ഇരുചക്ര വാഹന നിര്‍മാതാക്കളായ ഹോണ്ട ടൂവീലേഴ്‌സ് ഉപഭോക്താക്കളുടെ സുരക്ഷയ്ക്കും സമ്പര്‍ക്ക രഹിത ഇടപഴകലിനും മുന്‍ഗണന നല്‍കിക്കൊണ്ട് ഡിജിറ്റല്‍ സമ്പര്‍ക്ക സംവിധാനം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ഹോണ്ട ബിഗ്‌വിങ് വെര്‍ച്വല്‍ ഷോറൂം ആരംഭിച്ചു. വെര്‍ച്വല്‍ റിയാല്‍റ്റി സാങ്കേതികവിദ്യയില്‍ പ്രവര്‍ത്തിക്കുന്ന ഈ പ്ലാറ്റ്‌ഫോം ഉപയോക്താക്കള്‍ക്ക് വീട്ടിലിരുന്ന് ഹോണ്ട മോട്ടോര്‍ സൈക്കിള്‍ ശ്രേണി, റൈഡിങ് ഗിയര്‍, ആക്‌സസറികള്‍ എന്നിവയുടെ ചെറിയചെറിയ കാര്യങ്ങള്‍ പോലും സൂക്ഷ്മവും വിശദവുമായി മനസിലാക്കാനുള്ള അവസരമാണ് കമ്പനി ഇതിലൂടെ ലഭ്യമാക്കുന്നത്. നിലവില്‍ ഹോണ്ട ഹൈനസ് സിബി350യുടെ മുഴുവന്‍ സവിശേഷതകളും ഈ പ്ലാറ്റ്‌ഫോമില്‍ ലഭ്യമാണ്. എല്ലാ പ്രീമിയം മോഡലുകളുടെയും വിവരങ്ങള്‍ വൈകാതെ ലഭ്യമാക്കുമെന്നും കമ്പനി അറിയിച്ചു.
ഉപഭോക്താക്കളുടെ സുരക്ഷയും സൗകര്യവും കണക്കിലെടുത്തുകൊണ്ടുതന്നെ അവരുടെ കൂടുതല്‍ അടുത്തേയ്ക്ക് തങ്ങളുടെ ഉല്‍പന്ന നിര എത്തിക്കുക എന്നതാണ് ഈ വെര്‍ച്വല്‍ ഷോറൂമിലൂടെ ലക്ഷ്യമിടുന്നത്. ഹോണ്ട ബിഗ്‌വിങിന് കീഴിലുള്ള പ്രീമിയം മോട്ടോര്‍സൈക്കിള്‍ ശ്രേണി സമ്പൂര്‍ണമായി ലഭ്യമാക്കുന്ന ഈ പ്ലാറ്റ്‌ഫോം തീര്‍ച്ചയായും തങ്ങളുടെ ഉപഭോക്താക്കളെ സന്തോഷിപ്പിക്കും, ഹോണ്ട മോട്ടോര്‍ സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യയുടെ സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിങ് വിഭാഗം ഡയറക്ടര്‍ യാദവീന്ദര്‍ സിങ് ഗുലേരിയ പറഞ്ഞു.
ഷോറൂമില്‍ പോയി വാഹനം വാങ്ങുന്നതിന് സമാനമായ അനുഭവം വാഗ്ദാനം ചെയ്യുന്ന ഈ വെര്‍ച്വല്‍ ഷോറൂം വാഹനങ്ങളുടെയും മറ്റ് ഉല്‍പന്നങ്ങളുടെയും 360 ഡിഗ്രി കാഴ്ചയും വെര്‍ച്വല്‍ ചാറ്റ് സംവിധാനവും എളുപ്പത്തില്‍ ഓണ്‍ലൈന്‍ ബുക്കിങ്ങിനുള്ള സൗകര്യവും ലഭ്യമാക്കുന്നു.
ഉപഭോക്താക്കള്‍ക്ക് അവരുടെ താമസസ്ഥലത്തിന്റെ അടിസ്ഥാനത്തില്‍ സൗകര്യപ്രദമായ ഡീലര്‍ഷിപ്പ് തെരഞ്ഞെടുക്കാനും ഹോണ്ട ടൂവീലര്‍ ഇഷ്ടാനുസൃതമാക്കാനും ഈ പ്ലാറ്റ്‌ഫോമില്‍ സൗകര്യമുണ്ട്. www.hondabigwingindia.com എന്ന വെബ്‌സൈറ്റിലൂടെ വെര്‍ച്വല്‍ ഷോറൂം ആസ്വദിക്കാം.