എച്ച്ബിഒ(HBO)യുമായുള്ള പങ്കാളിത്തം അവസാനിപ്പിച്ചതിനാൽ ഡിസ്നിപ്ലസ് ഹോട്ട്സ്റ്റാറി(Disney plus hotstar)ല്‍ 'ഗെയിം ഓഫ് ത്രോണ്‍സ്' പോലുള്ള ഷോകള്‍ അധികം വൈകാതെ ലഭ്യമാകില്ല. ഡിസ്‌നി (Disney)സിഇഒ ബോബ് ഇഗർ കമ്പനിയിൽ ചെലവ് ചുരുക്കൽ നടപടികള്‍ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഇത്തരത്തില്‍ ഒരു തീരുമാനം വന്നത്.
മാർച്ച് 31 മുതൽ എച്ച്ബിഒ(HBO)കണ്ടന്‍റുകള്‍ ഡിസ്നിപ്ലസ് ഹോട്ട്സ്റ്റാറി(Disney plus hotstar)ല്‍ ലഭ്യമാകില്ല. 100,000 മണിക്കൂറിലധികം ടിവി ഷോകളും സിനിമകളും ഉൾക്കൊള്ളുന്ന ഡിസ്നിപ്ലസ് ഹോട്ട്സ്റ്റാറി(Disney plus hotstar)ല്‍ വിപുലമായ ലൈബ്രറിയും ആഗോള തലത്തിലെ കായിക മത്സരങ്ങളും നിങ്ങൾക്ക് തുടർന്നും ആസ്വദിക്കാം. എച്ച്ബിഒ(HBO)യുടെ ഗെയിം ഓഫ് ത്രോണ്‍സ് അടക്കം പല ജനപ്രിയ ഷോകളും ഇന്ത്യയില്‍ എത്തിയിരുന്നത് ഹോട്ട് സ്റ്റാര്‍(Hotstar) വഴിയായിരുന്നു.
അതേ സമയം ഇന്ത്യയില്‍ എച്ച്ബിഒ(HBO) കണ്ടന്‍റുകളും ഷോകളും ആമസോണ്‍ പ്രൈമി(Amazon Prime)ലേക്ക് മാറാനുള്ള സാധ്യതകള്‍ നിലവിലുണ്ട്. എച്ച്ബിഒ(HBO) മാക്സില്‍ വരുന്ന ഡിസി ഷോകള്‍ പലതും ഇന്ത്യയില്‍ ലഭിക്കുന്നത് ആമസോണ്‍ പ്രൈം (Amazon Prime) വീഡിയോ വഴിയാണ്. 'ദി ഫ്ലൈറ്റ് അറ്റൻഡന്‍റ്', 'പ്രെറ്റി ലിറ്റിൽ ലയേഴ്‌സ്: ഒറിജിനൽ സിൻ' എന്നിവയുൾപ്പെടെ നിരവധി എച്ച്ബിഒ(HBO) മാക്‌സ് ഒറിജിനലുകൾ ഇതിനകം പ്രൈമില്‍ ലഭ്യമാണ്.
ആമസോണും എച്ച്ബിഒ(HBO)യും 2022 ഡിസംബറിൽ കരാര്‍ ഒപ്പിട്ടിട്ടുണ്ട്. തിരഞ്ഞെടുത്ത വിപണികളിലേക്കാണ് ഇത്. പ്രൈം വീഡിയോ ആപ്പിനുള്ളിൽ ഉപയോക്താക്കൾക്ക് ചാനലുകൾ വഴി എച്ച്ബിഒ(HBO)മാക്സ് സബ്‌സ്‌ക്രൈബ് ചെയ്യാന്‍ സാധിക്കും. ഇന്ത്യയിൽ നിലവില്‍ എച്ച്ബിഒ(HBO)കണ്ടന്‍റ് ലഭ്യമല്ലാത്തതിനാൽ ഈ സേവനം ഉടൻ തന്നെ ഇന്ത്യയില്‍ ലഭ്യമായേക്കാം. എന്നാല്‍ യുഎസിൽ പരസ്യരഹിത സ്ട്രീമിംഗിനായി എച്ച്ബിഒ(HBO) മാക്സിന് പ്രതിമാസം 16 ഡോളര്‍ (അതായത് 1,314 രൂപ) ചിലവാകും. ഇതേ നിരക്കാണെങ്കില്‍ ഇത് രാജ്യത്തെ ഏറ്റവും കൂടിയ ഒടിടി സബ്‌സ്‌ക്രിപ്‌ഷന്‍ തുകയായി മാറും.