പാസ്‌വേഡ് ഒക്കെ പഴയത്, ഇനി സേഫ്റ്റിയിൽ താരം പാസ്കീ!

Updated on 05-May-2023
HIGHLIGHTS

നിലവിൽ ഉപയോഗിക്കുന്ന പാസ്‌വേഡുകളെക്കാൾ കൂടുതൽ സുരക്ഷിതമാണ് പാസ്കീ

ഭാവിയിൽ പാസ്‌വേഡുകളുടെ സ്ഥാനത്ത് പാസ്കീകൾ ഇടം പിടിക്കും

ഫിഷിങ് ആക്രമണത്തിൽനിന്നു സംരക്ഷണം നൽകാൻ പാസ്കീയ്ക്ക് കഴിയും

Password സുരക്ഷാ സംവിധാനങ്ങൾ കാറ്റിൽപറത്തി കാലഘട്ടത്തിന് യോജിക്കുന്ന വിധത്തിൽ കൂടുതൽ ശക്തമായ സുരക്ഷ ഉറപ്പാക്കുന്ന പാസ്കീ (Passkey) സംവിധാനം പുറത്തിറക്കി ഗൂഗിൾ. കൂടുതൽ സുരക്ഷിതമായി ലോഗിൻ ചെയ്യാൻ ഇനി പാസ്കീ (Passkey) ഉപയോഗിക്കാം എന്നാണ് ഗൂഗിൾ ഔദ്യോഗിക ബ്ലോഗ് പോസ്റ്റിലൂടെ അ‌റിയിച്ചിരിക്കുന്നത്. ഒരാളുടെ വിരലടയാളം, മുഖം അല്ലെങ്കൽ ഏതെങ്കിലും സ്‌ക്രീൻ ലോക് പിൻ തുടങ്ങിയവ സ്‌കാൻ ചെയ്ത് അക്കൗണ്ടിലേക്ക് പ്രവേശിക്കുന്ന രീതിയെയാണ് പാസ്‌കീ എന്ന് വിളിക്കുന്നത്.

തങ്ങളുടെ പ്ലാറ്റ്‌ഫോമിലേക്ക് പാസ്‌കീ കൊണ്ടുവരുന്നതിനുള്ള പ്രവർത്തനം ആരംഭിച്ചതായി 2022-ൽ തന്നെ ഗൂഗിളും മൈക്രോസോഫ്റ്റും ആപ്പിളും പ്രഖ്യാപിച്ചിരുന്നു. ഒടുവിൽ ആ പ്രഖ്യാപനം ഗൂഗിൾ നടപ്പാക്കിയിരിക്കുകയാണ്.

നിലവിൽ ഉപയോഗിക്കുന്ന പാസ്‌വേഡുകളെക്കാൾ കൂടുതൽ സുരക്ഷിതമായ മാർഗം എന്നതാണ് പാസ്കീ (Passkey) കളുടെ പ്രത്യേകത. എഐയും മറ്റും ശക്തിപ്രാപിച്ച് തുടങ്ങിയതോടെ പാസ്‌വേഡുകൾ വളരെ നിസാരമായി തകർക്കാനും അ‌ക്കൗണ്ടിൽ നുഴഞ്ഞുകയറി നിയന്ത്രണം ഏറ്റെടുക്കാനും സാധിക്കും. അ‌ത്തരം ഭീഷണികൾ ഒഴിവാക്കാൻ പുതിയ പാസ്കീ (Passkey)  സംവിധാനം ഏറെ ഫലപ്രദമാണ്.

ലോക പാസ്‌വേഡ് ദിനമായ മേയ് 4 മുതൽ തന്നെ ഗൂഗിൾ അക്കൗണ്ടുകളിലേക്ക് പ്രവേശിക്കാനുളള ഒരു അധിക ഓപ്ഷനായി പാസ്കീ (Passkey)  സംവിധാനം ഉപയോക്താക്കൾക്ക് ലഭ്യമാക്കിയതായി ഗൂഗിൾ വ്യക്തമാക്കുന്നു. വിരലടയാളം, മുഖം എന്നിവയും പാസ്കീ ആയി ഉപയോഗിക്കാൻ സാധിക്കുന്നതിനാൽ മറ്റുള്ളവർ അ‌ക്കൗണ്ടിൽ നുഴഞ്ഞുകയറുമെന്ന് പേടിക്കേണ്ടതില്ല. കഴിഞ്ഞ വർഷം ഐഒഎസ് 16-ന്റെ പുറത്തിറക്കിയപ്പോൾ ആപ്പിൾ പാസ്‌കീകൾക്കുള്ള പിന്തുണ അ‌തിൽ അവതരിപ്പിച്ചിരുന്നു. ഇപ്പോൾ ഗൂഗിളും ഔദ്യോഗികമായി പാസ്കീ (Passkey)  സേവനം ലഭ്യമാക്കിയതായി പ്രഖ്യാപിച്ചിരിക്കുകയാണ്.

ഇന്റർനെറ്റിൽ ഏറ്റവും ശക്തമായ സുരക്ഷ

ഇന്റർനെറ്റിൽ സാധ്യമായ ഏറ്റവും ശക്തമായ സുരക്ഷ ഉറപ്പാക്കാൻ പാസ്കീ (Passkey)  സംവിധാനം വഴിയൊരുക്കുന്നു. ബ്രൗസറായ ക്രോമിലും ആൻഡ്രോയിഡിലും പാസ്കീ ഓപ്ഷൻ കഴിഞ്ഞ ഒരു വർഷത്തോളമായി നൽകി വരുന്നുണ്ടായിരുന്നു എന്നും ഗൂഗിൾ പറയുന്നു. എങ്കിലും ഗൂഗിൾ അ‌ക്കൗണ്ടുകളിൽ പാസ്കീ (Passkey)ഉപയോഗിക്കാമെന്ന് ഇപ്പോഴാണ് ഗൂഗിൾ വ്യക്തമാക്കിയിരിക്കുന്നത്.

എങ്ങനെയാണു പാസ്കീ സൃഷ്ടിക്കേണ്ടത്

  • ഇതിനായി myaccount.google.com എന്ന ലിങ്കിലേക്ക് പോകുക
  • തുടർന്ന് സെക്യൂരിറ്റി എന്ന ഓപ്ഷൻ തെരഞ്ഞെടുക്കുക
  • ഗൂഗിളിലേക്ക് ​സൈൻ ഇൻ ചെയ്യുന്നതിനു താഴെ രണ്ടാമതായി പാസ്കീ ഓപ്ഷൻ കാണാവുന്നതാണ്.
  • അതിൽ ടാപ്പുചെയ്യുമ്പോൾ ഒരു പുതിയ പേജിലേക്ക് എത്തും.
  • ഇവിടെ ഓട്ടോമാറ്റിക്കായി സൃഷ്ടിച്ച പാസ്കീകളുടെ ഒരു ലിസ്റ്റ് കാണാം.
  • അ‌തിന്റെ ഏറ്റവും താഴെയായി പാസ്കീ ക്രിയേറ്റ് ചെയ്യാനുള്ള ഓപ്ഷൻ നൽകിയിട്ടുണ്ട്.
  • അ‌തിൽ ടാപ്പ് ചെയ്യുമ്പോൾ ഡി​വൈസ് പിൻ അല്ലെങ്കിൽ ബയോമെട്രിക്സ് ആവശ്യപ്പെടും.
  • അത് നൽകി പാസ്കീ സെറ്റ് ചെയ്യാവുന്നതാണ്.
  • ഭാവിയിൽ പാസ്‌വേഡുകളുടെ സ്ഥാനത്ത് പാസ്കീകൾ ഇടം പിടിക്കും.

പാസ്‌വേഡുകൾ ഉയർത്തുന്ന സുരക്ഷാഭീഷണിക്കുള്ള ഏറ്റവും മികച്ച ബദൽ മാർഗമാണ് പാസ്കീകൾ എന്നാണ് വിലയിരുത്തൽ. ഇപ്പോഴത്തെ 1234, എബിസിഡി പോലുള്ള ദുർബല പാസ്‌വേഡുകളിൽ നിന്നുള്ള മോചനം കൂടിയാണ് പാസ്കീ (Passkey) . ഓൺലൈൻ വഴിയുള്ള ഫിഷിങ് ( phishing ) ആക്രമണത്തിൽനിന്നു സംരക്ഷണം നൽകാൻ പാസ്കീയ്ക്ക് കഴിയുമെന്നതും നേട്ടമാണ്

Connect On :