ഇന്ത്യന്‍വംശജന്‍ ഋഷി സുനക് ബ്രിട്ടന്റെ പ്രധാനമന്ത്രിയായി അധികാരമേറ്റത് വലിയ വാർത്തയായിരുന്നു. അതുപോലെ ഇപ്പോൾ ആരാണ് ട്രെൻഡിലെന്ന് ചോദിച്ചാൽ അത് ChatGPTയാണ്. Googleനെ വരെ മലർത്തിയടിക്കാൻ കെൽപ്പുള്ളതാണ് ഈ AI ചാറ്റ്‌ബോട്ട് എന്നാണ് പറയുന്നത്. എന്ത് ചോദിച്ചാലും കൃത്യമായി മറുപടി നൽകാനും വൃത്തിക്ക് എഴുതിനൽകാനും ചാറ്റ്ജിപിറ്റിക്ക് ശേഷിയുണ്ടെന്നതാണ് ഏറ്റവും പ്രധാന സവിശേഷത. അങ്ങനെയെങ്കിൽ ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്കിനെ ചാറ്റ്ജിപിറ്റി അഭിമുഖം നടത്തിയാൽ എങ്ങനെയിരിക്കും?
യുകെ പ്രധാനമന്ത്രി ഋഷി സുനക്കിനോട് ചാറ്റ്ജിപിറ്റി ചില ചോദ്യങ്ങൾ ആരാഞ്ഞു. അതിനെല്ലാം Rishi Sunak മറുപടി നൽകുകയും ചെയ്തു. ഋഷി സുനക്കിനൊപ്പം മൈക്രോസോഫ്റ്റ് സഹസ്ഥാപകൻ ബിൽ ഗേറ്റ്‌സും അഭിമുഖത്തിൽ പങ്കുചേർന്നിരുന്നുവെന്നാണ് ഇന്ത്യാ ടുഡേ റിപ്പോർട്ട് ചെയ്യുന്നത്. മാത്രമല്ല, AI ചാറ്റ്‌ബോട്ടുമായുള്ള അഭിമുഖത്തിന്റെ ഭാഗം Bill Gates തന്റെ ലിങ്ക്ഡ്‌ഇൻ പേജിൽ പങ്കുവച്ചിട്ടുണ്ട്.
അടുത്ത പത്ത് വർഷത്തിനുള്ളിൽ ആഗോള സമ്പദ്‌വ്യവസ്ഥയിലും തൊഴിൽ വിപണിയിലും സാങ്കേതികവിദ്യ എങ്ങനെ സ്വാധീനിക്കുമെന്നായിരുന്നു ചാറ്റ്ജിപിറ്റിയുടെ ചോദ്യം. ആരോഗ്യ പരിപാലനത്തിലും വിദ്യാഭ്യാസത്തിലും തൊഴിലാളി ക്ഷാമം നിലനിൽക്കുന്നതിനാൽ ഈ മേഖലയിൽ നമ്മൾ കൂടുതൽ കാര്യക്ഷമമായി പ്രവർത്തിക്കേണ്ടതുണ്ടെന്നാണ് ബിൽ ഗേറ്റ്‌സ് വിശദമാക്കിയത്. AI പോലെയുള്ള സാങ്കേതികവിദ്യ കൂടുതൽ കാര്യക്ഷമമായി പ്രവർത്തിക്കാൻ ഇതിന് സഹായിക്കുമെന്ന പ്രതീക്ഷയും അദ്ദേഹം പങ്കുവച്ചു.
അടുത്ത യുഗം AIയുടേതാണെന്ന് പറയുമ്പോൾ തന്നെ, ബിൽ ഗേറ്റ്സിന്റെയും ഋഷി സുനക്കിന്റെയും ജോലിയും ഇത്തരം സാങ്കേതിക വിദ്യകൾ കൈയേറുമോ എന്നതായിരുന്നു അടുത്ത ചോദ്യം. ഇതിന് ബിൽ ഗേറ്റ്സ് നൽകിയ മറുപടിയും ശ്രദ്ധേയമായിരുന്നു. താൻ എന്തെങ്കിലുമൊക്കെ എഴുതുമ്പോൾ AIയുടെ സഹായം തേടാറുണ്ട്. മാത്രമല്ല, പാട്ടുകളും കവിതകളും മറ്റും എഴുതാൻ താൻ AI ഉപയോഗിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ഈ ചോദ്യത്തിന് ബ്രിട്ടീഷ് പ്രധാനമന്ത്രി പറഞ്ഞത്, ആഴ്ച തോറുമുള്ള പ്രധാനമന്ത്രിയുടെ ചോദ്യോത്തര വേള AI ഏറ്റെടുക്കുകയായിരുന്നുവെങ്കിൽ വളരെ നന്നായിരുന്നു എന്നതാണ്.