ഇന്ത്യൻ ഉപഭോക്താക്കൾക്കായി സർച്ച് ചെയ്യുമ്പോൾ എഐ സഹായം ലഭിക്കും എന്ന പുതിയ ഫീച്ചർ അവതരിപ്പിച്ചു ഗൂഗിൾ. മുമ്പത്തേക്കാൾ വേഗത്തിൽ ഇനി മുതൽ ഉപഭോക്താക്കൾക്ക് ഗൂഗിളിൽ സെർച്ച് ചെയ്യാവുന്നതാണ്. ഇന്ത്യയിലും ജപ്പാനിലും ആണ് ഗൂഗിൾ ഈ സംവിധാനം ഇപ്പോൾ അവതരിപ്പിക്കുന്നത്.
ഈ ഫീച്ചർ ഇപ്പോൾ ജപ്പാനിലേയും ഇന്ത്യയിലേയും ഉപഭോക്താക്കൾക്ക് ലഭ്യമായി തുടങ്ങും എന്നാണ് ഗൂഗിൾ പറഞ്ഞിരിക്കുന്നത്. നേരത്തെ മുതൽ തന്നെ ഈ സേവനം യുഎസിലെ ഉപഭോക്താക്കൾക്ക് ലഭ്യമായിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ രണ്ട് രാജ്യങ്ങളിലേക്കും ഈ സേവനം എത്തിക്കുന്നത്. സെർച്ച് ലാബുകൾ വഴി സൈൻ അപ്പ് ചെയ്ത എല്ലാ ഉപഭോക്താക്കൾക്ക് ഗൂഗിൾ ക്രോമിലും ആപ്പിലും എഐ സർച്ച് സേവനം ലഭ്യമാകുന്നതാണ്.
ജപ്പാനിലെ പ്രാദേശിക ഭാഷകളിൽ പുതിയ ഫീച്ചർ ലഭിക്കുന്നതാണ്. എന്നാൽ ഇന്ത്യയിൽ ഇംഗ്ലീഷ്, ഹിന്ദി എന്നീ ഭാഷകളിൽ മാത്രമേ പുതിയ ഫീച്ചർ ലഭിക്കുകയുള്ളു. ഹിന്ദിക്ക് പ്രാധാന്യം നൽകുന്ന സംസ്ഥാനങ്ങളിൽ ഉപയോക്താക്കൾക്ക് ഈ രണ്ട് ഭാഷകളിലും സേവനം ആസ്വദിക്കാം. എന്നാൽ മറ്റ് സംസ്ഥാനങ്ങളിൽ ഇംഗ്ലീഷിലുള്ള സേവനം മാത്രമേ ലഭ്യമാകു. ടെക്സ്റ്റ്-ടു-സ്പീച്ച് എന്ന ഓപ്ഷനും പുതിയ സേവനത്തിനായി ഗൂഗിൾ ചേർത്തിട്ടുണ്ട്.
ഇതിന് പുറമെ ഉടൻ തന്നെ വോയിസ് നിർദേശങ്ങൾ ചേർക്കാനുള്ള ഫീച്ചർ അവതരിപ്പിക്കുമെന്നും റിപ്പോർട്ടുകളുണ്ട്.
എഐയുടെ പുരോഗതി അടിസ്ഥാനപ്പെടുത്തിയുള്ള ഗൂഗിൾ സർച്ചിന്റെ പുതിയ പരിണാമമാണ് പുതിയ എഐ സെർച്ച്. എത്ര കാഠിന്യമേറിയ ചോദ്യങ്ങൾക്കും വളരെ എളുപ്പത്തിൽ ഉത്തരം കണ്ടെത്താൻ പുത്തൻ സാങ്കേതിക വിദ്യകൾക്ക് സാധിക്കും. ഒരു വിഷയം വേഗത്തിൽ മനസ്സിലാക്കാനും കൂടുതൽ എളുപ്പത്തിൽ ചെയ്യാനും ഇതിലൂടെ സാധിക്കും. പേജിൽ ഉടനീളമുള്ള സമർപ്പിത പരസ്യ സ്ലോട്ടുകളിൽ പരസ്യങ്ങൾ എപ്പോഴും ദൃശ്യമാകും എന്നതിൽ മാറ്റമില്ല. ഗൂഗിളിന്റെ ക്രോം, ആപ്പ്, ഡെസ്ക്ടോപ്പ് എന്നിവയിലെ ലാബ്സ് ഐക്കൺ ടാപ്പുചെയ്യുന്നതിലൂടെ ഉപയോക്താക്കൾക്ക് പുതിയ സേവനം ലഭിക്കുന്നതാണ്.
ഇതിന് പുറമെ ഈ പുതിയ ഫീച്ചറിൽ പ്രവർത്തിക്കുന്ന ടീമുകളുമായി നേരിട്ട് ഫീഡ്‌ബാക്ക് പങ്കിടുന്നതിനുള്ള സൗകര്യവും ഗൂഗിൾ നൽകുന്നുണ്ട്. ഇതിനായുള്ള സൗകര്യം നിലവിൽ ഡെസ്ക്ടോപ് ഉപഭോക്താക്കൾക്ക് ലഭ്യമാണ്. എന്നാൽ ആൻഡ്രോയിഡ്, ഐഒഎസ് ഗൂഗിൾ ഉപഭോക്താക്കൾക്ക് ഇത് ലഭിക്കാനായി ഒരാഴ്ച കൂടി കാത്തിരിക്കേണ്ടി വരും. അതേ സമയം എഐയുടെ മറ്റ് നിരവധി സേവനങ്ങൾ ഇതിനോടകം ഗൂഗിൾ നൽകുന്നുണ്ട്.
ചാറ്റ്ജിപിറ്റിയെ നേരിടാനായി ജെമിനി എന്ന പഴയെ ചാറ്റ്ബോട്ടിനെ പുതിയ രൂപത്തിൽ അവതരിപ്പിക്കാൻ ഗൂഗിൾ ഒരുങ്ങുകയാണ്. ജെമിനിക്ക് ഒപ്പം ഗൂഗിൾ ബാർഡും ഡോക്‌സും സ്ലൈഡും മറ്റ് ഗൂഗിൾ സേവനങ്ങളും ഉണ്ടായിരിക്കുന്നതാണ്. എഐ മോഡലുകളെ പരിശീലിപ്പിക്കാൻ ഉപയോഗിക്കാവുന്ന ഡാറ്റ. യൂട്യൂബ് വീഡിയോകൾ, ഗൂഗിൾ ബുക്കുകൾ തുടങ്ങി നിരവധി കാര്യങ്ങളിൽ ഗൂഗിളിന് ആക്സസ് ഉണ്ട്. ആയതിനാൽ തന്നെ ചാറ്റ്ജിപിറ്റിയ്ക്ക് വ്യക്തമായ വെല്ലുവിളി സൃഷ്ടിക്കാൻ ഇതിന് സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.