ഓപ്പണ്‍എഐ (OpenAI) എന്ന കമ്പനി അവതരിപ്പിച്ച ചാറ്റ്ജിപിറ്റി(ChatGPT)യാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ചർച്ചാവിഷയം. ലോകം കീഴടക്കാൻ മനുഷ്യൻ ആശ്രയിക്കുന്ന ഗൂഗിൾ ഭൂഗോളം കീഴടക്കിയപ്പോൾ, സെർച്ച് എഞ്ചിനിലെ ഗൂഗിളിന്റെ ആധിപത്യം അവസാനിപ്പിക്കാൻ ചാറ്റ്ജിപിറ്റി എന്ന ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ചാറ്റ്‌ബോട്ടിന് സാധിക്കുമോ? ഗൂഗിളിനേക്കാളും മികച്ചതെന്ന് പലരും അഭിപ്രായപ്പെടുന്ന ചാറ്റിജിപിറ്റി എന്താണെന്നും, അതിന്റെ പ്രവർത്തന രീതിയും, നേട്ടങ്ങളും കൂടാതെ ഉയർന്നുവരുന്ന ആശങ്കകളും എന്തെല്ലാമെന്ന് വിശദമായി അറിയാം.
കഴിഞ്ഞയാഴ്ചയാണ്, ഡാൾ-ഇ എന്ന ടെക്സ്റ്റ്-ടു-ഇമേജ് ജനറേറ്ററിന്റെ സൃഷ്ടാക്കളായ ഓപ്പൺഎഐ ചാറ്റിജിപിറ്റി എന്ന പുതിയ ചാറ്റ്ബോട്ട് അവതരിപ്പിച്ചത്. ChatGPT ഒരു 'സംഭാഷണാത്മക' AI ആണ്. ഒരാളുടെ ചോദ്യങ്ങൾക്ക് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ച് ഉത്തരം പറയുന്നു എന്നതാണ് ഇതിന്റെ എടുത്തുപറയേണ്ട നേട്ടം. GPT-3.5 എന്ന ഭാഷാ മോഡലിനെ അടിസ്ഥാനമാക്കിയുള്ളതും മനുഷ്യനെപ്പോലെ വാചകങ്ങൾ നിർമിക്കാൻ സാധിക്കുന്നതുമായ ഒരു ചാറ്റ്‌ബോട്ടാണ് ChatGPT. OpenAIയുടെ ചാറ്റ്ജിപിറ്റി ഗൂഗിളിന് ബദലായി ഉപയോഗിക്കാമെന്ന് പറയുന്നു.
ChatGPT ചിലപ്പോഴൊക്കെ തെറ്റായ വിവരങ്ങൾ നൽകുമെന്ന് അഭിപ്രായങ്ങളുണ്ട്. കൂടാതെ, ഇതിലുള്ള വിവരങ്ങൾ 2021ന് മുമ്പ് നടന്ന സംഭവങ്ങളിൽ മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നു.
ഗൂഗിൾ ഒരു സെർച്ച് എഞ്ചിൻ ആണ്. ChatGPT ഒരു ചാറ്റ്‌ബോട്ടും. അതിനാൽ തന്നെ ഗൂഗിളിനേക്കാൾ മെച്ചപ്പെട്ട രീതിയിൽ പ്രവർത്തിച്ചാലും ചാറ്റ്ജിപിറ്റിയ്ക്ക് ഗൂഗിൾ നൽകുന്ന സേവനങ്ങൾ പൂർണമായി പ്രദാനം ചെയ്യാൻ സാധിച്ചെന്ന് വരില്ല.