വളരെയധികം സന്തോഷത്തോടുകൂടിയാണ് 68 വയസുള്ള വയോധിക കുടുംബത്തോടൊപ്പം കേദാർനാഥ് തീർഥാടനത്തിന് പുറപ്പെട്ടത്. ശങ്കരാചാര്യർ പുനർ നിർമിച്ച കേദാർനാഥ് ക്ഷേത്രം ഹിന്ദുമത വിശ്വാസികളുടെ ഒരു പ്രധാന തീർഥാടന കേന്ദ്രമാണ്. വാർധക്യത്തിന്റെ അവശതകൾക്കിടയിലും കേദാർനാഥിലെത്തി ശിവഭഗവാനെ ദർശിക്കുന്നത് ഒരു സൗഭാഗ്യമായിക്കരുതിയായിരുന്നു കുടുംബത്തോടൊപ്പം വയോധികയും കേദാർനാഥിൽ എത്തിയത്. എന്നാൽ ഒരു കഠിന പരീക്ഷണം ആയിരുന്നു ആ വയോധികയ്ക്കായി കേദാർനാഥ് ഒരുക്കിവച്ചിരുന്നത്. കേദാർനാഥിലെത്തി കുടുംബത്തോടൊപ്പം സമയം ചെലവഴിച്ചും പുണ്യസ്ഥലത്തിന്റെ ഭംഗി ആസ്വദിച്ചും മുന്നോട്ടു പോകുന്നതിനിടെ കനത്ത തിരക്കിൽപ്പെട്ടു വയോധിക കുടുംബത്തിൽനിന്ന് വേർപ്പെട്ടുപോയി.
ആന്ധ്രാപ്രദേശ് സ്വദേശിനിയായ അവർക്ക് തെലുങ്ക് നന്നായി അറിയാമായിരുന്നെങ്കിലും ഹിന്ദിയിലോ ഇംഗ്ലീഷിലോ ആശയവിനിമയം നടത്താൻ അറിയുമായിരുന്നില്ല. ഭയത്താൽ കുഴഞ്ഞുവീണ അവരെ ഗൗരികുണ്ഡ് ഷട്ടിൽ പാർക്കിങ്ങിൽ അബോധാവസ്ഥയിൽ പോലീസ് ആണ് കണ്ടെത്തിയത്. എന്നാൽ ഭാഷ മനസിലാകാഞ്ഞതിനാൽ ഭയന്ന നിലയിലായിരുന്നു അവർ. പോലീസുകാർ ആംഗ്യഭാഷയിൽ അവരെ ആശ്വസിപ്പിക്കുകയും കുടുംബത്തോടൊപ്പം ചേർക്കാമെന്ന് ഉറപ്പ് നൽകുകയും ചെയ്തു.
തുടർന്നാണ് പോലീസുകാർ ഗൂഗിൾ ട്രാൻസ്ലേഷനിലൂടെ വിവരങ്ങൾ മനസിലാക്കാൻ ശ്രമിച്ചത്. വയോധികയിൽ നിന്ന് കുടുംബത്തിന്റെ നമ്പർ ഗൂഗിൾ ട്രാൻസ്ലേഷനിലൂടെ പോലീസുകാർ കണ്ടെത്തി. തുടർന്ന് കുടുംബത്തെ ബന്ധപ്പെടുകയും ഗൗരികുണ്ഡിൽനിന്ന് ഏകദേശം 8 കിലോമീറ്റർ അകലെയുള്ള സോൻപ്രയാഗിൽ ആയിരുന്നു അവരുടെ കുടുംബം ഉണ്ടായിരുന്നത്. വയോധികയ്ക്കായുള്ള തിരച്ചിലിലായിരുന്നു കുടുംബവും എന്നാണ് പോലീസ് പറയുന്നത്.
ഗൂഗിൾ ട്രാൻസ്ലേറ്റ് ഉപയോഗിച്ചുതന്നെയാണ് വയോധികയുടെ കുടുംബവും പോലീസുമായി ആശയവിനിമയം നടത്തിയത്. ഗൂഗിൾ ട്രാൻസ്ലേഷൻ\ ഈ ഘട്ടത്തിൽ ഏറെ സഹായകമായി എന്നാണ് പോലീസുകാർ പറയുന്നത്. 100-ലധികം ഭാഷകൾ വിവർത്തനം ചെയ്യാൻ ഗൂഗിൾ ട്രാൻസ്ലേറ്റ് ഫീച്ചറിന് സാധിക്കും. മാതൃഭാഷ മാത്രം അറിയാവുന്ന ആളുകൾക്ക് മറ്റ് ഭാഷകൾ മനസിലാക്കാൻ ഗൂഗിൾ ട്രാൻസ്ലേഷൻ മികച്ച ഒരു ഓപ്ഷനാണ്. ഗൂഗിൾ ആപ്പിലും വെബ്ബിലും ഗൂഗിൾ ട്രാൻസ്ലേഷൻ സൗകര്യം ലഭ്യമാണ്.
ടെക്സ്റ്റുകൾ വേഗത്തിൽ വിവർത്തനം ചെയ്യാം എന്നതാണ് ഗൂഗിൾ ട്രാൻസ്ലേഷന്റെ പ്രധാന ഗുണം. ചിത്രങ്ങളിലെ വാക്യങ്ങൾ പോലും ഗൂഗിൾ ലെൻസ് ഉപയോഗിച്ച് സ്കാൻ ചെയ്തെടുത്ത് ടെക്സ്റ്റാക്കി മാറ്റാനും അവ ഇഷ്ടമുള്ള ഭാഷയിലേക്ക് മൊഴിമാറ്റാനുമുള്ള സൗകര്യങ്ങളും ഗൂഗിൾ ഒരുക്കിയിട്ടുണ്ട്. ഭാഷാപരമായ ബുദ്ധിമുട്ട് നേരിടുന്ന ആളുകൾക്ക് ഗൂഗിളിന്റെ ഈ ഫീച്ചറുകൾ ഏറെ ഉപകാരപ്പെടാറുണ്ട്. ആൻഡ്രോയിഡ്, ഐഒഎസ് ഉപയോക്താക്കൾക്ക് ഗൂഗിൾ ട്രാൻസ്ലേറ്റ് ആപ്പ് ലഭ്യമാണ്.
ഗൂഗിൾ ലെൻസ് പോലെ നിരവധി ഫീച്ചറുകൾ ട്രാൻസ്ലേഷനുമായി ബന്ധപ്പെടുത്തി ഉപയോഗിക്കാൻ സാധിക്കും. നമ്മുടെയെല്ലാം മൊബൈൽ ഫോണുകളിൽ ഇതിനുള്ള സൗകര്യം ഉണ്ടെങ്കിലും പലപ്പോഴും ആളുകൾ അത് ശ്രദ്ധിക്കാതെ പോകുകയാണ് പതിവ്. പല അടിയന്തര ഘട്ടങ്ങളിലും നമ്മെ സഹായിക്കാൻ ഗൂഗിൾ ലെൻസ് ഉൾപ്പെടെയുള്ള ഫീച്ചറുകൾക്ക് സാധിക്കും.