പ്രീ ഇൻസ്റ്റാൾഡ് ആപ്പുകളെ പുറത്താക്കാൻ ഇന്ത്യ

പ്രീ ഇൻസ്റ്റാൾഡ് ആപ്പുകളെ പുറത്താക്കാൻ ഇന്ത്യ
HIGHLIGHTS

പ്രീ ഇൻസ്റ്റാൾഡ് ആപ്പുകൾ നീക്കം ചെയ്യാൻ ഇന്ത്യ തയാറെടുക്കുന്നു

രാജ്യ സുരക്ഷയും പൗരന്മാരുടെ സ്വകാര്യതയും കണക്കിലെടുത്താണ് നടപടി

ഈ നിയമം ഉടൻ പുറത്തിറങ്ങുമെന്നാണ് റിപ്പോർട്ട്

സ്മാർട്ട്​ഫോണുകളിലെ പ്രീ ഇൻസ്റ്റാൾഡ് ആപ്പു (Pre-installed apps) കൾ നീക്കം ചെയ്യാൻ ഇന്ത്യ തയാറെടുക്കുന്നതായി റിപ്പോർട്ട്. രണ്ട് ഉദ്യോഗസ്ഥരുടെ വെളിപ്പെടുത്തലിന്റെയും ഇതു സംബന്ധിച്ച ഒരു സർക്കാർ രേഖയുടെയും അ‌ടിസ്ഥാനത്തിൽ റോയിട്ടേഴ്സ് ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യ്തിരിക്കുന്നത്. രാജ്യ സുരക്ഷയും പൗരന്മാരുടെ സ്വകാര്യ വിവരങ്ങളുടെ സംരക്ഷണവും കണക്കിലെടുത്താണ് സർക്കാർ നടപടിയെന്നാണ് റിപ്പോർട്ട്.

ഈ ആപ്പുകൾ ഇനി പുറത്ത്

ഇതു സംബന്ധിച്ച നിയമം ഉടൻ പുറത്തിറങ്ങുമെന്നാണ് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നത്. വാർത്തകൾ ശരിയാണെങ്കിൽ ആപ്പിൾ ഉൾപ്പെടെയുള്ള എല്ലാ സ്മാർട്ട്ഫോൺ കമ്പനികൾക്കും തിരിച്ചടിയാകുന്നതാണ് കേന്ദ്ര സർക്കാർ നീക്കം. പുതിയ നിയമം നടപ്പിലായാൽ ആപ്പിൾ, സാംസങ്, ഷവോമി, വിവോ ഉൾപ്പെടെയുള്ള കമ്പനികൾക്ക് തങ്ങളുടെ ഫോണുകളിൽ മാറ്റം വരുത്തേണ്ടിവരും. ഇത് ലോകത്തെ രണ്ടാമത്തെ ഏറ്റവും വലിയ മൊ​ബൈൽ വിപണിയായ ഇന്ത്യയിൽ സ്മാർട്ട്ഫോണുകളുടെ ലോഞ്ചുകൾ ​വൈകുന്നതിനും പ്രമുഖ സ്മാർട്ട്ഫോൺ കമ്പനികൾക്ക് നഷ്ടം ഉണ്ടാകുന്നതിനും കാരണമാകും. ചാരവൃത്തിയും ഉപയോക്താക്കളുടെ ഡാറ്റ ദുരുപയോഗം ചെയ്യുന്നതും സംബന്ധിച്ച ആശങ്കകൾ വർധിക്കുന്നതിനിടെയാണ് ഐടി മന്ത്രാലയം ഈ പുതിയ നിയമങ്ങൾ പരിഗണിക്കുന്നതെന്നാണ് ഒരു ഉദ്യോഗസ്ഥൻ വെളിപ്പെടുത്തിയിരിക്കുന്നത്.

ചൈനീസ് സ്മാർട്ട്‌ഫോൺ നിർമ്മാതാക്കളായ ഷവോമിയുടെ ആപ്പ് സ്റ്റോർ ഗെറ്റ് ആപ്പ്സ് (GetApps), സാംസങ്ങിന്റെ പേയ്‌മെന്റ് ആപ്പ് സാംസങ് പേയ് മിനി(Samsung Pay Mini), ആപ്പിളിന്റെ ഐഫോണുകളിലെ ബ്രൗസർ സഫാരി(Safari) എന്നിങ്ങനെ ഡിലീറ്റ് ചെയ്യാനാകാത്ത പ്രീ-ഇൻസ്റ്റാൾ ചെയ്ത ആപ്പുകളുമായാണ് മിക്ക സ്മാർട്ട്‌ഫോണും വരുന്നത്.പുതിയ നിയമം ഇന്ത്യയിൽ നിലവിൽ വരുന്നതോടെ ഈ ആപ്പുകൾ അ‌ൺഇൻസ്റ്റാൾ ചെയ്യാനുള്ള അ‌ധികാരം കമ്പനികൾ ഉപയോക്താക്കൾക്ക് നൽകേണ്ടിവരും. ഒപ്പം പുതിയ ഫോണുകളിൽ ഇത്തരം ആപ്പുകൾ ഒഴിവാക്കേണ്ടിയും വരും. ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ് ഏജൻസി അംഗീകൃത ലാബ് വഴി പുതിയ മോഡലുകൾ ഈ നിയമങ്ങൾ പാലിക്കുന്നുണ്ടോയെന്ന് പരിശോധിക്കുമെന്നും ഉദ്യോഗസ്ഥർ വെളിപ്പെടുത്തി.

എല്ലാ പ്രധാന ഓപ്പറേറ്റിംഗ് സിസ്റ്റം അപ്‌ഡേറ്റുകളും ഉപഭോക്താക്കൾക്ക് ലഭ്യമാക്കുന്നതിന് മുമ്പ് സ്‌ക്രീനിംഗ് നിർബന്ധമാക്കുന്നതും സർക്കാർ പരിഗണിക്കുന്നുണ്ടെന്ന് ഉദ്യോഗസ്ഥർ വെളിപ്പെടുത്തി. ഇന്ത്യയിൽ ഉപയോഗിക്കുന്ന ഭൂരിഭാഗം സ്‌മാർട്ട്‌ഫോണുകളിലും മുൻകൂട്ടി ഇൻസ്റ്റാൾ ചെയ്‌തിരിക്കുന്ന ആപ്പുകൾ/ബ്ലോട്ട്‌വെയർ ഉണ്ട്. അത് ഗുരുതരമായ സ്വകാര്യത/വിവര സുരക്ഷാ പ്രശ്‌നങ്ങൾ ഉണ്ടാക്കുന്നു എന്നാണ് സർക്കാർ വിലയിരുത്തലെന്ന് രഹസ്യരേഖയെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു.

നിയമം പുറത്തിറക്കുന്ന തീയതി സംബന്ധിച്ച് തീരുമാനം ആയിട്ടില്ല. പുതിയ നിയമം പ്രാബല്യത്തിൽ വന്നാൽ അ‌ത് പാലിക്കാൻ വേണ്ട തയാറെടുപ്പുകൾക്കായി സ്മാർട്ട്ഫോൺ കമ്പനികൾക്ക് ഒരു വർഷത്തെ സമയം അ‌നുവദിക്കാനാണ് സർക്കാർ നീക്കം. പുതിയ നിയമം വരു​ന്നതോടെ പരിശോധന കർശനമാക്കേണ്ടിവരും. കൂടുതൽ പരിശോധനകൾ ഏർപ്പെടുത്തുന്നതോടെ സ്മാർട്ട്ഫോണുകൾക്ക് അ‌നുമതി കിട്ടാനുള്ള സമയത്തിന്റെ ​ദൈർഘ്യം കൂടുമെന്നാണ് വിലയിരുത്തൽ.

നിലവിൽ ഒരു സ്‌മാർട്ട്‌ഫോണും അതിന്റെ ഭാഗങ്ങളും സുരക്ഷിതമാണോ എന്ന് പരിശോധിച്ചുറപ്പിക്കാൻ സർക്കാർ ഏജൻസി ഏകദേശം 21 ആഴ്‌ച എടുക്കും. പുതിയ നിയമം വരുന്നതോടെ ഈ ​ദൈർഘ്യം കൂടാൻ സാധ്യതയുണ്ട്. പ്രീ ഇൻസ്റ്റാൾ ആപ്പുകൾ ഒഴിവാക്കുമ്പോൾ എല്ലാ ആപ്പുകളും ഒഴിവാക്കാനായേക്കില്ല. ക്യാമറ പോലുള്ള മുൻകൂട്ടി ഇൻസ്റ്റാൾ ചെയ്തിട്ടുള്ള ചില ആപ്പുകൾ ഉപയോക്താക്കൾക്ക് മികച്ച ​പ്രകടനം ലഭിക്കുന്നതിന് നിർണായകമാണ്. അ‌തിനാൽ പുതിയ സ്ക്രീനിംഗ് നിയമങ്ങൾ അടിച്ചേൽപ്പിക്കുമ്പോൾ ആവശ്യമുള്ളവയും അല്ലാത്തവയും തമ്മിൽ സർക്കാർ വ്യത്യാസം വരുത്തണമെന്ന് സ്മാർട്ട്ഫോൺ മേഖലയിൽ പ്രവർത്തിക്കുന്നവർ ചൂണ്ടിക്കാണിക്കുന്നു.

Nisana Nazeer
Digit.in
Logo
Digit.in
Logo