ലോകം ക്രിസ്മസ് ആഘോഷങ്ങളുടെ നിറവിലാണ്. ക്രിസ്മസ് (Christmas) കുറച്ചുകൂടി രസകരമാക്കാൻ ഗൂഗിളും തങ്ങളുടെ സാന്താ ക്ലോസിനെ എത്തിച്ചിരിക്കുകയാണ്. കുറച്ച് ഫണ്ണും കുറച്ച് ഗെയിമും ഒപ്പം അറിവും നൽകുന്ന തരത്തിലുള്ള ഗൂഗിളിന്റെ സാന്താ ട്രാക്കറിനെ (Santa Tracker) കമ്പനി തിരികെ കൊണ്ടുവന്നു. ലോകമെമ്പാടുമായി കുട്ടികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്യാൻ പോകുന്ന വെർച്വൽ സാന്തയുടെ ലൈവ് ലൊക്കേഷന്റെ ഒരു മാപ്പ് ഇപ്പോൾ ഗൂഗിളിന്റെ ഹോം പേജിൽ ലഭ്യമാണ്.
അതായത്, സാന്ത യാത്ര ചെയ്തതായി കാണിച്ചിരിക്കുന്ന സ്ഥലങ്ങളുടെ ലിസ്റ്റും മറ്റും നിങ്ങൾക്ക് കാണാനും അവയിൽ ചില സ്ഥലങ്ങളുടെ ഗൂഗിൾ മാപ്‌സ് വ്യൂ പരിശോധിക്കാനും സാധിക്കും. ഇങ്ങനെ നിങ്ങളുടെ കുട്ടികൾക്കും രസകരമായ ക്രിസ്മസ് അനുഭവം നൽകുന്നതിന് ഗൂഗിളിന്റെ സാന്തയെ എങ്ങനെ ഉപയോഗിക്കാമെന്ന് നോക്കാം.
ഗൂഗിളിന്റെ സാന്താ ട്രാക്കർ ഗെയിമിനായി നിങ്ങൾക്ക് മുകളിൽ ഇടത് കോണിലുള്ള ഹാംബർഗർ മെനുവിൽ ക്ലിക്ക് ചെയ്യാം. അല്ലെങ്കിൽ വിവിധ ഗെയിമുകളും പ്രവർത്തനങ്ങളും പരീക്ഷിക്കാൻ പേജ് താഴേക്ക് സ്ക്രോൾ ചെയ്യാം. ആകർഷകമായ നിറങ്ങളും മെറി ക്രിസ്മസ് സോങ്ങുകളും ഉൾക്കൊള്ളിച്ചാണ് ഇത് ഡിസൈൻ ചെയ്തിരിക്കുന്നത്.
ക്രിസ്മസിനെ കുറിച്ച് രസകരമായ രീതിയിൽ കുട്ടികളെ പഠിപ്പിക്കുക എന്ന പ്രധാന ലക്ഷ്യത്തോടെയാണ് ഇത് അവതരിപ്പിച്ചിരിക്കുന്നത്. ഗെയിമുകളിലൂടെയും ആക്ടിവിറ്റീസുകളിലൂടെയും വിവിധ സംസ്കാരങ്ങൾ ക്രിസ്മസ് എങ്ങനെ ആഘോഷിക്കുന്നുവെന്ന് കുട്ടികളും മനസ്സിലാക്കുന്നു.
എൽഫ് ജെറ്റ്‌പാക്ക്, സ്‌നോബോൾ സ്റ്റോം, പെൻഗ്വിൻ ഡാഷ് പോലുള്ള ചില ഗെയിമുകൾ മത്സരാധിഷ്ഠിതമാണ്. അതിനാൽ ഇവ കുട്ടികൾക്ക് മാത്രമല്ല പ്രായമായവർക്കും ആവേശകരമാകും. Google സാന്താ ട്രാക്കർ ഗെയിമുകൾ എങ്ങനെ കളിക്കാമെന്ന് ഇവിടെ വിവരിക്കുന്നു.