ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യമേഖലാ ബാങ്കാണ് എച്ച്‌ഡിഎഫ്‌സി ബാങ്ക്. റീട്ടെയിൽ ബാങ്കിംഗിൽ പ്രമുഖരായ എച്ച്ഡിഎഫ്സി (HDFC) ഇപ്പോൾ ഉപഭോക്താക്കൾക്കായി ഓഫ്‌ലൈൻ ഡിജിറ്റൽ പേയ്‌മെന്റ് പൈലറ്റ് പദ്ധതി ആരംഭിച്ചിരിക്കുകയാണ്. റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ റെഗുലേറ്ററി സാൻഡ്‌ബോക്‌സ് പ്രോഗ്രാമിന് കീഴിൽ, എച്ച്‌ഡിഎഫ്‌സി (HDFC)ബാങ്ക് ക്രഞ്ച്ഫിഷുമായി സഹകരിച്ച് ഓഫ്‌ലൈൻ പേയ്മെന്റ് സംവിധാനം അവതരിപ്പിച്ചു. ഈ സംവിധാനം ഉപയോഗിച്ച് പേയ്‌മെന്റുകൾ നടത്താനും സ്വീകരിക്കാനും ഇനി മുതൽ ഉപഭോക്താക്കൾക്കും ബിസിനസുകൾക്കും മൊബൈൽ നെറ്റ്‌വർക്കിന്റെ ആവശ്യമില്ല.
ചെറിയ നഗരങ്ങളും, ഗ്രാമങ്ങളും ഉൾപ്പെടെ മൊബൈൽ നെറ്റ്‌വർക്ക് കവറേജ് കൃത്യമായി ലഭിക്കാത്ത പ്രദേശങ്ങളിൽ ഡിജിറ്റൽ പേയ്‌മെന്റുകൾ സാധ്യമാക്കുന്നതിന്, ഇത്തരമൊരു സംവിധാനം അവതരിപ്പിക്കുന്ന രാജ്യത്തെ ആദ്യത്തെ ബാങ്കാണ് എച്ച്‌ഡിഎഫ്‌സി (HDFC) ബാങ്ക്.
പരമ്പരാഗത ഡിജിറ്റൽ പേയ്‌മെന്റ് രീതികൾക്ക് ഇടപാടിൽ ഉൾപ്പെട്ടിരിക്കുന്ന ഒരാൾ ഓൺലൈനിൽ ആയിരിക്കേണ്ടതുണ്ട്. ഇത് കണക്റ്റിവിറ്റി മോശമുള്ള പ്രദേശങ്ങളിൽ ഉപയോഗിക്കുന്നത് ബുദ്ധിമുട്ടാണ്. എന്നിരുന്നാലും, എച്ച്ഡിഎഫ്സി ബാങ്കിന്റെ ഓഫ്‌ലൈൻ പേ എന്ന സംവിധാനം, ഇന്റർനെറ്റ് കണക്ഷനില്ലാതെ ഇടപാടുകൾ നടത്താൻ വ്യാപാരിയെയും ഉപഭോക്താവിനെയും അനുവദിക്കുന്നു.
ഓഫ്‌ലൈൻ മോഡിൽ പേയ്‌മെന്റ് സ്ഥിരീകരണം സ്വീകരിക്കാൻ വ്യാപാരികളെ ഈ സംവിധാനം പ്രാപ്‌തമാക്കുന്നുവെന്നും വ്യാപാരിയോ ഉപഭോക്താവോ ഓൺലൈനിൽ തിരിച്ചെത്തിയാൽ ഇടപാടുകൾ നടക്കുമെന്നും എച്ച്‌ഡിഎഫ്‌സി ബാങ്ക് പറഞ്ഞു. ഇന്ത്യയിലുടനീളമുള്ള 16 ലധികം നഗരങ്ങളിലും ചെറു പട്ടണങ്ങളിലും നടക്കുന്ന നാല് മാസത്തെ പരീക്ഷണ ഘട്ടത്തിൽ മറ്റ് ബാങ്കുകളുടെ ഉപയോക്താക്കൾക്ക് ഒരു ഇൻവൈറ്റ് ലിങ്ക് വഴി ഈ സേവനം ലഭ്യമാകും. പൈലറ്റ് പ്രൊജക്ട് സമയത്ത്, ഓഫ്‌ലൈൻ പേയ്‌ക്കുള്ള ഇടപാട് തുക ഓരോ ഇടപാടിനും 200 രൂപയായി പരിമിതപ്പെടുത്തിയിട്ടുണ്ട്.
കൂടാതെ, അണ്ടർഗ്രൗണ്ട് മെട്രോ സ്റ്റേഷനുകൾ, പാർക്കിംഗ് സ്ഥലങ്ങൾ, റീട്ടെയിൽ സ്റ്റോറുകൾ, വിമാനങ്ങൾ, ട്രെയിനുകൾ, കപ്പലുകൾ തുടങ്ങിയ നെറ്റ്‌വർക്ക് ലഭിക്കാത്ത സ്പോട്ടുകളിൽ ഓഫ്‌ലൈൻ പേയ്‌മെന്റുകൾ നടത്താൻ ഈ സൗകര്യം ഉപകരിക്കും. റെഗുലേറ്ററി സാൻഡ്‌ബോക്‌സ് പ്രോഗ്രാമിന്റെ ഭാഗമായി എച്ച്‌ഡിഎഫ്‌സി ബാങ്കും ക്രഞ്ച്ഫിഷും വികസിപ്പിച്ച ആപ്ലിക്കേഷന് 2022 സെപ്റ്റംബറിൽ ആർബിഐ അംഗീകാരം നൽകി. ഈ പൈലറ്റ് പദ്ധതിയുടെ വിജയം ഇന്ത്യയിലെ ഓഫ്‌ലൈൻ ഡിജിറ്റൽ പേയ്‌മെന്റുകളിൽ ഒരു പുതിയ യുഗത്തെ അടയാളപ്പെടുത്തും.