UPI ഇന്ത്യക്കാർക്കിടയിൽ വലിയ ജനപ്രീതി നേടിയിരിക്കുകയാണ്. ആദ്യമായി യുപിഐ സേവനം ആരംഭിച്ച രാജ്യവും ഇന്ത്യ തന്നെ. എങ്കിലും ഇന്ന് റിപ്പോർട്ട് ചെയ്യുന്ന online scam-കളിൽ പലതും ഡിജിറ്റൽ പേയ്മെന്റ് വഴിയാണ്. നമ്മുടെ ചില പാളിച്ചകൾ തട്ടിപ്പുകാർ അവരുടെ അക്കൌണ്ടിലേക്ക് പണം മുഴുവനും ഊറ്റിയെടുക്കുന്നതിനുള്ള ചൂണ്ടയാക്കുന്നു.
പുതിയതായി വരുന്ന സാധാരണ ഫീച്ചർ ഫോണുകളിൽ വരെ യുപിഐ സേവനം ലഭ്യമായിത്തുടങ്ങി. ഇങ്ങനെ സാധാരണക്കാർ പോലും ചെറിയ പേയ്മെന്റുകൾക്കും വലിയ പണം കൈമാറ്റത്തിനും UPI ഉപയോഗിക്കുന്നു.
Google Pay, PhonePe, Paytm തുടങ്ങിയവയെല്ലാമാണ് ഇന്ത്യക്കാർ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന യുപിഐ സേവനങ്ങൾ. ഇന്ന് ഈ പേയ്മെന്റ് സേവനങ്ങളുടെ പ്രചാരം വർധിച്ചതിനാൽ തന്നെ ഇതുപയോഗിച്ചുള്ള തട്ടിപ്പുകളും വർധിക്കുന്നു. യുപിഐ ഉപയോക്താക്കൾക്ക് ഇത്തരം തട്ടിപ്പുകളിൽ നിന്ന് ജാഗ്രത നൽകുന്നതിനായി എൻപിസിഐ എന്ന ദേശീയ പേയ്മെന്റ് കോർപ്പറേഷൻ കാമ്പെയ്‌ൻ നടത്തിവരുന്നു.
ഉപയോക്താക്കളെ കബളിപ്പിച്ചുകൊണ്ടാണ് ഇങ്ങനെ പണം കൈമാറ്റം നടത്തുന്നത്. അപകടകരമായ ലിങ്കുകൾ വഴിയും ഓഫറുകളിലൂടെയുമാണ് പലപ്പോഴും തട്ടിപ്പ് നടക്കുന്നതും. UPI Scam എങ്ങനെ നടക്കുന്നുവെന്നും ഇതിനെ ചെറുക്കാനുള്ള പോംവഴികളും NPCI നിർദേശിക്കുന്നുണ്ട്.
പ്രധാനമായും നടക്കുന്ന യുപിഐ തട്ടിപ്പുകളെ കുറിച്ചാണ് ഇവിടെ വിവരിക്കുന്നത്. വിശദമായി അറിയാം…
ഏതെങ്കിലും കസ്റ്റമർ കെയറാണെന്നോ മറ്റോ പറഞ്ഞ് നിങ്ങളെ ബന്ധപ്പെടുന്നവർ പണത്തിന് പകരം യുപിഐ വഴി പേയ്മെന്റ് നടത്താൻ ആവശ്യപ്പെടുന്നെങ്കിൽ സൂക്ഷിച്ചോളൂ, ഇത് പണിയാണ്. ഇരട്ടി ലാഭമായി പണം നൽകുമെന്നും മറ്റുമുള്ള പേയ്മെന്റുകൾ ഇങ്ങനെ തട്ടിപ്പ് നടത്തുന്നവരുടെ ആയിരിക്കും. ആദ്യം നിങ്ങളുടെ വിശ്വാസ്യത നേടാൻ ഇവർ പണം നിങ്ങൾക്ക് അയച്ചുതരും. എന്നാൽ നിങ്ങളുടെ യുപിഐ ആക്സസും ഒടിപിയുമെല്ലാം തന്ത്രപരമായി ഇവർ കൈക്കലാക്കിയിട്ടുണ്ടാകും. അതും പെട്ടെന്ന് പേയ്മെന്റ് നടത്താനും മറ്റും ഇവർ ആവശ്യപ്പെടുന്നെങ്കിൽ വളരെ സൂക്ഷിക്കണം.
നിയമാനുസൃതമായ യുപിഐ ആപ്പുകളാണെന്ന രീതിയിൽ വ്യാജ വെബ്‌സൈറ്റുകളും കസ്റ്റമർ കെയർ സൈറ്റുകളും ക്രിയേറ്റ് ചെയ്ത് ഇവയിൽ ബന്ധപ്പെടുന്നവർക്ക് ഇ-മെയിലുകളും മെസേജുകളും അയച്ച് പണം തട്ടുന്ന രീതിയാണിത്. ഇവർ അയക്കുന്ന മെസേജുകളിലെ അപകടകരമായ ലിങ്കുകളിൽ ക്ലിക്ക് ചെയ്യുന്നതിലൂടെ നമ്മുടെ അക്കൌണ്ടിലേക്ക് ആക്സസ് നേടാൻ ഇവർ ശ്രമിക്കും.
ഇങ്ങനെ ഒടിപി ആക്സസ് ചോദിച്ചാൽ യാതൊരു കാരണവശാലും അത് പങ്കുവയ്ക്കരുത്.
ഗൂഗിളിൽ ആദ്യം ലഭിക്കുന്ന കസ്റ്റമർ കെയർ നമ്പറുകളിൽ ബന്ധപ്പെടുമ്പോൾ അമളി പറ്റുന്നതും ഇങ്ങനെ തന്നെയാണ്.
Fake investment scheme-കളിലൂടെ നിങ്ങളെ സമീപിച്ച് പണം തട്ടാനായിരിക്കും ചില സൈബർ കുറ്റവാളികളുടെ ശ്രമം. ഒരു നിശ്ചിത തുകയുടെ നിക്ഷേപം നടത്തിയാൽ നിങ്ങൾക്ക് ഇത്ര ഇരട്ടിയ്ക്ക് പണം ലഭിക്കുമെന്നും മറ്റും വാഗ്ദാനം നൽകിയാണ് ഓൺലൈനായി കബളിപ്പിക്കുന്നത്. പരമാവധി ആകർഷകമായ റിവാർഡുകളും ഈ സ്കീമുകളിൽ ഓഫർ ചെയ്യുമ്പോൾ, ആളുകൾ ഇതിലേക്ക് തൽപ്പരരായി പണം നിക്ഷേപിക്കും. ഈ പണവും പിന്നീട് ഇവർ പങ്കുവയ്ക്കുന്ന അക്കൌണ്ട് വിവരങ്ങളും ഒടിപിയും ഉപയോഗിച്ചും തട്ടിപ്പ് അരങ്ങേറും.
ഇന്ന് നടക്കുന്ന ഒരു പ്രധാന തട്ടിപ്പാണ് Fake bills scam. നിങ്ങൾ ഈ മാസത്തെ വൈദ്യുതി ബിൽ അടച്ചിട്ടില്ലെന്നും മറ്റും തെറ്റിദ്ധരിപ്പിച്ചുകൊണ്ട് ഉടനെ പണമടയ്ക്കാനും അതിനായി വ്യാജ ലിങ്കുകൾ അയക്കുകയും ചെയ്യുന്നു. പണം ഉടനെ അടച്ചില്ലെങ്കിൽ കണക്ഷൻ വിച്ഛേദിക്കപ്പെടുമെന്നും നിർദേശം വരും. ഇതിൽ പരിഭ്രാന്തരായാണ് പലരും ലിങ്കുകളിൽ ക്ലിക്ക് ചെയ്ത് പണം അടയ്ക്കാൻ ശ്രമിക്കുന്നതും സാമ്പത്തിക നഷ്ടത്തിന് ഇരയാകുന്നതും.
Read More: ഇതാ എത്തിപ്പോയി! അതിവേഗത്തിന് ശക്തനായ ചിപ്സെറ്റുമായി OnePlus 12, വിലയും പ്രധാന ഫീച്ചറുകളും
അതിനാൽ ഇത്തരം നിർദേശങ്ങൾ വന്നാൽ അവയോട് പ്രതികരിക്കാതെ അതിന്റെ ഓഫീസുകളിൽ നേരിട്ട് ബന്ധപ്പെട്ട് പ്രശ്നം അന്വേഷിക്കുന്നതാണ് ഉത്തമം.