25-ാം പിറന്നാളിന് തൊട്ടുപിന്നാലെ ഇന്ത്യക്കാർക്കായി വളരെ ഉപയോഗപ്രദമായ ഫീച്ചർ അവതരിപ്പിച്ച് Google. ഭൂകമ്പം ഉണ്ടാകുമ്പോൾ മുന്നറിയിപ്പ് നൽകുന്ന സംവിധാനമാണ് ഗൂഗിൾ ഇന്ത്യയിൽ അവതരിപ്പിച്ചിരിക്കുന്നത്. Android Earthquake Alerts System എന്നാണ് ഈ പുതിയ ഫീച്ചറിന്റെ പേര്. ഗൂഗിളിന്റെ ഈ മുന്നറിയിപ്പ് സംവിധാനം എങ്ങനെ പ്രവർത്തിക്കുന്നുവെന്ന് നോക്കാം…
ഭൂമികുലുക്കം ഉണ്ടാകുന്നതിന് മുന്നേ മുന്നറിയിപ്പ് നൽകുന്ന സംവിധാനമാണിത്. നാഷണൽ ഡിസാസ്റ്റർ മാനേജ്‌മെന്റ് അതോറിറ്റി (എൻഡിഎംഎ), നാഷണൽ സീസ്‌മോളജി സെന്റർ (എൻഎസ്‌സി) എന്നിവയുമായി സഹകരിച്ചാണ് ഗൂഗിൾ ഈ അലർട്ട് ഫീച്ചർ അവതരിപ്പിച്ചിരിക്കുന്നത്. ആൻഡ്രോയിഡ് ഫോണുകളിലാണ് Google alert ലഭ്യമാകുന്നത്.
മറ്റ് പല രാജ്യങ്ങളിലും ഇതിനകം തന്നെ ഈ ഭൂകമ്പ അലർട്ട് ഫീച്ചർ നടപ്പിലാക്കിയിട്ടുണ്ട്. ഫോണിന്റെ ആക്സിലറോ മീറ്റർ എന്ന സെൻസർ ഉപയോഗിച്ചുകൊണ്ടാണ് മുന്നറിയിപ്പ് സംവിധാനം പ്രവർത്തിപ്പിക്കുന്നത്. ആക്സിലറോമീറ്ററിനെ സീസ്മോഗ്രാഫാക്കി മാറ്റിയാണ് ഗൂഗിൾ അലർട്ട് സംവിധാനം പ്രവർത്തിപ്പിക്കുക.
ആൻഡ്രോയിഡ് 5നും അതിന് ശേഷം വന്ന OSകളിലുമാണ് ഈ സംവിധാനം ലഭിക്കുന്നത്. എന്നാൽ അടുത്ത ആഴ്ച മുതലായിരിക്കും ഈ ഫീച്ചർ ലഭ്യമാകുക. ഫോണിലെ സേഫ്റ്റി & എമർജെൻസി എന്ന ഓപ്ഷനിലൂടെ ഭൂകമ്പ മുന്നറിയിപ്പ് സംവിധാനം പ്രവർത്തനക്ഷമമാക്കാനാകും.
ഇതിനായി ഫോണിനെ ഒരു ഭൂകമ്പമാപിനിയായി ഉപയോഗിക്കുന്നു. ഫോൺ കണക്‌റ്റ് ചെയ്‌ത് ചാർജുചെയ്യുമ്പോൾ ഫോണിന് ഭൂചലനത്തിന്റെ ആദ്യസൂചനകൾ ലഭിക്കുന്നു. ഇതുപോലെ ഒന്നിലധികം ഫോണുകൾക്ക് ഒരേ സമയം ഭൂചലനം അനുഭവപ്പെടുന്നുണ്ടെങ്കിൽ അത് ഭൂകമ്പത്തിന്റെ സൂചനയാണെന്ന് ഉപകരണം തിരിച്ചറിയുകയും, ഇത് ഏത് പ്രദേശത്ത്, എത്ര ശക്തിയിലാണ് സംഭവിക്കുന്നതെന്നും മനസിലാക്കാനാകും.
Read More: WhatsApp Support: അടുത്ത മാസം മുതൽ ഈ ഫോണുകളിൽ വാട്സ്ആപ്പ് ലഭിക്കില്ലേ!
ഇങ്ങനെ ശക്തമായ കുലുക്കം സംഭവിക്കുന്നതിന് മുമ്പ് ഫോണുകളിലേക്ക് അറിയിപ്പുകൾ അയയ്ക്കും. ഭൂചലനത്തിന്റെ തീവ്രത അനുസരിച്ച് 2 തരത്തിലുള്ള മുൻകരുതൽ എടുക്കാനും ഗൂഗിൾ അറിയിക്കും.
അതായത്, ഭൂകമ്പത്തെ കുറിച്ച് അറിയിപ്പ് നൽകുന്നതും നടപടി എടുക്കുന്നതുമാണ് അലർട്ടുകൾ. ഇതിൽ ആദ്യത്തെ Be Aware അലർട്ട് തീവ്രത കുറഞ്ഞ ഭൂചലന അറിയിപ്പുകൾക്കുള്ളതാണ്. Take Action അലർട്ട് 4.5+ മാഗ്നിറ്റ്യൂഡിന് മുകളിലുള്ള ഭൂകമ്പങ്ങൾ അപകടസാധ്യതയുള്ളവയാണ്. ഇവയ്ക്ക് ഫോൺ Do not disturb മോഡിലാണെങ്കിൽ പോലും മുന്നറിയിപ്പ് വരുന്നതാണ്.