വിദേശത്തെ ഇന്ത്യക്കാർക്ക് അവരുടെ ആഭ്യന്തര ബാങ്ക് അക്കൗണ്ടുകൾ വിദേശ മൊബൈൽ നമ്പറുകളുമായി ബന്ധിപ്പിച്ചിട്ടുണ്ടെങ്കിൽ യുപിഐ സേവനം പ്രയോജനപ്പെടുത്താമെന്ന് നാഷണൽ പേയ്‌മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൻപിസിഐ) അറിയിച്ചിരുന്നു. പ്രവാസി ഇന്ത്യക്കാർക്ക് (NRIകൾക്കും) അത്യധികം സന്തോഷം നൽകുന്ന വാർത്തയായിരുന്നു ഇത്. എന്നാൽ NRIകാർക്ക് UPI ഉപയോഗിക്കാനാകും എന്നത് കൊണ്ട് ഉദ്ദേശിക്കുന്നതെന്ത് എന്നും, എങ്ങനെ വിദേശ ഇന്ത്യക്കാർക്ക് ഈ സേവനം പ്രയോജനപ്പെടുത്താമെന്നും ചുവടെ വിശദീകരിക്കുന്നു.
ജനുവരി 10 ന്, എൻപിസിഐ ഒരു സർക്കുലർ പുറത്തിറക്കിയിരുന്നു. യുപിഐ വ്യാപകമായി ഉപയോഗിക്കാൻ അനുവദിക്കുന്ന വിജ്ഞാപനമാണ് ഇതിലുണ്ടായിരുന്നത്. ഇതുവരെ, യുപിഐയിൽ ഇന്ത്യയിലെ ഫോൺ നമ്പറുകളിൽ മാത്രമേ അനുവദിച്ചിരുന്നുള്ളൂ. വിദേശത്തുള്ളവരുടെ ഫോൺ നമ്പറുകളുമായി ബന്ധിപ്പിച്ചിട്ടുള്ള പ്രവാസി ബാങ്ക് അക്കൗണ്ടുകൾ ഇതിൽ നിന്നും ഒഴിവാക്കിയിരുന്നു.
അതിനാൽ തന്നെ പ്രവാസികൾക്ക് നാട്ടിലേക്ക് പണം അയക്കാനും, നാട്ടിൽ നിന്ന് അത്യാവശ്യ ഘട്ടങ്ങളിൽ പണം കൈമാറുന്നതിനും സാധിച്ചിരുന്നില്ല. എങ്കിൽ ഇപ്പോഴിതാ, സിംഗപ്പൂർ, ഓസ്‌ട്രേലിയ, കാനഡ, ഹോങ്കോങ്, ഒമാൻ, ഖത്തർ, യുഎസ്, സൗദി അറേബ്യ, യുണൈറ്റഡ് അറബ് എമിറേറ്റ്‌സ്, യുകെ എന്നിവയുൾപ്പെടെ 10 രാജ്യങ്ങളിൽ നിന്നുള്ള ഫോൺ നമ്പറുകൾക്ക് UPI ഉപയോഗിക്കാൻ സാധിക്കും. ഇത് മറ്റ് രാജ്യങ്ങളിലേക്കും വ്യാപിപ്പിക്കുമെന്നും എൻപിസിഐ അറിയിച്ചിട്ടുണ്ട്.
ഏപ്രിൽ 30നകം UPI ഉപയോഗിക്കാനുള്ള സംവിധാനങ്ങൾ നിലവിൽ വന്നാൽ, പ്രവാസി ഇന്ത്യക്കാർക്ക് അവർ ഇന്ത്യയിലായാലും വിദേശത്തായാലും യുപിഐ ഉപയോഗിച്ച് ഇടപാടുകൾ നടത്താനാകും. UPI ഉപയോഗിക്കുന്നതിന്, പ്രവാസികൾക്ക് ഇന്ത്യയിൽ ഒരു നോൺ റെസിഡന്റ് എക്‌സ്‌റ്റേണൽ (NRE) അക്കൗണ്ട് അല്ലെങ്കിൽ ഒരു നോൺ റസിഡന്റ് ഓർഡിനറി (NRO) അക്കൗണ്ട് ഉണ്ടായിരിക്കണം എന്നതാണ് നിബന്ധന. വിദേശത്തായിരിക്കുമ്പോൾ, ഇന്ത്യയിലെ കുടുംബങ്ങൾക്ക് ഫണ്ട് കൈമാറാനും അത്തരം പേയ്‌മെന്റുകൾ അനുവദിക്കുന്ന ഇ-കൊമേഴ്‌സ് പോർട്ടലുകളിൽ അത് ഉപയോഗിക്കാനും അവർക്ക് യുപിഐ ഉപയോഗിക്കാം.
NPCIയുടെ ഉത്തരവ് അനുസരിച്ച്, UPI അക്കൗണ്ട് അനുവദിക്കുന്നതിന് നിലവിലുള്ള FEMA നിയന്ത്രണങ്ങളും, റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ബന്ധപ്പെട്ട റെഗുലേറ്ററി വകുപ്പ് കാലാകാലങ്ങളിൽ പുറപ്പെടുവിക്കുന്ന മാർഗനിർദേശങ്ങളും പാലിക്കേണ്ടതായുണ്ട്. ഇതിന് പുറമെ, Anti-Money Laundering (AML)/ തീവ്രവാദത്തിന് ധനസഹായം നൽകൽ (സിടി) ചെക്കുകളും കംപ്ലയിൻസ് വാലിഡേഷൻ/അക്കൗണ്ട് ലെവൽ വാലിഡേഷനുകളും ഈ ബാങ്ക് അക്കൗണ്ടുകൾക്ക് ബാധകമാക്കേണ്ടതുണ്ട്.