Google Pay Trolls: അങ്ങനെ കടക്കാരനും പിഴക്കാരനുമായ ഗൂഗിൾപേ Laddoo Diwali Game നിർത്തി. 6 ലഡ്ഡുവും കളക്റ്റ് ചെയ്ത് 1001 രൂപ നേടാമെന്ന മോഹം ഗൂഗിൾപേ അവസാനിപ്പിച്ചു. ശരിക്കും ദീപാവലി ഗെയിമും കിട്ടാത്ത മുന്തിരി പോലെ ട്വിങ്കിൾ ഗെയിമും ആവേശമാകുകയായിരുന്നു. അപ്പോഴാണ് Google വമ്പൻ ട്വിസ്റ്റ് കൊണ്ടുവന്നത്.
ട്വിസ്റ്റിന് പിന്നാലെ Google Pay Trolls വ്യാപിച്ചു. ഫേസ്ബുക്ക് ഗ്രൂപ്പുകളിൽ ഗൂഗിൾപേ ഗെയിം അവസാനിപ്പിച്ചതിന് ട്രോളുകൾ നിറഞ്ഞു. യൂട്യൂബേഴ്സായ ഉബൈദ് ഇബ്രാഹിം ഉൾപ്പെടെയുള്ളവർ ട്രോളുമായി എത്തി. സ്കൂൾ കോളേജ് ട്രോൾസ് എന്ന SCT ഫേസ്ബുക്ക് പേജിലും ട്രോളുകൾ നിറയുകയാണ്.
ഒക്ടോബർ 21 മുതൽ നവംബർ 7 വരെയാണ് ഗൂഗിൾ പേ ലഡ്ഡു ഗെയിം നിശ്ചയിച്ചിരുന്നത്. എല്ലാവർക്കും വളരെ വേഗത്തിൽ 5 ലഡ്ഡുകളും കിട്ടി. ആറാമനെ കിട്ടുന്നത് പലർക്കും ടാസ്കായിരുന്നു. ഇതിൽ തന്നെ ഭൂരിപക്ഷക്കാർക്കും ട്വിങ്കിൾ ലഡ്ഡുവായിരുന്നു വില്ലനായത്.
ട്വിങ്കിളിനെ തേടിയുള്ള അലച്ചിലിനിടയിൽ ഗൂഗിൾപേ ലഡ്ഡു കച്ചവടം പൂട്ടി. അതും യാതൊരു മുന്നറിയിപ്പും കൂടാതെ നവംബർ 2 വരെയാക്കി. ഗൂഗിളിന് ‘കാക്കത്തൊള്ളായിരം പൂജ്യമുള്ള’ വമ്പൻ തുക പിഴ ചുമത്തിയതിനാലാണ് കച്ചവടം പൂട്ടിയതെന്ന് പലരും പരിഹസിച്ചു. ഇത്രയും കടമുള്ള ഗൂഗിളിൽ നിന്നും ഇങ്ങനൊരു Cashback Offer പ്രതീക്ഷിക്കണ്ടായിരുന്നു എന്നും യൂസേഴ്സ് പറയുന്നു.
ശരിക്കും ബല്ലാത്തൊരു ചതിയായി പോയെന്നാണ് ട്രോളന്മാരും യൂസേഴ്സും പറയുന്നത്. പോരാഞ്ഞിട്ട് ടാസ്ക് പൂർത്തിയാക്കിയ പലർക്കും കിട്ടിയത് ഒരു രൂപ. ചിലർക്കാണെങ്കിൽ ആ 1 രൂപ ക്രഡിറ്റാകാൻ അഞ്ച് ദിവസമെടുക്കുമെന്ന മെസേജും വന്നു. ആകെക്കൂടി ഗൂഗിൾപേ ക്യാഷ്ബാക്ക് ഓഫറിലൂടെ നാട്ടിലെങ്ങും ട്രോളായെന്ന് പറഞ്ഞാൽ മതിയല്ലോ!
കുറേ ട്രോള് കിട്ടിയാൽ എന്താ നേടേണ്ടത് കമ്പനി നേടി. ഗൂഗിളിന് മനസ്സിൽ ലഡ്ഡു പൊട്ടിയ ഐഡിയ തന്നെയായിരുന്നു ഈ ദീപാവലി ഗെയിം. ക്യാഷ്ബാക്ക് ഗെയിമിലൂടെ കമ്പനി നേടിയത് 2 കോടിയിലധികം പുതിയ യൂസേഴ്സിനെയാണ്.
59 രൂപയുടെ 800 രൂപയും കിട്ടിയ കഥ കേട്ടാണ് പലരും ഗൂഗിൾപേയിലേക്ക് വന്നത്. ആക്ടീവ് യൂസേഴ്സും പലതരത്തിലുള്ള പേയ്മെന്റുകൾ ചെയ്ത് നോക്കി. ആവശ്യമില്ലാഞ്ഞിട്ടും അവർ പലതും വാങ്ങിക്കൂട്ടി. എന്നാൽ ലഡ്ഡു കച്ചവടം പൂട്ടി, അടുത്ത ദീപാവലിയ്ക്ക് കാണാമെന്ന് പറഞ്ഞ് കമ്പനി ഒരുപോക്കുപോയി.
കളർ, ഡിസ്കോ, ട്വിങ്കിൾ, ഫുഡ്ഡി, ദോസ്തി, ട്രെൻഡി എന്നീ ആറ് ലഡ്ഡുകളായിരുന്നു ഉണ്ടായിരുന്നത്. ഇതിൽ ആർക്കും പിടിതരാതെ നിന്നത് ട്വിങ്കിളാണ്. റീചാർജ് ചെയ്തും, ബില്ലടച്ചും, സ്കാൻ പേയ്മെന്റിലുമെല്ലാം യൂസേഴ്സ് പരീക്ഷണം നടത്തി.
പോരാഞ്ഞിട്ട് കൂട്ടുകാർക്ക് അധികമുള്ള ലഡ്ഡു ഗിഫ്റ്റ് ചെയ്തും, ട്വിങ്കിൾ ക്രഡിറ്റാകുമോ എന്ന് നോക്കി. ഇല്ലാത്തവൻ ഉള്ളവന് കൊടുക്കുക എന്ന പോലെ കോണ്ടാക്റ്റിലുള്ളവരോടെല്ലാം റിക്വസ്റ്റും അയച്ചു. എന്നാലോ എല്ലാം ഹുദാ ഹവാ ആയെന്നാണ് ട്രോളന്മാർ പറയുന്നത്.