നിർത്താതെ ഓടി ഗിന്നസിൽ കേറി ഹീറോ വിഡ
വിഡ V1 ഇലക്ട്രിക് സ്‌കൂട്ടറിലൂടെ ഗിന്നസ് ലോക റെക്കോഡ് നേടി
1780 കി.മീ മൈല്‍ ദൂരമാണ് 24 മണിക്കൂറിനിടെ ഹീറോ വിഡ V1 പിന്നിട്ടത്
രണ്ട് വേരിയന്റുകളിലാണ് ഹീറോ വിഡ V1 ഇലക്ട്രിക് സ്‌കൂട്ടര്‍ ലഭ്യമാകുന്നത്
വിഡ V1 ഇലക്ട്രിക് സ്‌കൂട്ടറിലൂടെ ഗിന്നസ് ലോക റെക്കോഡിട്ടിരിക്കുകയാണ് ഹീറോ മോട്ടോകോര്‍പ്. 24 മണിക്കൂറിനുള്ളില്‍ ഒരു ഇലക്ട്രിക് സ്‌കൂട്ടര്‍ ഏറ്റവും കൂടുതല്‍ ദൂരം പിന്നിട്ടതിനുള്ള റെക്കോഡാണ് വിഡ V1 സ്വന്തമാക്കിയത്. 1780 കി.മീ അതായത് 1106.04 മൈല്‍ ദൂരമാണ് 24 മണിക്കൂറിനിടെ ഹീറോ വിഡ V1 പിന്നിട്ടത്. ജയ്പൂരിലെ ഹീറോ സെന്റര്‍ ഫോര്‍ ഇന്നൊവേഷനില്‍ വെച്ച് ഏപ്രില്‍ 20 മുതല്‍ 21 വരെയുള്ള സമയത്തിനിടെയായിരുന്നു റെക്കോഡ് നേട്ടം. 350 കിലോമീറ്ററായിരുന്നു മുന്‍ റെക്കോഡ്.
ഏപ്രില്‍ 20 ന് രാവിലെ 6:45-നാണ് ഹീറോ വിഡ റെക്കോര്‍ഡ് നേട്ടം കൈവരിക്കാനായിട്ടുള്ള ശ്രമം ആരംഭിച്ചത്. ആറ് റൈഡര്‍മാര്‍ അടങ്ങുന്ന ടീം റിലേ ഫോര്‍മാറ്റില്‍ മാറിമാറിയാണ് സ്‌കൂട്ടര്‍ ഓടിച്ചത്. 2 മണിയോടെ ഹീറോ വിഡ V1 നിലവിലുള്ള റെക്കോര്‍ഡ് തകര്‍ത്തു. ശേഷം 1780 കിലോമീറ്റര്‍ കൂടി ഓടിപ്പൂര്‍ത്തിയാക്കിയ ശേഷമാണ് ഹീറോ വിഡ V1 റെക്കോഡ് പുസ്തകത്തിലേക്ക് ഓടിക്കയറിയത്.
വെറും 20 സെക്കന്‍ഡിനുള്ളില്‍ ബാറ്ററികള്‍ മാറ്റി CIT എഞ്ചിനിയര്‍മാരും റെക്കോഡ് നേട്ടത്തില്‍ സുപ്രധാന പങ്ക് വഹിച്ചു. റെക്കോഡ് ശ്രമം നടക്കുന്നതിനിടെ ആംബിയന്റ് താപനില 40 ഡിഗ്രി സെല്‍ഷ്യസിലും ട്രാക്കിലെ താപനില 50 ഡിഗ്രിയിലും കൂടുതലായിരുന്നുവെന്നാണ് കമ്പനി പറയുന്നത്. കടുത്ത ചൂടിലും ഇവി മികച്ച പെര്‍ഫോമന്‍സ് പുറത്തെടുത്തതായി ഹീറോ വ്യക്തമാക്കി.
V1 പ്ലസ്, V1 പ്രോ എന്നിങ്ങനെ രണ്ട് വേരിയന്റുകളിലാണ് ഹീറോ വിഡ V1 ഇലക്ട്രിക് സ്‌കൂട്ടര്‍ ലഭ്യമാകുന്നത്. ഒറ്റ ചാര്‍ജില്‍ ഇലക്ട്രിക് സ്‌കൂട്ടര്‍ 165 കിലോമീറ്റര്‍ റേഞ്ച് നല്‍കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. മണിക്കൂറില്‍ 80 കിലോമീറ്റര്‍ ആണ് പരമാവധി വേഗത. ഹീറോ വിഡ ഇലക്ട്രിക് സ്‌കൂട്ടറുകളുടെ വില കുറച്ചിരുന്നു. വിഡ V1 ഇവിയുടെ വില കുറച്ചാണ് ഹീറോ എതിരാളികളോട് മത്സരിക്കുന്നത്. വിഡ V1 പ്ലസിന് 25,000 രൂപയും വിഡ V1 പ്രോയ്ക്ക് 20,000 രൂപയുമാണ് കമ്പനി വെട്ടിക്കുറച്ചത്. വിഡ V1 പ്ലസ്, V1 പ്രോ എന്നിവക്ക് ഇപ്പോള്‍ യഥാക്രമം 1.20 ലക്ഷം രൂപയും 1.40 ലക്ഷം രൂപയുമാണ് എക്‌സ്‌ഷോറൂം വില വരുന്നത്. സംസ്ഥാന സബ്‌സിഡി കൂടി വന്നാൽ V1 പ്ലസിന് 1.45 ലക്ഷം രൂപയും V1 പ്രോയ്ക്ക് 1.59 ലക്ഷം രൂപയുമായി വില വരും. പുതുക്കിയ വില ഫെയിം II സബ്സിഡിയും പോര്‍ട്ടബിള്‍ ചാര്‍ജറും ഉള്‍പ്പെടെയാണെന്നതും ശ്രദ്ധേയമാണ്.