സ്മാർട്ട്ഫോൺ വിപണി ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഡിവൈസുകളാണ് ഗൂഗിൾ പിക്സൽ 8 സീരീസ് (Google Pixel 8). വൈകാതെ തന്നെ ഇവ വിപണിയിലെത്തുമെന്ന് പ്രതീക്ഷിക്കുന്നു. ആകർഷകമായ സവിശേഷതകളോടെയായിരിക്കും സ്മാർട്ട്ഫോണുകൾ പുറത്തിറങ്ങുന്നത്. ഫോണുകളുടെ ഡിസൈൻ വിവരങ്ങൾ ഇതിനകം തന്നെ പുറത്ത് വന്നിട്ടുണ്ട്. കർവുകൾ ഒഴിവാക്കിയുള്ള പരന്ന ഡിസൈൻ ആയിരിക്കും ഈ ഉണ്ടാവുക. പിക്സൽ 8 (Google Pixel 8) ചെറുതും പ്രോ കുറച്ച് കൂടി വലുതുമായിരിക്കും.
വലിയ മാറ്റങ്ങളാണ് പിക്സൽ ഫോണുകളിൽ ഗൂഗിൾ കൊണ്ടുവരുന്നത് എന്നാണ് സൂചനകൾ. ക്യാമറ ഹാർഡ്‌വെയറിൽ ചെറിയ മെച്ചപ്പെടുത്തലുകളുമായി എത്തിയ പിക്‌സൽ 7 സീരീസിൽ നിന്നും വ്യത്യസ്തമായി പിക്‌സൽ 8, പിക്സൽ 8 പ്രോ സ്മാർട്ടഫോണുകൾ പുതിയ ഹാർഡ്‌വെയർ അപ്‌ഗ്രേഡുകളുമായിട്ടായിരിക്കും വരുന്നത് എന്ന് ആൻഡ്രോയിഡ് അതോറിറ്റി റിപ്പോർട്ട് ചെയ്തു.
ഗൂഗിൾ പിക്സൽ 8, പിക്സൽ 8 പ്രോയ്ക്ക് സാംസങ് ഗാലക്സി എസ്23യിൽ ഉള്ള 50 എംപി ക്യാമറ സെൻസറായിരിക്കും ഉണ്ടാവുക എന്നാണ് സൂചനകൾ. 50 എംപി സാംസങ് ഐസോസെൽ ജിഎൻ2 സെൻസറാണ് ഇത്. ഗാലക്സി എസ്22 എന്ന മോഡലിലും ഇതേ സെൻസറാണുള്ളത്. പിക്‌സൽ 6, പിക്‌സൽ 7 സീരീസുകളിൽ ഉപയോഗിച്ചിരുന്ന ജിഎൻ1 സെൻസറിനേക്കാൾ കൂടുതൽ മികച്ചതാണ് ജിഎൻ2 സെൻസർ. വലിപ്പം കൂടുതലാണ് എന്നതിനൊപ്പം മികച്ച റിസൾട്ട് നൽകാനും ഈ ക്യാമറ സെൻസറിന് സാധിക്കും.
വലിപ്പം കൂടുതലായതിനാൽ തന്നെ സാംസങ് ജിഎൻ2 ക്യാമറ സെൻസറിന് 35 ശതമാനം കൂടുതൽ ലൈറ്റ് പിടിച്ചെടുക്കാൻ കഴിയും. അതുകൊണ്ട് തന്നെ വെളിച്ചം കുറഞ്ഞ അവസ്ഥയിലും മികച്ച ഫോട്ടോകൾ എടുക്കാൻ ഈ സെൻസറിലൂടെ സാധിക്കുന്നു. 8കെ/30എഫ്പിഎസ് വീഡിയോ ഷൂട്ട് ചെയ്യാനും ഈ ക്യാമറയിലൂടെ സാധിക്കും. സ്‌റ്റാഗേർഡ് എച്ച്‌ഡിആർ എന്നിവയുൾപ്പെടെയുള്ള ആധുനിക ഫീച്ചറുകളും സാംസങ്ങിന്റെ ജിഎൻ2 സെൻസറിൽ സപ്പോർട്ട് ചെയ്യുന്നുണ്ട്.
പിക്സൽ 8 പ്രോ സ്മാർട്ട്ഫോണിൽ ഗൂഗിൾ പുതിയ 64 എംപി അൾട്രാ വൈഡ് ക്യാമറയായിരിക്കും നൽകുന്നത്. ഇതിനൊപ്പം 12.2 എംപി ക്യാമറയുാം ഉണ്ടായിരിക്കും. ഈ 12.2 എംപി സെൻസർ പിക്സൽ 8 സ്മാർട്ട്ഫോണിലും ഉണ്ടായിരിക്കും. റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ അനുസരിച്ച് പിക്സൽ 7 പ്രോയുടെ 12 എംപി അൾട്രാ വൈഡ് ക്യാമറയ്ക്ക് പകരം ഗൂഗിൾ പിക്സൽ 7എ സ്മാർട്ട്ഫോണിലുള്ള 64 എംപി സോണി ഐഎംഎക്സ് 787 സെൻസർ നൽകാൻ സാധ്യതയുണ്ട്.
പിക്സൽ 8, 8 പ്രോ സ്മാർട്ട്ഫോണുകളിലെ ടെലിഫോട്ടോ ക്യാമറകൾ പിക്‌സൽ 7, 7 പ്രോ എന്നിവയിലേതിന് സമാനമായിരിക്കും. 10.8 എംപി സെൽഫി ക്യാമറ തന്നെയായിരിക്കും ഈ ഡിവൈസുകളിൽ ഉണ്ടാവുക. നേരത്തെ ലീക്ക് ആയ വീഡിയോയിൽ നിന്നും പുതിയ പിക്സൽ സ്മാർട്ട്ഫോണുകളിൽ തെർമോമീറ്റർ സെൻസർ ഉണ്ടായിരിക്കുമെന്ന് സൂചന ലഭിച്ചിരുന്നു. ഇത് ഫോട്ടോഗ്രാഫിയിൽ ഉപയോഗപ്പെടുന്ന സെൻസറല്ല. ഇതൊരു തെർമോമീറ്ററായി പ്രവർത്തിക്കും.