ഇരുചക്ര വാഹനങ്ങളിലെ ബ്ലൂടൂത്ത് കണക്റ്റിവിറ്റി (Bluetooth Connectivity) വളരെ ജനപ്രിയമായിക്കൊണ്ടിരിക്കുകയാണ്. കോളുകൾ, മെസേജുകൾ, ലൊക്കേഷൻ, ടേൺ-ബൈ-ടേൺ നാവിഗേഷൻ തുടങ്ങി നിരവധി സവിശേഷതകൾ പ്രദർശിപ്പിക്കുന്നതിന് മൊബൈൽ ഫോണുകളെ ടൂവീലറുകളുമായി ബന്ധിപ്പിക്കുന്നതിനാണ് ഈ സവിശേഷത സഹായിക്കുന്നത്. ചില മോഡലുകളിലെ കണക്റ്റിവിറ്റി (Bluetooth Connectivity) മൊബൈൽ ഫോണിലെ ഓൺലൈൻ സ്കൂട്ടർ ആപ്ലിക്കേഷൻ വഴി റൈഡിംഗ് സ്വഭാവം അല്ലെങ്കിൽ വാഹനത്തിന്റെ ഹെൽത്ത് തുടങ്ങിയ വിവരങ്ങൾ വരെ നൽകും.
ഉപയോഗപ്രദമായ ഫീച്ചറുള്ള ഇരുചക്ര വാഹനം വാങ്ങാൻ തിരയുന്ന ആളാണ് നിങ്ങൾ എങ്കിൽ പരിഗണിക്കേണ്ട ചില ബജറ്റ് മോട്ടോർസൈക്കിളുകളും സ്കൂട്ടറുകളും നമുക്കിടയിലുണ്ട്. അതും ഒരു ലക്ഷം രൂപയിൽ താഴെ വില വരുന്ന മോഡലുകളാണിവ.
വിചിത്രമായ ഫീച്ചറുകളാൽ സമ്പുഷ്ടമായ ടിവിഎസിന്റെ എൻടോർഖി (TVS NTORQ )ന്റെ റേസ് എഡിഷനാണ് ബ്ലൂടൂത്ത് കണക്റ്റിവിറ്റി വാഗ്‌ദാനം ചെയ്യുന്ന ബജറ്റ് മോഡലുകളിൽ ഒന്ന്. ടിവിഎസിന്റെ റേസിംഗ് പാരമ്പര്യവും സ്പോർട്ടി ഭാവവും ഒത്തിണങ്ങുന്ന സ്‌കൂട്ടറിൽ ബ്ലൂടൂത്ത് കണക്റ്റിവിറ്റിയുള്ള ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററാണ് കമ്പനി ഒരുക്കിയിരിക്കുന്നത്. 92,891 രൂപ എക്സ്ഷോറൂം വില വരുന്ന ഇതിന് സ്‌പോർട്, സ്ട്രീറ്റ് റൈഡ് മോഡുകളും വരെ ബ്രാൻഡ് വാഗ്ദാനം ചെയ്യുന്നുണ്ട്.
അവെനിസിന്റെ റേസ് എഡിഷ (Suzuki Avenis Race Edition)നാണ് ബ്ലൂടൂത്ത് കണക്റ്റിവിറ്റിയുള്ള അടുത്ത ബജറ്റ് മോഡൽ. സുസുക്കിയുടെ റൈഡ് കണക്റ്റിനൊപ്പം വിവിധതരം കണക്റ്റിവിറ്റി സവിശേഷതകളാണ് ഇതിലുള്ളത്. റൈഡ് കണക്ട് കോളർ ഐഡി, മിസ്‌ഡ് കോൾ അലേർട്ടുകൾ, ഫോൺ ലെവൽ ബാറ്ററി, സ്പീഡ് എക്സീഡിങ് അലേർട്ട്, കോൾ, എസ്എംഎസ്, വാട്ട്‌സ്ആപ്പ് അലേർട്ട്, ടേൺ-ബൈ-ടേൺ നാവിഗേഷൻ, ETA അപ്‌ഡേറ്റുകൾ എന്നിവയെല്ലാമാണ് കമ്പനി ഒരുക്കിയിട്ടുള്ളത്. 92,300 രൂപയാണ് വാഹനത്തിന്റെ വില.
യമഹയുടെ സ്‌കൂട്ടർ നിരയിൽ ഫാസിനോ (Yamaha Fascino)യിലും ബ്ലൂടൂത്ത് കണക്റ്റിവിറ്റിയുടെ അകമ്പടിയുണ്ട്. സ്കൂട്ടറിന്റെ ഡിസ്‌ക് വേരിയന്റിലായി പരിമിതപ്പെടുത്തിയിരിക്കുന്ന ഈ സവിശേഷത ഒരു ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററിലൂടെയാണ് ഉപഭോക്താക്കളിലേക്ക് എത്തിക്കുന്നത്. കോൾ അലേർട്ട്, എസ്എംഎസ്, ഇ-മെയിൽ, ഫോൺ ബാറ്ററി ലെവലുകൾ മുതലായ കാര്യങ്ങൾ ഇതിലൂടെ അറിയാം. യമഹ വൈ-കണക്‌ട് ആപ്പിലൂടെ ഇതിൽ കൂടുതൽ കാര്യങ്ങളും റൈഡറിന് അറിയാനാവും. 88,230 രൂപയാണ് ഫാസിനോ ഡിസ്‌ക് പതിപ്പിനായി മുടക്കേണ്ടി വരുന്ന എക്സ്ഷോറൂം വില.
ഇന്ത്യൻ വിപണിയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന ഇരുചക്ര വാഹനമായ ഹീറോ സ്പ്ലെൻഡറിന്റെ എക്‌സ്ടെക്(SplendorXTEC) വേരിയന്റിലാണ് ബ്ലൂടൂത്ത് കണക്റ്റിവിറ്റി ലഭ്യമാവുന്നത്. ഡിജിറ്റൽ ക്ലസ്റ്ററുമായി വരുന്ന ഈ മോട്ടോർസൈക്കിളിൽ അത്യാധുനിക ഫീച്ചർ ഒരുക്കിയത് അമ്പരന്നാണ് വിപണി കേട്ടത്. 75,346 രൂപയുടെ എക്സ്ഷോറൂം വിലയുള്ള സ്പ്ലെൻഡർ എക്‌സ്ടെക് ബ്ലൂടൂത്ത് സവിശേഷതയുള്ള രാജ്യത്തെ ഏറ്റവും താങ്ങാനാവുന്ന ടൂവീലർ കൂടിയാണെന്നതും ശ്രദ്ധേയമായ കാര്യമാണ്