാഷ്ബാക്ക് പോലെയുള്ള റിവാർഡുകൾ നൽകും. ബാങ്കുകളും ഓൺലൈൻ പ്ലാറ്റ്ഫോമുകളും ഒരുമിച്ച് നൽകുന്ന ഡീലുകളും നിരവധിയാണ്. ഓൺലൈൻ സ്റ്റോർ, ബാങ്ക് ആപ്പ് എന്നിവയിൽ നിന്നെല്ലാം ഇത് മനസിലാക്കാൻ സാധിക്കും.
ഓൺലൈൻ ഷോപ്പിങി(Online Shopping)ൽ പണം ലാഭിക്കുന്നതിനുള്ള മറ്റൊരു ഫലപ്രദമായ വഴിയാണ് ഷോപ്പിങ് കൂപ്പണുകൾ. ഓൺലൈനിൽ ഡിസ്കൌണ്ട് ലഭിക്കാനുള്ള ഏറ്റവും എളുപ്പമുള്ള മാർഗമാണിത്. ഇത്തരം വെബ്സൈറ്റുകളിൽ പലതിലും കാലാവധി കഴിഞ്ഞ കൂപ്പണുകളും ഓഫറുകളുമൊക്കെ നൽകിയിട്ടുണ്ടാകുമെന്നതാണ് ഒരു വെല്ലുവിളി. ഗൂഗിൾ പേയിലും ഫോൺപെയിലുമൊക്കെ വരുന്ന ഓഫറുകളും ഉപയോഗപ്പെടുത്താവുന്നതാണ്.
നല്ല ഡീലുകളും നല്ല ഓഫറുകളും കണ്ടെത്തുന്നത് നിങ്ങൾ വിചാരിക്കുന്നതിലും എളുപ്പമാണെന്നതാണ് യാഥാർഥ്യം. മിക്ക ഓൺലൈൻ പ്ലാറ്റ്‌ഫോമുകളും ലഭ്യമായ ഓഫറുകൾ ഡിസ്പ്ലെ ചെയ്യാറുണ്ട്. എന്നാൽ ഇവ ലഭ്യമല്ലാത്തപ്പോൾ ഡീലുകളെക്കുറിച്ചും ഓഫറുകളെക്കുറിച്ചും ആളുകൾ മറന്നു പോകുന്നുവെന്നതാണ് യാഥാർഥ്യം. അവ മനസിലാക്കാൻ സാധിക്കുന്ന മറ്റ് ഓപ്ഷനുകൾ ആളുകൾ പരിഗണിക്കുകയുമില്ല. എന്നാൽ മുകളിൽ തന്ന ടിപ്സ് ഏത് സാഹചര്യത്തിലും മികച്ച ഓഫറുകളും ഡീലുകളും കണ്ടെത്താൻ യൂസേഴ്സിനെ സഹായിക്കും.