നെറ്റ്ഫ്ലിക്സിന് പിന്നാലെ പാസ്‌വേഡ് പങ്കുവെക്കലിന് തടയിടാൻ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറും. ഇന്ത്യയിൽ ധാരാളം ഉപഭോക്താക്കളുള്ള ഒടിടി പ്ലാറ്റ്ഫോമാണ് ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ. നിരവധി ഉപഭോക്താക്കൾ സ്വന്തം അക്കൗണ്ടിന്റെ പാസ്‌വേഡ് മറ്റ് സുഹൃത്തുക്കൾക്ക് പങ്കുവെക്കുന്നതിനെ തുടർന്നാണ് പുതിയ നടപടി സ്വീകരിക്കാൻ ഹോട്സ്റ്റാർ തയ്യാറാകുന്നത്.
പ്രീമിയം ഉപയോക്താക്കളെ നാല് ഉപകരണങ്ങളിൽ നിന്ന് മാത്രം ലോഗ് ഇൻ ചെയ്യാൻ അനുവദിക്കുന്നതായിരിക്കും ഹോട്സ്റ്റാറിന്റെ പുതിയ നയം. നിലവിൽ പ്രീമിയം ഉപഭോക്താക്കൾക്ക് 10 ഉപകരണങ്ങളിൽ വരെ അക്കൗണ്ട് ലോഗ് ഇൻ ചെയ്യാൻ സാധിക്കുന്നതാണ്. ഇത് വളരെ വലിയ രീതിയിൽ ദുരുപയോഗം ചെയ്യുന്നുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് കമ്പനിയുടെ പുതിയ നടപടി. ഈ വർഷം അവസാനത്തോടെ പുതിയ നയം നടപ്പിലാക്കും എന്നാണ് എനിക്ക് മനസ്സിലാക്കാൻ കഴിഞ്ഞത്.
പുതിയ നിയന്ത്രണങ്ങൾ നടപ്പിലാക്കിയാൽ അക്കൗണ്ട് ഇല്ലാതെ ഹോട്സ്റ്റാർ ആസ്വദിക്കുന്നവർ അക്കൗണ്ട് എടുക്കുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്. അതേ സമയം ഇന്ത്യയിൽ നിലവിൽ മികച്ച വ്യവസായങ്ങളിൽ ഒന്നായി മാറിയിരിക്കുകയാണ് ഡിജിറ്റൽ സ്ട്രീമിംഗ്. വിവിധ കണക്കുകൾ അനുസരിച്ച് 2027-ഓടെ ഇന്ത്യയുടെ സ്ട്രീമിംഗ് വിപണി 7 ബില്യൺ ഡോളറായി വളരും എന്നാണ് പ്രതീക്ഷിക്കുന്നത്. ഡിസ്നി, നെറ്റ്ഫ്ലിക്സ്, ആമസോൺ, ജിയോസിനിമ എല്ലാം ഇതിനോടകം തന്നെ പ്രത്യേകം പ്രേക്ഷകരെ നേടിയിട്ടുണ്ട്.
നിലവിൽ ഹോട്സ്റ്റാറിന് 50 ദശലക്ഷത്തോളം സബ്സ്ക്രൈബെർസ് ഉണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. എന്നാൽ പ്രീമിയം വരിക്കാരിൽ ഏകദേശം നാല് ശതമാനം ആളുകൾ മാത്രമാണ് നാല് ഉപകരണങ്ങളിൽ നിന്ന് അക്കൗണ്ടിൽ ലോഗ് ഇൻ ചെയ്യുന്നുള്ളു ആയതിനാൽ പുതിയ നയം കൊണ്ടുവരാൻ സാധ്യത ഇല്ലെന്നും ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നുണ്ട്. പുതിയ നയങ്ങളിൽ അസ്വസ്തരായി ഉപഭോക്താക്കൾ കുറയുമോ എന്ന ഭയവും ഹോട്സ്റ്റാറിനുണ്ട്. ആയതിനാൽ വ്യക്തമായി പരിശോധിച്ചതിന് ശേഷം മാത്രമായിരിക്കും പുതിയ നയം നടപ്പിലാക്കു.
ഡിസ്നിയുടെ പ്രധാന എതിരാളികളായ ആമസോൺ പ്രൈം, നെറ്റ്ഫ്ലിക്സ് എന്നിവർക്ക് അഞ്ച് ശതമാനം കാഴ്ചക്കാര് മാത്രമാണ് ഉള്ളതെന്നും കണക്കുകൾ സൂചിപ്പിക്കുന്നു. അതേ സമയം അടുത്തിടെ നെറ്റ്ഫ്ലിക്സ് ഇന്ത്യയിൽ പാസ്‌വേഡ് പങ്കുവെക്കൽ തടയാൻ പുതിയ നയം സ്വീകരിച്ചിരുന്നു. ഇന്ത്യക്ക് പുറമെ മറ്റ് പല രാജ്യങ്ങളിലും നെറ്റ്ഫ്ലിക്സ് പുതിയ നയം നടപ്പിലാക്കിയിരുന്നു. ഇതിന് പിന്നാലെ 6 മില്യൺ ആളുകൾ സബ്സ്ക്രിപ്ഷൻ പുതിയതായി എടുത്തു എന്നും നെറ്റ്ഫ്ലിക്സ് പറയുന്നു.
ഒരു കുടുംബത്തിലുള്ളവർക്ക് മാത്രമാണ് ഒരു അക്കൗണ്ട് ഉപയോഗിക്കാൻ സാധിക്കു എന്നതാണ് നെറ്റ്ഫ്ലിക്സ് പുതിയതായി സ്വീകരിച്ചിരിക്കുന്ന നയം. ഇത് നടപ്പിലാക്കിയതോടെ ഏകദേശം 100 മില്യൺ ആളുകൾക്ക് പ്ലാറ്റ്ഫോം ഉപയോഗിക്കാൻ സാധിക്കാതായെന്നും നെറ്റ്ഫ്ലിക്സ് പറയുന്നു. ഇതിന് പിന്നാലെയാണ് അതേ പാതയിൽ ഹോട്സ്റ്റാറും സഞ്ചരിക്കുന്നത്. അതേ സമയം സൂപ്പർ, പ്രീമിയം എന്നിങ്ങനെയാണ് ഡിസ്നി പ്ലസ് ഹോട്സ്റ്റാർ ഉപഭോക്താക്കൾക്ക് സേനവം നൽകുന്നത്. സൂപ്പർ പ്ലാനിന് ഒരു വർഷത്തേക്ക് 899 രൂപയാണ് നൽകേണ്ടത്. പ്രീമിയം പ്ലാനിനാകട്ടെ ഒരു വർഷത്തേക്ക് 1499 രൂപയും നൽകേണ്ടതുണ്ട്. ഒരു മാസത്തേക്കായും പ്രീമിയം പ്ലാൻ ലഭ്യമാണ്. ഇതിന് 299 രൂപയാണ് മുടക്കേണ്ടത്.