Googleന്റെ മാജിക് ഇറേസർ ഇനി സ്മാർട്ട്ഫോണിലും ലഭ്യമാകും
മാജിക് ഇറേസറാണ് ഇനിമുതൽ ആൻഡ്രോയിഡിലും ഐഫോണിലും ലഭ്യമാകും
അനാവശ്യ വസ്തുക്കളെയോ മനുഷ്യരെയോ ഒഴിവാക്കാനും ചിത്രങ്ങൾ മനോഹരമാക്കാനും സഹായിക്കുന്നു
ഫോട്ടോ എഡിറ്റിങ് കൂടുതൽ എളുപ്പമാക്കാൻ സഹായിക്കും
ഗൂഗിളിന്റെ മാജിക് ഇറേസർ ടൂൾ ഇനി നിങ്ങളുടെ സ്മാർട്ട്ഫോണിലും ലഭ്യമാകും. ഗൂഗിൾ പിക്സൽ(Google Pixel) ഫോണുകളിലൂടെ ഗൂഗിൾ(Google)അവതരിപ്പിച്ച മാജിക് ഇറേസറാണ് (Magic Eraser) ഇനിമുതൽ ആൻഡ്രോയിഡ്, ഐഫോൺ ഉപയോക്താക്കൾക്കും ലഭ്യമാക്കിയിരിക്കുന്നത്. ഒരു ചിത്രത്തിൽ നിന്ന് അനാവശ്യ വസ്തുക്കളെയോ മനുഷ്യരെയോ പോലും എളുപ്പത്തിൽ ഒഴിവാക്കാനും അതുവഴി ചിത്രങ്ങൾ കൂടുതൽ മനോഹരമായി സാമൂഹികമാധ്യമങ്ങളിലും മറ്റും പങ്കുവയ്ക്കാനും മാജിക് ഇറേസർ (Magic Eraser)സഹായിക്കുന്നു.
ഐഫോൺ (iPhone) ഉടമകൾ ഏറെ ആഗ്രഹിച്ച ഫീച്ചറാണ് ഇതെന്നുപറയാം. iOS 16 ഉപയോഗിക്കുന്ന ഐഫോൺ ഉടമകൾക്ക് ബാക്ഗ്രൗണ്ട് പൂർണമായി നീക്കംചെയ്യാൻ കഴിയുമായിരുന്നു എങ്കിലും നല്ലൊരു ഒബ്‌ജക്റ്റ് ഇറേസറിന്റെ ശൂന്യത അനുഭവപ്പെട്ടിരുന്നു. ഈ വിടവ് നികത്താൻ ഗൂഗിളിന്റെ മാജിക് ഇറേസറിന് സാധിക്കും എന്നാണ് കരുതപ്പെടുന്നത്. ആൻഡ്രോയിഡ് (Android), ഐഒഎസ് (iOS) സ്മാർട്ട്ഫോണുകളിൽ ഗൂഗിൾ ഫോട്ടോസ് ആപ്പ് ഉപയോഗിക്കുന്ന ഗൂഗിൾ (Google)വൺ സബ്‌സ്‌ക്രൈബർമാർക്ക് ആണ് മാജിക് ഇറേസർ (Magic Eraser)ഫീച്ചർ ലഭ്യമാകുക. നേരത്തെ ചില ഗൂഗിൾ പിക്സൽ ഫോണുകളിലും സാംസങ്, വിവോ സ്മാർട്ട്ഫോണുകളിലും മാജിക് ഇറേസർ (Magic Eraser) ടൂൾ ലഭ്യമായിരുന്നു. ഫോട്ടോ എഡിറ്റിങ് കൂടുതൽ എളുപ്പമാക്കാൻ ഗൂഗിൾ പിക്സലിന്റെ മാജിക് ഇറേസർ (Magic Eraser) ടൂൾ ഏറെ സഹായകമായിരുന്നു.
നേരത്തെ, ടെൻസർ ചിപ്പിനൊപ്പം വരുന്ന ഗൂഗിൾ പിക്സൽ 6, പിക്സൽ 7 എന്നീ സ്മാർട്ട്ഫോണുകളിൽ മാത്രമായി ഈ സവിശേഷത പരിമിതപ്പെടുത്തിയിരുന്നു, എന്നാൽ ഇപ്പോൾ പഴയ പിക്സലുകൾ ഉൾപ്പെടെ എല്ലാ ഉപകരണങ്ങളിലും മാജിക് ഇറേസർ ലഭ്യമാകും. ഒരു ഫോട്ടോയിലെ സബ്ജക്ടിലേക്ക് കൂടുതൽ ശ്രദ്ധ കൊണ്ടുവരാൻ ഗൂഗിൾ മാജിക് ഇറേസറിൽ ഒരു പ്രത്യേക ഫീച്ചർ കൂട്ടിച്ചേർത്തിട്ടുണ്ട്. ചിത്രങ്ങളിലെ പ്രധാന സബ്ജക്ടുകളിൽനിന്ന് ശ്രദ്ധതെറ്റിക്കും വിധത്തിലുള്ള ഒബ്ജക്ടുകളുടെ നിറങ്ങൾ ഇല്ലാതാക്കാൻ ഉപയോക്താക്കളെ അനുവദിക്കുന്ന Camouflage എന്ന മറ്റൊരു ഫീച്ചർ ആണ് മാജിക് ഇറേസറിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്. ഫോട്ടോകളിലെ HDR ഇഫക്റ്റിനായി വീഡിയോ പിന്തുണയും ചേർത്തതായി ഗൂഗിൾ പറയുന്നുണ്ട്.
ഇതോടൊപ്പം ഗൂഗിൾ വൺ അംഗങ്ങൾക്കും പിക്സൽ ഉപയോക്താക്കൾക്കുമായി കൊളാഷ് എഡിറ്ററിലേക്ക് പുതിയ കുറച്ച് അപ്‌ഡേറ്റുകളും എത്തിയിട്ടുണ്ട്. പ്രതിമാസം 130 രൂപ മുതലാണ് ഗൂഗിൾ വൺ സബ്സ്ക്രിപ്ഷൻ ആരംഭിക്കുന്നത്. ഈ ഫീച്ചറുകൾ കൂടാതെ 100 ജിബി ക്ലൗഡ് സ്റ്റോറേജും ഗൂഗിൾ വൺ നൽകുന്നുണ്ട്. ഗൂഗിളിന്റെ പിക്സൽ സ്മാർട്ട്ഫോണുകൾ പ്രതീക്ഷിച്ച അത്ര തരംഗമുണ്ടാക്കിയില്ല എങ്കിലും ഗൂഗിളിന്റെ പുത്തൻ പരീക്ഷണങ്ങൾക്കുള്ള ഒരു വേദിയായിരുന്നു പിക്സൽ ഫോണുകൾ. ഗൂഗിൾ പിക്‌സൽ 6-നൊപ്പം ആണ് മാജിക് ഇറേസർ ഫീച്ചർ ആദ്യം അവതരിപ്പിച്ചത്. തുടർന്ന് ഏതാണ്ട് ഒരു വർഷത്തെ എക്‌സ്‌ക്ലൂസിവിറ്റിക്ക് ശേഷമാണ് ഈ കിടിലൻ ഫീച്ചർ ഇപ്പോൾ എല്ലാ സ്മാർട്ട്ഫോണുകളിലേക്കും എത്തുന്നത്.