ഇലക്ട്രിക്ക് റിക്ഷാ ടാക്സികള്‍ക്ക് ബാറ്ററി പങ്കുവയ്ക്കുന്ന സേവനവുമായി ഹോണ്ട

Updated on 05-Nov-2021
HIGHLIGHTS

ഹോണ്ടയുടെ പുതിയ സംരഭങ്ങൾ ഇതാ പുറത്തിറങ്ങുന്നു

ഇലക്ട്രിക്ക് റിക്ഷാ ടാക്സികള്‍ക്ക് ബാറ്ററി പങ്കുവയ്ക്കുന്ന സേവനവുമായാണ് എത്തുന്നത്

 കൊച്ചി : ഹോണ്ട മോട്ടോര്‍ കമ്പനി 2022 ആദ്യ പകുതിയോടെ ഹോണ്ട മൊബൈല്‍ പവര്‍ പാക്ക് ഉപയോഗിച്ച് ഇന്ത്യയിലെ ഇലക്ട്രിക്ക് റിക്ഷാ ടാക്സികള്‍ക്കായി ബാറ്ററി പങ്കുവയ്ക്കുന്ന സേവനം ആരംഭിക്കുന്നു.ഇന്ത്യന്‍ സമ്പദ് രംഗം വളരുമ്പോള്‍ ഊര്‍ജ്ജാവശ്യം വര്‍ധിക്കുന്നു, ഒപ്പം മലിനീകരണ സ്ഥിതി വഷളാകുന്നു. ഈ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനായാണ് രാജ്യത്തുടനീളം പുനരുപയോഗ ഊര്‍ജ്ജ ഉപയോഗം വിപുലമാക്കാന്‍ ശ്രമങ്ങള്‍ ആരംഭിച്ചത്. 

രാജ്യത്തെ 20ശതമാനം ഹരിത ഗൃഹ വാതക പുറം തള്ളലിന്  കാരണമായ ട്രാന്‍സ്പോര്‍ട്ട് രംഗത്തിന്റെ വൈദ്യുതിവല്‍ക്കരണം ഇതിന് നിര്‍ണായകമാണ്. ഇന്ത്യയില്‍ എട്ട് ദശലക്ഷത്തിലധികം യൂണിറ്റ് ഓട്ടോ റിക്ഷകളുണ്ട്്. നഗരപ്രദേശങ്ങളില്‍, ഈ റിക്ഷകള്‍ പ്രധാനമായും സിഎന്‍ജി (കംപ്രസ്ഡ് നാച്ചുറല്‍ ഗ്യാസ്) ഉപയോഗിച്ചാണ് പ്രവര്‍ത്തിക്കുന്നത്, വൈദ്യുതീകരണത്തിന് ഇത് ഒരു പ്രധാന വെല്ലുവിളിയാണ്. 

നിലവില്‍ വിപണിയില്‍ ലഭ്യമായ ഇലക്ട്രിക്ക് മൊബിലിറ്റി ഉല്‍പ്പന്നങ്ങള്‍ ഹ്രസ്വ റേഞ്ച്, നീണ്ട ചാര്‍ജിംഗ് സമയം, ബാറ്ററികളുടെ ഉയര്‍ന്ന വില എന്നിങ്ങനെ മൂന്ന് പ്രശ്‌നങ്ങള്‍ അഭിമുഖീകരിക്കുന്നു. വൈദ്യുതീകരണം ത്വരിതപ്പെടുത്തുന്നതിനും പുനരുപയോഗിക്കാവുന്ന ഊര്‍ജ്ജത്തിന്റെ ഉപയോഗം വിപുലീകരിക്കുന്നതിനുമുള്ള ഇന്ത്യയുടെ ശ്രമങ്ങള്‍ക്ക് പിന്തുണ നല്‍കുന്നതിനായി, കൈമാറ്റം ചെയ്യാവുന്ന ബാറ്ററികളുടെ ഉപയോഗത്തിലൂടെയും അത്തരം ബാറ്ററികള്‍ പങ്കിടുന്നതിലൂടെയും ഈ മൂന്ന് പ്രശ്‌നങ്ങള്‍ ഇല്ലാതാക്കാന്‍ ഹോണ്ട പ്രവര്‍ത്തിക്കും. ഇതിന്റെ ഭാഗമായാണ് 2022 ആദ്യ പകുതിയോടെ ഹോണ്ട ഇലക്ട്രിക്ക് റിക്ഷകള്‍ക്കായി എംപിപിഇയുടെ സഹായത്തോടെ ബാറ്ററി പങ്കുവയ്ക്കുന്ന സേവനം ആരംഭിക്കുന്നത്.

ഹോണ്ടയുടെ ബാറ്ററി പങ്കുവയ്ക്കല്‍ സേവനം പ്രകാരം റിക്ഷാ ഡ്രൈവര്‍മാര്‍ സിറ്റിയിലെ ഏറ്റവും അടുത്ത ബാറ്ററി കൈമാറ്റ സ്റ്റേഷനിലെത്തി ചാര്‍ജ് കുറഞ്ഞ എംപിപിഇ കൈമാറി പൂര്‍ണമായും ചാര്‍ജ് ചെയ്ത എംപിപിഇ പകരം സ്വീകരിക്കും. ബാറ്ററി ചാര്‍ജ് തീര്‍ന്നു പോകുമെന്ന ഡ്രൈവര്‍മാരുടെ ആശങ്ക ഇതോടെ ഒഴിവാകും. റിക്ഷാ ബാറ്ററി ചാര്‍ജ് ചെയ്യാനായി കാത്തിരുന്ന് ഉപഭോക്താക്കളെ നഷ്ടപ്പെടുത്തുകയും വേണ്ട.

സേവനം ആരംഭിക്കുന്നതിന്റെ ഭാഗമായി ഹോണ്ട ബാറ്ററി ഷെയറിങ്ങിനായി പ്രാദേശിക സ്ഥാപനങ്ങള്‍ സ്ഥാപിക്കും. ഇവര്‍ ഹോണ്ടയുടെ മൊബൈല്‍ പവര്‍ പാക്ക് എക്സ്ചേഞ്ചര്‍ ഇന്‍സ്റ്റാള്‍ ചെയ്ത് നഗരങ്ങളില്‍ ബാറ്ററി ഷെയറിങ് സേവനങ്ങള്‍ നടത്തും. ഇലക്ട്രിക്ക് റിക്ഷാ ഉല്‍പ്പാദകരുമായി ചേര്‍ന്ന് തെരഞ്ഞെടുക്കപ്പെട്ട നഗരങ്ങളിലായിരിക്കും ആദ്യം സേവനം ആരംഭിക്കുക.

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :