ദൂരെയാത്ര പോകുമ്പോഴും നാട്ടിലേയ്ക്ക് പോകുമ്പോഴുമെല്ലാം തങ്ങളുടെ ആരോമനയെ എങ്ങനെ കൊണ്ടുപോകുമെന്നത് ആശങ്കപ്പെടാറില്ലേ? കുടുംബമായാണ് യാത്രയെങ്കിൽ വീട്ടിൽ വളർത്തുന്ന പൂച്ചയെയും നായയെയുമെല്ലാം കൂടെ കൂട്ടുന്നതും പ്രയാസമായിരിക്കും. ബസ്, ട്രെയിൻ പോലുള്ള പൊതുഗതാഗത സംവിധാനങ്ങൾ ആരോമനകളെ ഒപ്പം ഉൾപ്പെടുത്തുന്നതിന് നീണ്ട നടപടിക്രമങ്ങളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.
എന്നാൽ IRCTCയുടെ പുതിയ തീരുമാനത്തിൽ ഇനിമുതൽ നിങ്ങളുടെ പ്രിയപ്പെട്ട വളർത്തുമൃഗങ്ങളെയും കൂടെ കൂട്ടാം. ഇതുവരെ വളർത്തുമൃഗങ്ങൾക്ക് ടിക്കറ്റ് ബുക്ക് ചെയ്യാൻ പ്രയാസമായിരുന്നെങ്കിൽ ഇന്ത്യൻ റെയിൽവേ ഇതിന് പരിഹാരം കൊണ്ടുവന്നിരിക്കുകയാണ്. അതായത്, വളർത്തുനായകൾക്കും പൂച്ചകൾക്കും ഓൺലൈൻ ടിക്കറ്റ് ബുക്കിങ്ങിനുള്ള സൗകര്യമാണ് റെയിൽവേ മന്ത്രാലയം അവതരിപ്പിച്ചിട്ടുള്ളത്. ഇതിലൂടെ ഇനി മുതൽ നീണ്ട ക്യൂവിൽ നിന്ന് ടിക്കറ്റ് എടുക്കേണ്ട ആവശ്യം ഇനിയില്ല.
ഇതുവരെ വളർത്തുമൃഗങ്ങൾക്കായി ഒന്നാം ക്ലാസ് AC ടിക്കറ്റുകളോ ക്യാബിനുകളോ കൂപ്പേകളോ ബുക്ക് ചെയ്യേണ്ടിയിരുന്നു. അതുപോലെ യാത്രാ ദിവസം പ്ലാറ്റ്‌ഫോമിലെ പാഴ്‌സൽ ബുക്കിംഗ് കൗണ്ടറുകളിലും പോയി ലഗേജായി അയക്കുന്നതിനും ക്യൂ നിൽക്കേണ്ട അവസ്ഥയുണ്ടായിരുന്നു. ഇത്തരം അസൗകര്യങ്ങളെല്ലാം ഒഴിവാക്കുന്നതിനാണ് IRCTC Online ticket booking ആരംഭിക്കാൻ തയ്യാറെടുക്കുന്നത്. ഇതിൽ AC 1 ക്ലാസ് ട്രെയിനുകളിൽ വളർത്തുമൃഗങ്ങൾക്കായി ഓൺലൈൻ ബുക്കിംഗ് സൗകര്യം ഉൾപ്പെടുത്താൻ റെയിൽവേ മന്ത്രാലയം നിർദ്ദേശിച്ചിട്ടുണ്ട്. ഏത് കൂപ്പേയിൽ ബുക്കിങ് നടത്താമെന്നുള്ളതിന്റെ അധികാരം TTEമാർക്ക് നൽകണമെന്നും മന്ത്രാലയം നിർദേശിച്ചു. ഇതിന്റെ ഭാഗമായി IRCTCയുടെ വെബ്സൈറ്റിലും ആവശ്യമായ മാറ്റങ്ങൾ വരുത്താൻ റെയിൽവേ ബോർഡ് CRISനോട് സർക്കാർ ആവശ്യപ്പെട്ടതായാണ് പറയുന്നത്.
മൊബൈലിലൂടെയോ കമ്പ്യൂട്ടറിലൂടെയോ ഓൺലൈൻ സംവിധാനം പ്രയോജനപ്പെടുത്താം. എന്നാൽ, യാത്രക്കാരുടെ ടിക്കറ്റ് കൻഫേം ആയാൽ മാത്രമേ ഇത് സാധ്യമാകൂ. ഇങ്ങനെ ടിക്കറ്റ് ലഭിച്ചുകഴിഞ്ഞാൽ എസ്എൽആർ കോച്ച് മൃഗങ്ങൾക്കായി അനുവദിക്കും.
എന്നാൽ യാത്രക്കാരന്റെ ടിക്കറ്റ് റദ്ദായാൽ മൃഗങ്ങളുടെ ടിക്കറ്റിന്റെ കാശ് തിരികെ ലഭിക്കുന്നതായിരിക്കില്ല. അതുപോലെ, ട്രെയിൻ റദ്ദാക്കുകയോ മൂന്ന് മണിക്കൂറിൽ കൂടുതൽ വൈകുകയോ ചെയ്താൽ, മൃഗങ്ങളുടെ ടിക്കറ്റ് ഫീസ് റീഫണ്ട് ചെയ്യുന്നതായിരിക്കില്ല. പക്ഷേ യാത്രക്കാരുടെ ടിക്കറ്റ് തിരികെ ലഭിക്കും.