പുത്തനൊരു സ്മാർട്ട്ഫോൺ വാങ്ങുമ്പോൾ അതിന്റെ കൂടെ സ്ഫടികം പോലെ സുതാര്യമായ ഒരു കവറും നമുക്ക് കിട്ടാറുണ്ട്. ഭൂരിഭാഗം പേരും അതുതന്നെ ഫോണിലിട്ട് ഉപയോഗിക്കും. ചിലർ മാത്രം അധിക തുക മുടക്കി ഇഷ്ടാനുസൃതം മറ്റ് കവറുകൾ വാങ്ങിയിടും. അതാണ് പൊതുവെ കണ്ടുവരുന്ന ഒരു രീതി. അത്യാവശ്യം ഈടുനിൽക്കുന്നവയാണ് ഈ കവറുകൾ. എന്നാൽ എല്ലാവരും നേരിടുന്ന ഒരു പ്രധാന പ്രശ്നം എന്തെന്നാൽ ഉപയോഗിച്ച് കുറച്ചു നാളുകൾ
കഴിഞ്ഞ് നോക്കുമ്പോൾ സ്ഫടികം പോലിരുന്ന കവർ മഞ്ഞൾപ്പൊടി ഇട്ടുവച്ച പാത്രത്തിന്റെ നിറത്തിലായിരിക്കും കാണപ്പെടുക.
ഏറെ സുതാര്യമായ ഫോൺ കവറുകൾ സിലിക്കൺ കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്. കാരണം വഴക്കവും വിലക്കുറവും, അതേസമയംതന്നെ ഭംഗിയും നൽകാൻ അവയ്ക്ക് കഴിയും. എന്നാൽ കുറച്ചുനാൾ കഴിയുമ്പോൾ ഈ കവറുകളുടെ നിറം മാറും. അതിന്റെ പ്രധാന കാരണം ഫോണിൽനിന്ന് പുറന്തള്ളുന്ന ചൂട് ആണ്. ഒപ്പം രാസവസ്തുക്കളും മറ്റുമായുണ്ടാകുന്ന സമ്പർക്കവും കവർ നിറംമാറ്റത്തിന് കാരണമാകുന്നു.
കവർ മഞ്ഞയാകുന്നത് കുറച്ച് വൃത്തികേടായി കരുതി പലരും അത് വലിച്ചെറിഞ്ഞ് പുതിയ കവർ വാങ്ങുകയാണ് പതിവ്. എന്നാൽ വലിച്ചെറിയും മുമ്പ് ആ കവർ വൃത്തിയാക്കിയെടുത്ത് വീണ്ടും ഉപയോഗിക്കാൻ കഴിയുമോ എന്ന് ഒന്ന് പരീക്ഷിച്ചുനോക്കുന്നത് നന്നായിരിക്കും. വൃത്തിയാക്കുന്നതിലൂടെ പഴയ അതേ നിലവാരത്തിലേക്ക് കവർ എത്തും എന്ന് പ്രതീക്ഷിക്കരുത്. നിലവാരം അനുസരിച്ചായിരിക്കും മാറ്റം പ്രകടമാകുക. പണം പാഴാക്കേണ്ട എന്നതിനൊപ്പം മലിനീകരണം കുറയ്ക്കാം എന്നതാണ് അതിന്റെ നേട്ടം.
മഞ്ഞനിറത്തിലായ മൊബൈൽ കവർ വൃത്തിയാക്കാൻ നിരവധി മാർഗങ്ങൾ നിലവിലുണ്ട്. ഡിഷ് സോപ്പിന്റെയും ചെറുചൂടുള്ള വെള്ളത്തിന്റെയും ലായനി ഉപയോഗിച്ച് ഫോൺകവർ വൃത്തിയാക്കുക എന്നതാണ് അതിലൊന്ന്. അതിനായി ആദ്യം ഒരു കപ്പ് ചെറുചൂടുള്ള വെള്ളത്തിൽ രണ്ട്മൂന്ന് തുള്ളി ഡിഷ് സോപ്പ് (പാത്രം കഴുകുന്ന സോപ്പ്) കലർത്തുക. തുടർന്ന് പഴയ ടൂത്ത് ബ്രഷ് ഉപയോഗിച്ച് ഉരയ്ക്കുക. പാടുകൾ കാണപ്പെടുന്ന സ്ഥലങ്ങളിൽ പ്രത്യേക ശ്രദ്ധ കേന്ദ്രീകരിക്കുക. ശേഷം കവർ കഴുകുക. ഫോൺ തിരിച്ച് കവറിൽ വയ്ക്കുന്നതിന് മുമ്പ് കവർ ഉണങ്ങിയ തൂവാല ഉപയോഗിച്ച് തുടച്ച് വെള്ളം മുഴുവൻ ഉണങ്ങി എന്ന് ഉറപ്പാക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.
ഫോൺ കവർ വൃത്തിയാക്കാനുള്ള മറ്റൊരു മാർഗമാണിത്. ഫോൺ കവർ ആദ്യം വൃത്തിയുള്ള ഒരു തൂവാലയിൽ മലർത്തി വച്ചശേഷം ഉള്ളിൽ ബേക്കിംഗ് സോഡ വിതറുക. കറകളുള്ള സ്ഥലങ്ങളിൽ അൽപ്പം കൂടുതൽ വിതറാൻ മടിക്കേണ്ടതില്ല. ശേഷം പഴയ ഒരു ടൂത്ത് ബ്രഷ് എടുത്ത് തണുത്തവെള്ളത്തിൽ നനച്ച ശേഷം ഉരയ്ക്കുക. ഏറ്റവുമൊടുവിൽ ഫോൺ കവർ കഴുകിയെടുക്കുക. തുടർന്ന് ഒരു തുണി ഉപയോഗിച്ച് തുടച്ച് വൃത്തിയാക്കകുകയും അകം നന്നായി ഉണങ്ങിയെന്ന് ഉറപ്പുവരുത്തുകയും ചെയ്യുക. ഫോൺ കവറിലെ പാടുകൾ മാറ്റാൻ ബേക്കിംഗ് സോഡ മികച്ച രീതിയിൽ പ്രവർത്തിക്കും. പൊടിയും മറ്റും ഫോണിൽ അടിഞ്ഞുകൂടുന്നത് തടയാൻ രണ്ടാഴ്ചയിലൊരിക്കലെങ്കിലും ഫോൺ കവറുകൾ വൃത്തിയാക്കാൻ സമയം കണ്ടെത്താവുന്നതാണ്.
മുറിവുകളും മറ്റും വൃത്തിയാക്കാൻ ഉപയോഗിക്കുന്ന റബ്ബിംഗ് ആൽക്കഹോൾ ഉപയോഗിച്ചും മൊബൈൽ കവർ വൃത്തിയാക്കാവുന്നതാണ്. അതിനായി ഒരു മൈക്രോ ഫൈബർ തുണി റബ്ബിംഗ് ആൽക്കഹോളിൽ മുക്കുക. തുടർന്ന് പാടുകളുള്ള സ്ഥലത്ത് ഉരയ്ക്കുക. എല്ലാ മൂലകളിലേക്കും തുണി എത്തുന്നുണ്ട് എന്ന് ഉറപ്പാക്കുന്നത് നന്നായിരിക്കും. ഫേൺ കവറിനുള്ളിലുള്ള ബാക്ടീരിയയെയും മറ്റും നശിപ്പിക്കാനും ഇത് സഹായിക്കും. എന്നാൽ ചിലപ്പോൾ കവറിന്റെ കളർ നഷ്ടപ്പെടാനും റബ്ബിംഗ് ആൽക്കഹോൾ പ്രയോഗം കാരണമാകും. അതിനാൽ റബ്ബിംഗ് ആൽക്കഹോൾ നനച്ച തുണി ഉപയോഗിച്ച് കവർ മുഴുവൻ തുടയ്ക്കും മുമ്പ് ഒരു ചെറിയ പാച്ച് ടെസ്റ്റ് നടത്തുന്നത് നന്നായിരിക്കും. വൃത്തിയാക്കൽ കഴിഞ്ഞ് കവർ ഉണങ്ങിയ ശേഷമേ ഫോൺ ഇടാവൂ.