അൽഗോരിതത്തെ കുറിച്ച് ഫേസ്ബുക്കിൽ സജീവ ചർച്ച
ഫേസ്ബുക്ക് പോലുള്ള പ്ലാറ്റ്‌ഫോമിൽ പ്രവര്‍ത്തനം കൃത്യമായി നടക്കാനും വരുമാനം നന്നായി ലഭിക്കാനുമുള്ള ഉപാധിയാണ് അല്‍ഗോരിതം
ഫേസ്ബുക്കില്‍ സെലിബ്രറ്റി, സാധാരണക്കാര്‍ എന്നിങ്ങനെ അല്‍ഗോരിതവുമായി ബന്ധപ്പെട്ടവർക്കാണ് പോസ്റ്റ് വരുന്നത്
അൽഗോരിതത്തെ മറികടക്കാനായി കണ്ടെത്തിയ മാർഗമാണ് കുത്തിട്ട് പോകുന്നത്.
ഒരിടവേളയ്ക്ക് ശേഷം ഫേസ്ബുക്കിൽ വീണ്ടും ഉയർന്നു വരുന്ന ചോദ്യമാണ് അൽഗോരിതം (Algorithm). ഇതിനെ മറികടക്കാനായി കണ്ടെത്തിയ മാർഗമാണ് കുത്തിട്ട് പോകുന്നത്. നമ്മൾ ഇടുന്ന പോസ്റ്റുകൾ സുഹൃത്തുക്കൾ കാണുകയും കൂടുതൽ റീച്ച് കിട്ടുകയും ചെയ്യും എന്നാണ് പൊതുവേയുള്ള ധാരണ. ഇത് ഇപ്പോൾ തുടങ്ങിയതല്ല. മൂന്ന് വർഷം മുൻപാണ് എഫ്ബിയിൽ കുത്തിടലിന് പ്രചാരം ലഭിച്ചു തുടങ്ങിയത്.
ഒരു കാര്യം എങ്ങനെ ചെയ്യണമെന്ന നിർദ്ദേശം മാത്രമാണ് അൽഗോരിതം. അതായത് ഏതൊക്കെ പോസ്റ്റ് ആളുകൾ കാണണം, എങ്ങനെയുള്ള പോസ്റ്റുകൾ ഒളിച്ചുവയ്ക്കണം എന്നൊക്കെ ഫേസ്ബുക്ക് ഒരിടത്ത് എഴുതി വച്ചിട്ടുണ്ട്. അതിന്‍റെ അടിസ്ഥാനത്തിലാണ് സംവിധാനം പ്രവർത്തിക്കുന്നത്. ഈ അൽഗോരിതം പലവട്ടം കാലാനുസൃതമായ മാറ്റങ്ങൾക്ക് വിധേയമായിട്ടുണ്ട്. നിലവിലെ അൽഗോരിതം അനുസരിച്ച് ഒരു പോസ്റ്റ് നിങ്ങളെ കാണിക്കും മുമ്പ് ഫേസ്ബുക്ക് ചോദിക്കുന്ന സ്വയം ചില ചോദ്യങ്ങളുണ്ട്.
കുറച്ച് ദിവസങ്ങളായി ഫേസ്ബുക്കില്‍ കാണുന്ന പ്രവണതയാണ് അല്‍ഗോരിതം ചര്‍ച്ച. ഫേസ്ബുക്കില്‍ സെലിബ്രറ്റി, സാധാരണക്കാര്‍ എന്നിങ്ങനെ വ്യാത്യാസം ഇല്ലാതെയാണ് അല്‍ഗോരിതവുമായി ബന്ധപ്പെട്ട പോസ്റ്റ് വരുന്നത്. കുറച്ചുകാലമായി ഫേസ്ബുക്കില്‍ വരുന്ന മാറ്റങ്ങള്‍ പുതിയ പോസ്റ്റുകള്‍ കാണുന്നതിനും, പുതിയ വാര്‍ത്തകള്‍ അറിയുന്നതിനും തടസമാകുന്നു എന്നതാണ് പരാതിക്കാരുടെ പക്ഷം. ഒപ്പം തങ്ങളുടെ പോസ്റ്റ് എത്ര പേരില്‍ എത്തുന്നു എന്ന് അറിയാന്‍ ചില വിദ്യകളും മുന്നോട്ടുവയ്ക്കുന്നു. ഫേസ്ബുക്ക് അല്‍ഗോരിതത്തിന്‍റെ മാറ്റം കാരണം പോസ്റ്റുകൾക്ക് ആവശ്യമായ റീച്ച് ലഭിക്കുന്നുണ്ടോ എന്നത് സംശയമാണ്. ഈ പോസ്റ്റ് കാണുന്നവര്‍ കമന്‍റ് ബോക്സില്‍ കുത്തിയിട്ട് പോകുമോ എന്നൊക്കെയാണ് പല ചോദ്യങ്ങൾ വരുന്നത്.
ഫേസ്ബുക്ക് എന്നത് ഇന്ന് ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം, വാട്ട്സ്ആപ്പ് എല്ലാം ചേര്‍ന്ന വലിയ ശൃംഖലയാണ്. അതിന്‍റെതായ കരുത്തും, അതിന് അനുസരിച്ച മാറ്റവും കഴിഞ്ഞ രണ്ട് വര്‍ഷത്തില്‍ ഫേസ്ബുക്കില്‍ വന്നിട്ടുണ്ട്. നമുക്ക് അത് ന്യൂസ് ഫീഡില്‍ കാണാൻ സാധിക്കും.
ഫേസ്ബുക്ക് അടക്കമുള്ള ഏത് പ്ലാറ്റ്‌ഫോമിനും പ്രവര്‍ത്തനം കൃത്യമായി നടക്കാനും വരുമാനം നന്നായി ലഭിക്കാനുമുള്ള ഉപാധിയാണ് അല്‍ഗോരിതം. ഫേസ്ബുക്ക് പോലുള്ള സോഷ്യല്‍ മീഡിയാ പ്ലാറ്റ്‌ഫോമുകള്‍ അല്‍ഗോരിതത്തില്‍ അടിക്കടി ചെറിയ മാറ്റങ്ങള്‍ നടപ്പിലാക്കുകയും പിന്‍വലിക്കുകയുംചെയ്യാറുണ്ട്. ഇത് ഒരു ചെക്ക് ആന്റ് ബാലന്‍സ് സിസ്റ്റം ആണ്. 5000 സുഹൃത്തുക്കളാണ് ഫേസ്ബുക്ക് അനുവദിക്കുന്നത്. മനുഷ്യ ജീവിതത്തില്‍ ഒരാള്‍ക്ക് 5000 സുഹൃത്തുക്കളെ ഒരിക്കലും നിലനിര്‍ത്താനോ അവരോട് വ്യക്തിപരമായ കമ്യൂണിക്കേഷന്‍ നിലനിര്‍ത്താനോ സാധിക്കില്ല.
അതിനാല്‍ നിങ്ങളുടെ സുഹൃത്തുക്കളെ, നിങ്ങള്‍ക്ക് ആവശ്യമുള്ള കാര്യങ്ങളെ സാങ്കേതിക വിദ്യയുടെ പരിമിതിക്കപ്പുറം നിന്ന് തേടേണ്ടിവരും. വാര്‍ത്തകള്‍ തേടിപോകേണ്ടിവരും, നഷ്ടമായ പോസ്റ്റുകള്‍ തേടിപ്പോയി വായിക്കേണ്ടിവരും. ഇപ്പോള്‍ നിങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം അതുമാത്രമാണ്. ഫേസ്ബുക്ക് അല്‍ഗോരിതത്തില്‍ മാറ്റങ്ങള്‍ വരുത്തിയ രണ്ട് വര്‍ഷങ്ങളാണ് കഴിഞ്ഞു പോയത്. ഇപ്പോള്‍ നടത്തുന്ന ക്യാംപെയിനുകള്‍ ഇതില്‍ എന്തെങ്കിലും മാറ്റം വരുത്തുമോ എന്ന് പറയാൻ വയ്യ.
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ചാണ് ഫേസ്ബുക്ക് ഏതൊക്കെ പോസ്റ്റുകൾ കാണണം കാണേണ്ട എന്ന് തീരുമാനിക്കുന്നത്. ഒരാൾ ഒരു പോസ്റ്റ് ഇട്ടാൽ അത് ഏതൊക്കെ സുഹൃത്തുക്കൾ കാണണം എന്ന് തീരുമാനിക്കുന്നത് ഈ നിർമിതബുദ്ധിയാണ്. നിങ്ങൾ കൂടുതൽ ഇടപെടുന്ന ആളുകളുടെ പോസ്റ്റുകളാണ് കൂടുതലായി നിങ്ങളിലേക്കെത്തുക. സ്ഥിരം ചാറ്റ് ചെയ്യുന്ന, സ്ഥിരം ലൈക്ക് അടിക്കുന്ന സ്ഥിരം കമന്‍റ് ചെയ്യുന്ന ഒരു സുഹൃത്തുണ്ടെങ്കിൽ ആ പോസ്റ്റുകൾ സ്വാഭാവികമായും നിങ്ങളിലേക്ക് കൂടുതലെത്തും. എന്നാൽ, ഒരു കുത്തിട്ട് പോയതുകൊണ്ട് മാത്രം അൽഗോരിതത്തെ തോൽപ്പിച്ച് കൂടുതൽ പോസ്റ്റുകൾ കാണാനോ കൂടുതൽ പേരിലേക്ക് എത്താനോ സാധിക്കില്ല.