12,000 ജീവനക്കാരെ Google പിരിച്ചുവിടും
ആമസോണിനും മെറ്റയ്ക്കും പിന്നാലെയാണ് ഗൂഗിളിലെ പിരിച്ചുവിടൽ വാര്‍ത്ത പുറത്തു വരുന്നത്
അമേരിക്കയിലാകും ആദ്യം പിരിച്ചുവിടല്‍ നടപടി നടപ്പാക്കുക
കമ്പനിയുടെ റിക്രൂട്ടിങ്, കോര്‍പ്പറേറ്റ് ഫങ്ഷന്‍, എന്‍ജിനിയറിങ് എന്നീ മേഖലകളെ ബാധിക്കും
മെറ്റ(Meta)യ്ക്കും ആമസോണി (Amazon)നും മൈക്രോസോഫ്റ്റി (Microsoft)നും പിന്നാലെ ഗൂഗിളി(Google)ലും കൂട്ട പിരിച്ചുവിടൽ. ഗൂഗിൾ(Google) മാതൃകമ്പനിയായ ആൽഫബെറ്റില്‍ 12,000 പേരെ പിരിച്ചുവിടും. ആകെ തൊഴിലാളികളുടെ ആറ് ശതമാനത്തെയാണ് കമ്പനി പിരിച്ചുവിടുന്നത്. തീരുമാനം അറിയിച്ചു കൊണ്ട് ആൽഫബെറ്റ് സിഇഒ സുന്ദർ പിച്ചൈ അയച്ച ഇ മെയിൽ പുറത്തായി. 10,000 ജീവനക്കാരെ പിരിച്ചുവിടുമെന്ന് മൈക്രോസോഫ്റ്റ് അറിയിച്ചതിന് തൊട്ടുപിന്നാലെയാണ് ടെക് മേഖലയെ പിടിച്ചുകുലുക്കി ഗൂഗിളും കൂട്ട പിരിച്ചുവിടല്‍ പ്രഖ്യാപിച്ചത്.
പുതിയ സാമ്പത്തിക സാഹചര്യത്തിൽ അനിവാര്യമായ തീരുമാനമാണ് കമ്പനി എടുത്തിരിക്കുന്നതെന്നും ഈ സാഹചര്യത്തിലേക്ക് എത്തിച്ചതിന്റെ പൂർണ്ണ ഉത്തരവാദിത്വം താൻ ഏറ്റെടുക്കുന്നുവെന്നും സുന്ദർ പിച്ചൈ ആഭ്യന്തര മെമ്മോയിൽ പറയുന്നു. പിരിച്ചുവിടുന്ന ജീവനക്കാർക്ക് ഇത് സംബന്ധിച്ച മെയിൽ കിട്ടി തുടങ്ങി. ഇ-കൊമേഴ്‌സ് ഭീമനായ ആമസോണിനും മെറ്റയ്ക്കും പിന്നാലെയാണ് ഗൂഗിളിലെ പിരിച്ചുവിടൽ വാര്‍ത്ത പുറത്ത് വരുന്നത്. ആമസോണില്‍ ഏകദേശം 2,300 ജീവനക്കാർക്കാണ് കഴിഞ്ഞ ദിവസം പിരിച്ചുവിടൽ നോട്ടീസ് കമ്പനി നൽകിയത്. യുണൈറ്റഡ് സ്റ്റേറ്റ്സ്, കാനഡ, കോസ്റ്റാറിക്ക എന്നിവിടങ്ങളിൽ നിന്നുള്ള ജീവനക്കാരെ പിരിച്ചുവിടാൻ ഒരുങ്ങുന്നതായി വാർത്താ ഏജൻസിയായ റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു. ഓൺലൈൻ വിൽപ്പനയുടെ വളർച്ച മന്ദഗതിയിലായതോടെ ചെലവ് ചുരുക്കൽ നടപടിയിലേക്ക് കടക്കുകയായിരുന്നു കമ്പനി. ആമസോണിലെ കൂടുതൽ ജീവനക്കാർക്ക് തൊഴിൽ നഷ്ടമാകുമെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ട്.
സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ഷെയർചാറ്റും(Sharechat) 20 ശതമാനം ജീവനക്കാരെ പിരിച്ചുവിടാൻ ഒരുങ്ങുകയാണ്. ആഗോള തലത്തിലുള്ള പ്രതിസന്ധികൾക്കിടയിൽ ചെലവ് ചുരുക്കാനുള്ള ശ്രമമമാണ് ഇതെന്നാണ് സൂചന. സാമ്പത്തിക മാന്ദ്യത്തെക്കുറിച്ചുള്ള ആശങ്കകൾ മൂലമാണ് തങ്ങൾ ഇത്തരമൊരു തീരുമാനമെടുത്തതെന്ന് ഷെയർചാറ്റ് ഉടമസ്ഥരായ മൊഹല്ല ടെക് പറഞ്ഞു. ഏകദേശം 2,200 പേർ ജോലി ചെയ്യുന്ന കമ്പനിയിലെ മാനേജ്‌മെന്റ് റോളുകളിലായിരുന്ന നൂറുകണക്കിന് ആളുകളെ പിരിച്ചുവിടുന്നതായാണ് റിപ്പോർട്ട്.
ആഗോളതലത്തിലാണ് നടപടിയെങ്കിലും അമേരിക്കയിലാകും പിരിച്ചുവിടല്‍ നടപടി ആദ്യം നടപ്പാക്കുക. ലോകമെമ്പാടുമുള്ള കമ്പനിയുടെ റിക്രൂട്ടിങ്, കോര്‍പ്പറേറ്റ് ഫങ്ഷന്‍, എന്‍ജിനിയറിങ്, പ്രൊഡക്റ്റ് ടീം ഉള്‍പ്പെടെയുള്ളവയുടെ പ്രവര്‍ത്തനത്തെ കൂട്ട പിരിച്ചുവിടല്‍ ബാധിക്കും.
പിച്ചൈയുടെ സന്ദേശമനുസരിച്ച് യു.എസ്. ജീവനക്കാരെ ഇതിനകം അറിയിച്ചിട്ടുണ്ട്. പ്രാദേശിക നിയമങ്ങളും രീതികളും കാരണം മറ്റ് രാജ്യങ്ങളിൽ പിരിച്ചു വിടുന്നത് കുറച്ചു കൂടി സമയമെടുക്കും.യു.എസിൽ, പിരിച്ചുവിട്ട ജീവനക്കാർക്ക് അറിയിപ്പ് കാലയളവ് (60 ദിവസം), 2022 ബോണസ്, ശേഷിക്കുന്ന അവധിക്കാലം എന്നിവയ്‌ക്ക് പണം നൽകും. ഗൂഗിളിൽ ജോലി ചെയ്യുന്ന ജീവനക്കാരന് ആറ് മാസത്തെ ആരോഗ്യ പരിരക്ഷ, ഇമിഗ്രേഷൻ പിന്തുണ, ജോലി പ്ലേസ്‌മെന്റ് സേവനങ്ങൾ എന്നിവയും നൽകും.