വിവിധ വകുപ്പുകളിൽ നിന്നുള്ള 453 ജീവനക്കാരെ ഗൂഗിൾ (Google) പിരിച്ചുവിട്ടതായി റിപ്പോർട്ട്. ഗൂഗിൾ (Google) ഇന്ത്യയിലെ തങ്ങളുടെ ജീവനക്കാരെ പിരിച്ചുവിട്ട വിവരം തപാൽ വഴി അറിയിച്ചു. വ്യാഴാഴ്ച രാത്രി വൈകിയാണ് ഈ നടപടി അറിയിക്കുന്നത്. ഗൂഗിൾ (Google) ഇന്ത്യയുടെ കൺട്രി ഹെഡും വൈസ് പ്രസിഡന്റുമായ സഞ്ജയ് ഗുപ്ത മെയിൽ വഴി വിവരങ്ങൾ നൽകിയിട്ടുണ്ട്. കഴിഞ്ഞ മാസം ആൽഫബെറ്റ് ഇങ്ക്, കമ്പനി ആഗോളതലത്തിൽ മൊത്തം തൊഴിലാളികളുടെ 6 ശതമാനം പിരിച്ചുവിടുമെന്ന് പ്രഖ്യാപിച്ചിരുന്നു.
അതായത് ആകെ 12,000 ജീവനക്കാരുടെ ജോലി നഷ്ടപ്പെടും. 453 പിരിച്ചുവിടലുകൾ 12,000 ജോലി വെട്ടിക്കുറയ്ക്കുന്നുണ്ടോ അല്ലെങ്കിൽ വീണ്ടും പിരിച്ചുവിടലുകൾ തുടർകഥയാകുമോ എന്നത് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. ആഗോളതലത്തിൽ എത്ര ജീവനക്കാരെ ബാധിച്ചുവെന്നോ കൂടുതൽ പിരിച്ചുവിടൽ ഉണ്ടാകുമോയെന്നോ ഒന്നും വ്യക്തമല്ല. ആൽഫബെറ്റ് സിഇഒ സുന്ദർ പിച്ചൈയുടെ ചില മെസ്സേജുകളും മെയിലിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് റിപ്പോർട്ടുകളുണ്ട്. കമ്പനിയെ പിരിച്ചുവിടുന്നതിലേക്ക് നയിച്ച തീരുമാനങ്ങളുടെ പൂർണ ഉത്തരവാദിത്തം ഏറ്റെടുക്കാൻ അദ്ദേഹം സമ്മതിച്ചു.
സാമ്പത്തിക മാന്ദ്യത്തിന്റെ പേരിൽ ടെക് കമ്പനികൾ ജോലിയിൽ നിന്ന് ജീവനക്കാരെ പിരിച്ചുവിടുന്നു. പിരിച്ചുവിടലിലേക്ക് നീങ്ങുന്ന ഒരു കമ്പനി ഗൂഗിൾ (Google) മാത്രമല്ല. 18,000 പേരെ പിരിച്ചുവിടാൻ ആമസോൺ പദ്ധതിയിടുന്നുണ്ട്. അതേസമയം Facebook മെറ്റാ 13,000 ജീവനക്കാരെ പിരിച്ചുവിട്ടു.
ടെക് കമ്പനികൾ തൊഴിലാളികളെ പിരിച്ചുവിടാൻ ആരംഭിച്ചതോടെ വലിയ ആശങ്കയാണ് ഉണ്ടായിരിക്കുന്നത്. സാമ്പത്തിക പ്രതിസന്ധിയിൽ നിന്ന് കമ്പനികളെ രക്ഷിക്കാൻ തൊഴിലാളികളെ പിരിച്ചുവിടുന്നത് (Employees layoff) പല കമ്പനികളും തുടരുകയാണ്. റിപ്പോര്‍ട്ട് അനുസരിച്ച് പുതുവർഷത്തിൽ ജനുവരിയിലെ ആദ്യ 15 ദിവസങ്ങളിൽ 24,000 ത്തിലധികം ആളുകള്‍ക്കാണ് ജോലി നഷ്ടപ്പെട്ടത്. 91 കമ്പനികളാണ് പിരിച്ചുവിടല്‍ തുടരുന്നത്. റിപ്പോര്‍ട്ട് അനുസരിച്ച് ഈ പിരിച്ചുവിടലുകൾ വരും ദിവസങ്ങളിൽ കൂടുതൽ വര്‍ദ്ധിക്കും എന്ന സൂചനയാണ് പുറത്തുവരുന്നത്. ഇതുവരെ ആമസോൺ, സെയിൽസ്ഫോഴ്സ്, കോയിൻബേസ് തുടങ്ങിയ കമ്പനികളില്‍ നിന്നായി 24,151 ടെക് ജീവനക്കാര്‍ക്ക് ജോലി നഷ്ടപ്പെട്ടു.
ജീവനക്കാരെ പിരിച്ചു വിടുന്ന കാര്യത്തില്‍ ഗൂഗിളും(Google) പിന്നിലല്ല. കഴിഞ്ഞ നവംബറില്‍ ഗൂഗിള്‍ 51,489 സാങ്കേതിക ജീവനക്കാരെയാണ് പിരിച്ചുവിട്ടത്. ഗൂഗിള്‍ ഈ നടപടി കൈകൊണ്ടാല്‍ 2023 ല്‍ 11,000-ത്തിലധികം ജീവനക്കാർക്ക് ജോലി നഷ്ടപ്പെടാം. ഗൂഗിൾ (Google) മാതൃകമ്പനിയായ ആൽഫബെറ്റില്‍ 12,000 പേരെ പിരിച്ചുവിടും.
ആമസോണി(Amazon)ല്‍ ഏകദേശം 2,300 ജീവനക്കാർക്കാണ് കഴിഞ്ഞ ദിവസം പിരിച്ചുവിടൽ നോട്ടീസ് കമ്പനി നൽകിയത്. യുണൈറ്റഡ് സ്റ്റേറ്റ്സ്, കാനഡ, കോസ്റ്റാറിക്ക എന്നിവിടങ്ങളിൽ നിന്നുള്ള ജീവനക്കാരെ പിരിച്ചുവിടാൻ ഒരുങ്ങുന്നതായി വാർത്താ ഏജൻസിയായ റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു. ഓൺലൈൻ വിൽപ്പനയുടെ വളർച്ച മന്ദഗതിയിലായതോടെ ചെലവ് ചുരുക്കൽ നടപടിയിലേക്ക് കടക്കുകയായിരുന്നു കമ്പനി. ആമസോണിലെ കൂടുതൽ ജീവനക്കാർക്ക് തൊഴിൽ നഷ്ടമാകുമെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ട്.