Googleന്റെ കിടിലൻ AI ടൂളിലൂടെ ഇനി സംഗീതവും സാധ്യം!

Updated on 31-Jan-2023
HIGHLIGHTS

വാക്കുകൾ സംഗീതമാക്കി മാറ്റാൻ ശേഷിയുള്ള എഐ ടൂളാണ് മ്യൂസിക്എൽഎം

ടെക്സ്റ്റ് നിർദേശങ്ങളിൽ നിന്ന് സംഗീതം സൃഷ്ടിക്കാൻ മ്യൂസിക്എൽഎമ്മിന് കഴിയും

ഡിസ്ക്രിപ്ഷനിലെ വികാരവും ശൈലിയും തിരിച്ചറിഞ്ഞ് സംഗീതം ചിട്ടപ്പെടുത്തും

ലോകം മുഴുവൻ ഇന്ന് എഐ (AI) സാങ്കേതികവിദ്യയ്ക്ക് പുറകേ പോകുകയാണ്. കമ്പനികൾ മനുഷ്യർക്ക് പകരം എഐ (AI) ബോട്ടുകളെ ഇന്റേണുകളായി ജോലിക്കെടുക്കുന്നു. എഐ (AI) സാങ്കേതികവിദ്യ സാർവത്രികമായി ഉപയോഗിക്കപ്പെടുമ്പോൾ വലിയ രീതിയിൽ തൊഴിൽ നഷ്ടമുണ്ടാകുമെന്നത് ഭാവിയുടെ യാഥാർഥ്യങ്ങളിൽ ഒന്നാണ്. ഓരോ തൊഴിൽ മേഖലയിലും മനുഷ്യന് പകരക്കാനായി എഐ (AI) ബോട്ടുകൾ എത്തും. 

വാക്കുകൾ സംഗീതമാക്കി മാറ്റാൻ ശേഷിയുള്ള എഐ (AI) ടൂളാണ് ടെക്ക് ഭീമൻ അവതരിപ്പിച്ചിരിക്കുന്നത്. അതേ വെറുതെ കുറച്ച് വാക്കുകൾ എന്റർ ചെയ്ത് നൽകിയാൽ അതിന് അനുസരിച്ച് ബാക്ക് ഗ്രൌണ്ട് സ്കോറുകളും മെലഡുകളുമൊക്കെ ഔട്ട്പുട്ടായി നൽകാൻ ശേഷിയുള്ള എഐ മ്യൂസിക്എൽഎം  (MusicLM) എന്നാണ് ഈ AI ബോട്ടിന് ഗൂഗിൾ നൽകിയിരിക്കുന്ന പേര്. ( MusicLM: Generating Music From Text ) എന്ന പേരിൽ ഒരു റിസർച്ച് പേപ്പറും കമ്പനി പുറത്ത് വിട്ടിട്ടുണ്ട്

ചാറ്റ്ജിപിറ്റിയെ പോലെ തന്നെ മ്യൂസിക്എൽഎമ്മി (MusicLM)നും നിങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടി നൽകാൻ കഴിയുമെന്ന് വേണമെങ്കിൽ പറയാം. ഉത്തരങ്ങൾ പക്ഷെ സംഗീത രൂപത്തിൽ ആയിരിക്കുമെന്ന് മാത്രം. വാക്കുകൾ ഉപയോഗിച്ച് നിങ്ങൾ നൽകുന്ന ചോദ്യങ്ങൾ, നിർദേശങ്ങൾ, ആവശ്യങ്ങൾ എന്നിവയ്ക്ക് അനുസരിച്ച് തൽക്ഷണം സംഗീതം സൃഷ്ടിക്കാൻ ഗൂഗിൾ മ്യൂസിക്എൽഎമ്മി (MusicLM)ന് കഴിയും. ചിത്രങ്ങളും അവയുടെ ഡിസ്ക്രിപ്ഷനുകളും വായിച്ച് ചിത്രത്തിന് അനുയോജ്യമായ വിധത്തിൽ മ്യൂസിക് തയ്യാറാക്കാൻ പോലും മ്യൂസിക്എൽമ്മിന് സാധിക്കും. ഇവിടെ ഡിസ്ക്രിപ്ഷനിലെ വികാരവും ശൈലിയും തിരിച്ചറിയാനും അതനുസരിച്ച് സംഗീതം ചിട്ടപ്പെടുത്താമെന്നതും ഈ എഐ ടൂളിന്റെ സവിശേഷതയാണ്. 

ടെക്സ്റ്റ് നിർദേശങ്ങളിൽ നിന്ന് മികച്ച സംഗീതം സൃഷ്ടിക്കാൻ ഉള്ള ശേഷിയാണ് മ്യൂസിക്എൽഎമ്മി (MusicLM)നെ സവിശേഷമാക്കുന്നത്. നിങ്ങൾക്ക് വയലിനും ഗിത്താറുമൊക്കെ ചേർന്നുള്ള ഒരു മെലഡി കേൾക്കണമെന്നുണ്ടെങ്കിൽ വയലിൻ, ഗിത്താർ, മെലഡി എന്നിങ്ങനെയുള്ള വാക്കുകൾ പ്രോംപ്റ്റുകളായി നൽകിയാൽ മതിയാകും. 24 കിലോ ഹെർട്സ് വരെയുള്ള സംഗീതം സൃഷ്ടിക്കാൻ മ്യൂസിക്എൽഎമ്മിന് ശേഷിയുണ്ട്. ഓഡിയോ ക്വാളിറ്റിയിലും നൽകിയ നിർദേശങ്ങളോട് ചേർന്ന് നിൽക്കുന്നതിലും മ്യൂസിക്എൽഎം നിലവിലുള്ള സിസ്റ്റങ്ങളെയെല്ലാം മറികടക്കുന്നുവെന്നാണ് പരീക്ഷണങ്ങൾ സൂചിപ്പിക്കുന്നത്. 

ഏതാനും മിനുട്ടുകൾ ദൈർഘ്യമുള്ള ഗാനശകലം പോലും മികച്ച ഗുണനിലവാരത്തോടെ നൽകാൻ ഇതിന് സാധിക്കും. സിനിമകൾ, സീരീസ്, മറ്റ് മീഡിയ എന്നിവയ്‌ക്കായുള്ള സംഗീത സ്‌കോറിംഗിനായും ഈ ടൂൾ ഭാവിയിൽ ഉപയോഗിക്കാം. ഒരു പെയിന്റിംഗ് അടിക്കുറിപ്പിൽ ചിത്രീകരിച്ചിരിക്കുന്ന വികാരത്തെയും ശൈലിയെയും അടിസ്ഥാനമാക്കി മ്യൂസിക് എൽഎമ്മിന് സംഗീതമൊരുക്കാൻ കഴിയുമെന്നാണ് ഗവേഷകർ പറയുന്നത്. പരീക്ഷണത്തിന്റെ ഭാഗമായി മ്യൂസിക് എൽഎം ഉപയോഗിച്ച് നിർമിച്ച ഒരു മിനുട്ട് ദൈർഘ്യമുള്ള സംഗീതവും ഡവലപ്പർമാർ പുറത്തുവിട്ടിട്ടുണ്ട്. 

ഓഡിയോ നിലവാരത്തിലും ടെക്സ്റ്റ് വിവരണത്തോട് ചേര്‍ന്നുനില്‍ക്കുന്ന കാര്യത്തിലും മ്യൂസിക്എല്‍എം മുന്‍ സിസ്റ്റങ്ങളെ മറികടക്കുന്നതായാണ് പരീക്ഷണങ്ങള്‍ കാണിക്കുന്നത്. ഇതു സംബന്ധിച്ചുള്ള കുടുതല്‍ പരീക്ഷണങ്ങള്‍ നടന്നു വരികയാണെന്ന് ഗൂഗിൾ മ്യൂസിക് വൃത്തങ്ങൾ അറിയിച്ചു. വരും കാലങ്ങളില്‍ സംഗീതമാസ്വദിക്കണമെങ്കില്‍ വരികൾ എഴുതി നൽകിയാൽ മാത്രം മതിയാകുമെന്നതിലെക്കാണ് ഈ പരീക്ഷണങ്ങൾ വിരൽ ചൂണ്ടുന്നതെന്ന ചുരുക്കം. 

Connect On :